നേരത്തെ ഉണ്ടായിരുന്നതിലുമധികമായി സിനിമകളിലും യഥാര്‍ഥ ജീവിത കാഴ്ചകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. സിനിമയുടെ കഥയിലും അവതരണത്തിലും പുതുമ കൊണ്ട് വരുന്നതിനൊപ്പം കഥാപാത്രങ്ങള്‍ക്കും വലിയ മാറ്റമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. ഇപ്പോൾ രണ്ട് സിനിമകളിലെ അമ്മ കഥാപാത്രങ്ങളെ കുറിച്ച് എഴുത്തുകാരന്‍ നജീബ് മുടാടി എഴുതിയ കുറിപ്പ് വൈറലാവുകയാണ്. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലെയും ‘ഹോം’ എന്ന ചിത്രത്തിലെയും അമ്മമാരെ ചൂണ്ടിക്കാണിച്ച് ഇന്നത്തെ തലമുറയുടെ അലസജീവിതമാണ് നജീബ് ചൂണ്ടിക്കാണിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം:
‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയില്‍ ലാലി അവതരിപ്പിച്ച അമ്മ കഥാപാത്രമുണ്ട്. പൊതുവെ നമ്മുടെ സിനിമകള്‍ കാണിച്ചു തരുന്ന അമ്മമാരില്‍ നിന്നും വ്യത്യസ്തയായ ഒരു കഥാപാത്രം. ആകെ താളം തെറ്റിയ വീടും ജീവിതവും ചിട്ടയിലാക്കാന്‍, ധ്യാനകേന്ദ്രത്തില്‍ കഴിയുന്ന അമ്മയെ തിരിച്ചു വിളിക്കാന്‍ വേണ്ടിയാണ് മക്കള്‍ പോകുന്നത്. സ്‌നേഹത്തോടെ മക്കളെ സ്വീകരിക്കുമ്പോഴും തിരിച്ചു വീട്ടിലേക്ക് വരില്ല എന്ന് അമ്മ വളരെ മയത്തില്‍ മക്കളോട് തീര്‍ത്തു പറയുകയാണ്. തനിക്ക് മാറി നില്‍ക്കാന്‍ പറ്റാത്തത്ര ജോലിത്തിരക്കുണ്ടെന്നും മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമെന്നും പറഞ്ഞു മക്കളെ തിരിച്ചയക്കുന്ന അമ്മ നമ്മുടെ സിനിമാ രീതികള്‍ വെച്ചായാലും ജീവിതം വെച്ചായാലും ബോബി പറയുംപോലെ എന്തൊരു കണ്ണില്‍ ചോരയില്ലാത്ത സാധനമാണെന്ന് പറഞ്ഞു പോകും.
അവര്‍ പ്രസവിച്ചതല്ലെങ്കിലും മൂത്ത മകന്‍ സജി അപ്പോള്‍ പറയുന്നുണ്ട്. ‘പ്രാകരുത്.. അവര്‍ നിന്നെക്കൊണ്ടൊക്കെ ചെറുപ്പത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്… ആവാഞ്ഞിട്ടാണ്.. അവര്‍ അടുത്തു വരുമ്പോള്‍ അമൃതാഞ്ജന്റെ മണമാണ്.. വേദന കൊണ്ടാണ്.. അവര്‍ക്ക് ആവാഞ്ഞിട്ടാണ്’. ‘ഹോം’ സിനിമയിലെ കുട്ടിയമ്മയും ഇതുപോലെ ഒരമ്മയാണ്. മുട്ടുവേദന കാരണം സ്റ്റെപ്പ് പോലും കയാറാനാവാതെ പ്രയാസപ്പെടുന്ന, എന്നാല്‍ മുകള്‍ നിലയില്‍ കിടക്കുന്നിടത്തെ ഫാന്‍ ഓഫാക്കാന്‍ പോലും താഴെയുള്ള അമ്മയെ വിളിക്കുന്ന ടീനേജുകാരനായ മകനുള്ള അമ്മ. സിനിമയില്‍ മുട്ടുവേദന കൊണ്ട് പ്രയാസപ്പെട്ടിട്ടും വീട്ടുജോലികള്‍ ചെയ്യാന്‍ ഓടിനടക്കുന്ന ആ അമ്മയും, മടിയനും അലസനുമായ ആ മകനും നമ്മെ ചിരിപ്പിച്ചെങ്കിലും. നമ്മുടെയൊക്കെ വീടുകളില്‍ ഇങ്ങനെ അമൃതാഞ്ജന്റെ മണമുള്ള ഒരുപാട് കുട്ടിയമ്മമാര്‍ ഉണ്ട് എന്നത് ഒട്ടും ചിരിയില്ലാത്ത സത്യമാണ്.
ആശുപത്രിയില്‍ പോയി നോക്കിയാല്‍ അറിയാം നാല്പതിനടുത്തു പ്രായമുള്ള എത്രയോ അമ്മമാര്‍ മുട്ടുവേദനയും നടുവേദനയും ശരീരവേദനയുമായി. രണ്ട് ദിവസം നിര്‍ബന്ധമായി അനങ്ങാതെ കിടന്ന് ബെഡ്‌റെസ്റ്റ് എടുത്തേ പറ്റൂ എന്ന ഡോക്ടറുടെ ശാസന പോലും ശ്രദ്ധിക്കാതെ, പെയിന്‍ കില്ലറുകളില്‍ വേദനയെ മറികടന്നു പിന്നെയും പേറിപ്പേറി..
പഠിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ജീവിതത്തിലെ ആകെയുള്ള കര്‍ത്തവ്യം എന്ന് കുട്ടികളും, അതിനൊരു തടസ്സവും ആകരുത് എന്ന് രക്ഷിതാക്കളും ഉറപ്പിച്ചു പോയ കാലത്ത് ഇങ്ങനെ ആവുന്നതില്‍ ആശ്ചര്യമില്ല. പഠിപ്പും അറിവും കൂടുമ്പോഴും സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പോലും പ്രാപ്തിയില്ലാത്ത, അലസരായ ഒരു തലമുറ കൂടിയാണ് വളര്‍ന്നു വളരുന്നത്. മൊബൈലില്‍ ലോകത്തിലെ സര്‍വ്വ സംഗതികളും അറിയുമെങ്കിലും അടുത്ത കടയില്‍ പോയി ഒരു സാധനം ശരിയായി വാങ്ങി വരാന്‍ പ്രാപ്തിയില്ലാത്ത, എന്തെങ്കിലും ഒരു പ്രശ്‌നം നേരിടാന്‍ കഴിയാത്ത മക്കളുണ്ട് എമ്പാടും.
രവീന്ദ്രനാഥ ടാഗോറിന്റെ ‘റായ്ചരന്‍’ എന്ന കഥയിലെ കുട്ടിയെ പോലെ താന്‍ പ്രഭുകുമാരന്‍ ആണെന്ന മട്ടിലാണ് പല കുട്ടികളും വളരുന്നത്. മാതാപിതാക്കള്‍ തങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരേണ്ട ഒപ്പം തങ്ങളുടെ പണികള്‍ കൂടി ചെയ്യേണ്ട വേലക്കാരും! മക്കളോട് സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കാന്‍ പോലും അറിയാത്ത, കര്‍ക്കശക്കാരായ തലമുറയില്‍ നിന്നും പുതിയ തലമുറയിലേക്ക് എത്തിയപ്പോള്‍ സ്‌നേഹവും വാത്സല്യവും കൂടി മക്കളോടുള്ള ഒരുതരം വിധേയത്വത്തിന്റെ മട്ടില്‍ എത്തിപ്പോയോ എന്ന് തോന്നും. പ്രയാസങ്ങളും കഷ്ടപ്പാടുകളും മക്കളെ അറിയിക്കാത്ത ഒരുപാട് രക്ഷിതാക്കളുണ്ട്. ശരിക്കും മക്കളോടും തങ്ങളോട് തന്നെയും ചെയ്യുന്ന ദ്രോഹമാണ്.
വീട്ടുജോലികള്‍ ചെയ്യുന്നതും കടയില്‍ പോകുന്നതും പറമ്പിലെ പണികളില്‍ സഹായിക്കുന്നതുമൊക്കെ പഠനം തന്നെയാണ്. പുസ്തകമില്ലാതെ ജീവിതത്തില്‍ എന്നെന്നേക്കും ഉപകരിക്കുന്ന പാഠങ്ങള്‍. ആ അനുഭവങ്ങളിലൂടെ ലഭിക്കുന്ന അറിവും കരുത്തും ചെറുതല്ല. ഒരു വെയിലിലും വാടിപ്പോകാതെ വളരും. ‘എള്ളിലെ കല്ല് നീക്കാതെ’ മടിയന്മാരും അലസന്മാരുമായി മക്കള്‍ വളരുമ്പോള്‍ ഓരോ വീടിനകത്തും അമൃതാഞ്ജന്‍ മണമുള്ള അമ്മമാര്‍ ഏറുകയാണ്. മക്കളുടെ പഠനത്തിന് കാവലിരുന്നു ഉറക്കമൊഴിച്ചും, മക്കള്‍ക്കായി നല്ലതൊരുക്കി ബാക്കി വരുന്നത് വല്ലതും വാരിവലിച്ചു തിന്നും ചിലപ്പോള്‍ വീണ്ടും ഉണ്ടാക്കാന്‍ മടിച്ചു പച്ചവെള്ളം കുടിച്ചു പട്ടിണി കിടന്നും…
ഒരുപാട് ദൂരെയൊന്നും പോകണ്ട. നമ്മുടെയൊക്കെ വീടകങ്ങളിലുണ്ട്… കണ്ടറിയാന്‍ മക്കള്‍ക്ക് കഴിയണം എന്നില്ല. അവരുടെ ഒരു കൈ സഹായം കൂടിയുണ്ടെങ്കില്‍ ഓരോ വീടകവും സ്വര്‍ഗ്ഗമാകും. വീടിനുപരിക്കാത്തവര്‍ എങ്ങനെയാണ്… ചെറുപ്പത്തിലേ താങ്ങാനാവാത്ത പണികളും മക്കളെ ചൊല്ലിയുള്ള പിരിമുറുക്കവും ആധിയും പേറി ശരീരവും മനസ്സും തകര്‍ന്നു രോഗികള്‍ ആയിത്തീരുകയാണ് പല അമ്മമാരും. ചീഞ്ഞു വളമാകേണ്ടവരല്ല ഒരമ്മയും. പഠപുസ്തകങ്ങളിലും വെബ്സീരീസുകളിലും ഇല്ലാത്ത ഇക്കാര്യങ്ങള്‍ ആരാണ് മക്കളോടൊന്നു പറഞ്ഞു കൊടുക്കുക.’
Post Your Comments