കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറ നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ മടിച്ചു നിൽക്കാതെ തന്നിൽ അർപ്പിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത നടനാണ് വിവേക് ഗോപൻ. ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ് തന്റെ രാഷ്ട്രീയമെന്നും ജയിച്ചാലും തോറ്റാലും ചവറയിലെ ജനങ്ങളുടെ കൂടെ ഉണ്ടാകുമെന്നും പറഞ്ഞായിരുന്നു വിവേകിന്റെ പ്രചാരണം. തിരഞ്ഞെടുപ്പ് പോരാട്ടം നൽകിയ അനുഭവങ്ങളും കലാമേഖലയിലെ അനാരോഗ്യകരമായ പ്രവണതകളെക്കുറിച്ചും വിവേക് ഗോപൻ മനസ്സ് തുറക്കുകയാണ് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ.
വിവേകിന്റെ വാക്കുകൾ :
‘എന്നെ ഒരു നടൻ, സെലിബ്രിറ്റി എന്നീ നിലകളിലാണ് ജനങ്ങൾ ഇതുവരെ കണ്ടത്. അതിൽ നിന്നു വ്യത്യസ്തമായി അവരിലേക്ക് ഇറങ്ങിച്ചെല്ലാൻ ലഭിച്ച അവസരമായിരുന്നു തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം. അവരുടെ അടുത്തു നിന്ന് സംസാരിക്കാനും പ്രശ്നങ്ങൾ അറിയാനും സാധിച്ചു. സന്തോഷത്തിലും ദുഃഖത്തിലും അവർക്കൊപ്പം നിൽക്കാൻ സാധിക്കുന്നത് ഒരു ഭാഗ്യവും അനുഗ്രഹവുമാണ്. നമ്മളെ പുതിയൊരു മനുഷ്യനാക്കി മാറ്റാൻ, ഒരുപാട് തിരിച്ചറിവുകൾ നൽകാൻ അതിന് സാധിക്കും. പാർട്ടികൾ ജനങ്ങൾക്കും രാഷ്ട്രീയം നാടിനും വേണ്ടിയുള്ളതാകണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ജയിച്ചു പോകുന്ന പല സ്ഥാനാർഥികളും ആ മണ്ഡലത്തിലേക്ക് പിന്നെ തിരിഞ്ഞു നോക്കാറില്ല. ഇന്നും ജനങ്ങൾക്കു വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കാൻ സാധിച്ചിട്ടില്ല. വോട്ട് കിട്ടാൻ പറയുന്നതൊക്കെ പിന്നീട് മറക്കും. ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും കണ്ടറിഞ്ഞ് അവരിലേക്ക് ഇങ്ങിച്ചെല്ലുന്നവരാണ് എന്റെ സങ്കൽപത്തിലെ യഥാർഥ രാഷ്ട്രീയക്കാർ.
സിനിമയെ വർഗീയവത്കരിക്കുന്നത് വേദനിപ്പിക്കുന്നു. ഈ വിവാദങ്ങളെല്ലാം അനാവശ്യമാണ്. കലയിലേക്ക് ജാതിയും മതവും രാഷ്ട്രീയവും കുത്തിക്കയറ്റുന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ്. നായകന്റെ വേഷം, വില്ലന്റെ വേഷം, ആംബുലൻസ് ആരുടെ എന്നൊക്കെ നോക്കി സിനിമക്കെതിരെ പ്രചാരണം നടത്തുന്നു. ഇതൊന്നും കേരളത്തിൽ കേട്ടുകേൾവി പേലുമില്ലാത്ത സംഭവങ്ങളായിരുന്നു. കല ആസ്വദിക്കാനുള്ളതാണ്. അതിന്റെ പേരിൽ തമ്മിൽ തല്ലുന്ന അവസ്ഥ ഉണ്ടാക്കരുത്. എത്രയോ പേരുടെ വരുമാന മാർഗമാണ് ഓരോ സിനിമയും. എത്ര കഷ്ടപ്പെട്ടാണ് ഒരു സിനിമ നിർമിക്കുന്നത്. അതിനെ ഇല്ലാതാക്കരുതെന്ന അപേക്ഷ മാത്രമേ എനിക്കുള്ളൂ. വിവാദമാക്കുന്നവരുടെ ലോജിക് ഉപയോഗിക്കുകയാണെങ്കിൽ ഇനി ഒരു സിനിമയും നിർമിക്കാനാവില്ല. മേപ്പടിയാന്‍ വിവാദത്തിനു പിന്നിലുള്ള ചിലർ രാഷ്ട്രീയക്കാരാണ് എന്നത് കൂടുതൽ ഭയപ്പെടുത്തുന്നു. സാങ്കേതികമായ ലോകം പുരോഗമിക്കുന്നു. എന്നിട്ടും മനുഷ്യര്‍ പിന്നിലേക്കാണ് നടക്കുന്നതെന്ന് തോന്നുന്നു. എന്തൊരു അവസ്ഥയാണിത്.’
Post Your Comments