InterviewsLatest NewsNEWS

സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചത് ആ സിനിമയോടെ : വിനീത് ശ്രീനിവാസൻ

ഗായകൻ, അഭിനേതാവ്, സംവിധായകൻ തുടങ്ങി സിനിമയിൽ കൈവച്ച എല്ലാ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് വിനീത് ശ്രീനിവാസൻ. ഗായകനായി സിനിമമേഖലയിലേക്കെത്തിയ വിനീത് 2009 ല്‍ ജോണി ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സൈക്കിള്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് കടക്കുന്നത്. പിന്നീട് ട്രാഫിക്ക്, ചാപ്പാ കുരിശ്, ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പോലെയുള്ള ചിത്രങ്ങിലൂടെ താനൊരു മികച്ച അഭിനേതാവാണെന്ന് കൂടി വിനീത് തെളിയിച്ചു. ഇതിനിടക്ക് 2010 ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ആദ്യ ചിത്രത്തിലൂടെ സംവിധാനരംഗത്തും വിനീത് പ്രവേശിച്ചു.

സംവിധാനത്തിനിടക്കുള്ള അഭിനയം ബുദ്ധിമുട്ടുള്ളതാണെന്ന് പറയുകയാണ് വിനീത് മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ അഭിനയിച്ചപ്പോഴാണ് ഇത് മനസിലായതെന്നും അന്ന് തീരുമാനിച്ചതാണ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇനി അഭിനയിക്കില്ലെന്നും എന്നാണ് വിനീത് പറയുന്നത്.

വിനീതിന്റെ വാക്കുകൾ :

‘ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ രണ്ടുദിവസം അഭിനയിച്ചപ്പോഴാണ് മനസ്സിലാക്കിയത്. ഞാന്‍ കൂടി അഭിനയിക്കുമ്പോള്‍ ഷൂട്ടിന്റെ വേഗം കുറയും. ഞാന്‍ ക്യാമറയുടെ പിറകില്‍ നില്‍ക്കുമ്പോള്‍ എന്റെ സ്പീഡാണ് മൊത്തം ക്രൂവിന് ലഭിക്കുന്നത്.

മറിച്ച്, ഞാനഭിനയിക്കുന്ന സമയത്ത് ഓരോ ഷോട്ട് കഴിയുമ്പോഴും ഓടി വന്ന് മോണിറ്ററില്‍ എന്റെ അഭിനയം എങ്ങനെയുണ്ടെന്ന് നോക്കുക, ഒന്നിച്ച് അഭിനയിക്കുന്ന നിവിന്റെ അഭിനയം എങ്ങനെയുണ്ടെന്ന് നോക്കുക, അതുപോലെ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കൂടെ അഭിനയിക്കുന്ന ആളുടെ പെര്‍ഫോമന്‍സ് ഒരു സംവിധായകന്റെ കണ്ണിലൂടെ ഞാന്‍ ശ്രദ്ധിക്കും. ഇതെല്ലാം പ്രശ്നമാണ്. അന്ന് തീരുമാനിച്ചതാണ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന്’- വിനീത് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button