വലിയ പ്രേക്ഷക-നിരൂപക പ്രശംസ നേടിയി വേഷങ്ങളായിരുന്നു ‘ആര്‍ക്കറിയാം’ എന്ന ചിത്രത്തിലെ ബിജു മേനോനും ഷറഫുദ്ദീനും അവതരിപ്പിച്ച കഥാപാത്രങ്ങൾ. ബിജു മേനോനും ഷറഫുദ്ദീനും പാര്‍വതിയും ഒന്നിച്ച സിനിമ കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
ഇപ്പോൾ സിനിമയിലെ ഷറഫുദ്ദീന് അവതരിപ്പിച്ച റോയിയുടെ വേഷത്തില്‍ തന്നെയായിരുന്നു ആദ്യം തെരഞ്ഞെടുത്തിരുന്നത് എന്ന് വെളിപ്പെടുത്തുകയാണ് നടൻ സൈജു കുറുപ്പ് . മേപ്പടിയാന് എന്ന സിനിമയുടെ ഡേറ്റുമായി ക്ലാഷ് വന്നതു കൊണ്ടാണ് ആര്‍ക്കറിയാം സിനിമയുടെ ഭാഗമാകാന്‍ സാധിക്കാതിരുന്നതെന്നും, മേപ്പടിയാന് ചിത്രീകരണ തിരക്ക് കാരണം നിഴല്‍, ജിബൂട്ടി എന്ന സിനിമകളിലും അഭിനയിക്കാന്‍ സാധിച്ചില്ലെന്നും സൈജു കുറുപ്പ് പറഞ്ഞു.
സൈജു കുറുപ്പിന്റെ വാക്കുകള്‍:
‘ആര്‍ക്കറിയാം’ എന്ന ചിത്രത്തില്‍ ഷറഫ് ചെയ്ത കഥാപാത്രമാണ് ആദ്യം എന്നോട് ചെയ്യാന്‍ പറഞ്ഞത്. പക്ഷേ മേപ്പടിയാന്റെ ഡേറ്റുമായി ക്ലാഷ് വന്നു. ആ കഥാപാത്രം ചെയ്യാന്‍ ഒരു 30 ദിവസം വേണമായിരുന്നു. സാനു ചേട്ടന് (സാനു വര്‍ഗീസ്) എഴുതി സംവിധാനം ചെയ്ത ചിത്രമാണ്. എനിക്ക് ആ കഥാപാത്രം ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷെ ഒരേ സമയത്ത് രണ്ടു സിനിമയില്‍ അഭിനയിക്കാന്‍ പറ്റില്ലല്ലോ. അതിനുശേഷം സാനു ചേട്ടന് പറഞ്ഞു നീ എന്നാല്‍ സുഹൃത്തിന്റെ കഥാപാത്രം ചെയ്യൂ, അതിനു ഡേറ്റ് കുറച്ചു മതിയെന്ന്. അങ്ങനെയാണ് ആ കഥാപാത്രം ചെയ്തത്.
നിഴല്‍ എന്ന സിനിമയിലും ഡോക്ടര്‍ റോണി ചെയ്ത കഥാപാത്രമാണ് ഞാന്‍ ചെയ്യാന്‍ ഇരുന്നത്. പിന്നെ അതിനും ഈ പ്രശ്നം വന്നു. അതുകൊണ്ട് വളരെ കുറച്ചു ദിവസങ്ങള്‍ മാത്രം വേണ്ടിവരുന്ന മറ്റൊരു കഥാപാത്രമാണ് ചെയ്തത്. ജിബൂട്ടി എന്ന സിനിമ എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല അങ്ങനെ ചില സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നു. ചില സിനിമകളിലെ കഥാപാത്രങ്ങള്‍ മാറ്റി ചെയ്യേണ്ടിവന്നു. മേപ്പടിയാന്റെ കഥാപാത്രം എനിക്കത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു.
Post Your Comments