ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘സുഖം സുഖകരം’ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് വന്ന താരമാണ് റിയാസ് ഖാന്. പിന്നീട് മോഹൻലാൽ നായകനായ ‘ബാലേട്ടൻ’ എന്ന ചിത്രത്തിൽ പ്രതിനായക വേഷം അവതരിപ്പിച്ചു. ആമിർ ഖാൻ നായകനായ ഗജനി എന്ന ഹിന്ദി ചിത്രത്തിലും റിയാസ് ഖാൻ അഭിനയിക്കുകയുണ്ടായി. വില്ലൻ കഥാപാത്രങ്ങളാണ് പ്രധാനമായും ഇദ്ദേഹം കൈകാര്യം ചെയ്യാറുള്ളത്.
സണ്‍ ടിവിയിലെ നന്ദിനി എന്ന സീരിയലിലൂടെ മിനിസ്ക്രീനിലും താരം സജീവമാണ്. ഒരു ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെയാണ് സീരിയലില്‍ താരം അവതരിപ്പിച്ചത്. ആ സീരിയലില്‍ ചിത്രീകരണത്തിനിടയ്ക്ക് ഒരു ട്രാന്‍സ് താരമായ കത്രീനയ്ക്ക് സംവിധായകന്റെ ഭാഗത്ത് നിന്നും ക്രൂരമായ അനുഭവം നേരിടേണ്ടി വരികയും തുടര്‍ന്ന് അവർ സീരിയലില്‍ നിന്ന് പിന്മാറുകയും ചെയ്തു. സംവിധായകന്റെ പേര് എടുത്തു പറയാതെ താൻ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് കത്രീന പറഞ്ഞതോടെ സംഭവത്തില്‍ റിയാസ് ഖാന് മാപ്പ് പറഞ്ഞിരിക്കുകയാണ്. ഇന്ത്യഗ്ലിഡ്സ് തമിഴിന് നല്കിയ അഭിമുഖത്തിനിടെയാണ് ഈ സംഭവം.
കത്രീനയുടെ വാക്കുകൾ:
‘നിങ്ങള്‍ കൂടെ സെറ്റില്‍ ഉള്ള സമയത്താണ്, സംവിധായകന് മൈക്കിലൂടെ എന്റെ ശരീരത്തെ കുറിച്ച് ചോദിച്ചത്. സത്യത്തില്‍ അത് തന്നെയാണോ അദ്ദേഹം ചോദിച്ചത് എന്ന് എനിക്ക് സംശയമായി. മറ്റെന്തോ ആയിരിയ്ക്കും എന്ന് കരുതി ഞാന്‍ വിട്ടു. പക്ഷെ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ ഒന്നും പറഞ്ഞില്ല. പക്ഷെ അന്ന് ഞാന്‍ മുറിയില്‍ പോയി ഒരുപാട് കരഞ്ഞു.
അടുത്ത ദിവസം വന്നപ്പോഴും അതുപോലെയുള്ള ചോദ്യം ആവര്‍ത്തിച്ചു. അതൊക്കെ സഹിച്ചായിരുന്നു അവിടെ നിന്നത്. നല്ലൊരു അഭിനേത്രി ആവാം, കുറച്ച് സഹിച്ചാല്‍ മതി എന്ന് കരുതി. നല്ലൊരു ഭാവി മാത്രമായിരുന്നു മുന്നില്‍. ഒരു പെണ്ണിനോട് ഒരിക്കലും ഇങ്ങനെ ചോദിക്കാന്‍ അവര്‍ ധൈര്യപ്പെടില്ല. ഞങ്ങള്‍ക്ക് എവിടെ പോയാലും ഇത് തന്നെയാണ് അവസ്ഥ.
ഒരു ദിവസം ഞങ്ങള്‍ വസ്ത്രം മാറിക്കൊണ്ട് നില്‍ക്കുകയായിരുന്നു. നിര്‍ത്താതെ വാതില്‍ മുട്ടാന്‍ തുടങ്ങി. ഡ്രസ്സ് മാറുകയാണ് എന്ന് പറഞ്ഞിട്ടൊന്നും കേള്‍ക്കുന്നില്ല. അറിയാവുന്ന ആരെങ്കിലും ആയിരിക്കുമോ എന്ന് അറിയാന്‍ ലോക്ക് നീക്കി പുറത്തേക്ക് നോക്കുമ്പോഴേക്കും അയാള്‍ അകത്തേക്ക് തള്ളിക്കയറി മോശമായി പെരുമാറി’- എന്നാണ് കത്രീന പറഞ്ഞത്.
എന്നാല്‍ ഇത് കേട്ട റിയാസ് ഖാന് ഈ സംഭവം താന്‍ അറിഞ്ഞില്ല എന്ന് പറഞ്ഞ് കൊണ്ട് ആ സെറ്റിലെ എല്ലാവര്ക്കും വേണ്ടി മാപ്പ് പറയുകയായിരുന്നു. ‘ഞാനും ആ സീരിയലില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ എല്ലാവര്ക്കും വേണ്ടി മാപ്പ് പറയുന്നു’ എന്ന് കത്രീനയെ ചേര്‍ത്ത് പിടിച്ച് കൊണ്ട് നടന് പറഞ്ഞു.
Post Your Comments