അരനൂറ്റാണ്ടിലേറെക്കാലം മലയാള സിനിമാചരിത്രത്തോടൊപ്പം നടന്ന അനുഭവ സമ്പത്തുണ്ട് ശ്രീ കല്ലിയൂർ ശശിയുടെ വ്യക്തിത്വത്തിന്. 1971 ൽ പ്രീഡിഗ്രിക്കു ശേഷം പതിനൊന്നു രൂപാ ടിക്കറ്റിൽ കരിവണ്ടിയിൽ കയറി മദിരാശിലെത്തുന്നതു മുതൽ തുടങ്ങുന്നു അദ്ദേഹത്തിെന്റ ചലച്ചിത്ര ബന്ധങ്ങൾ. ജോലിയുടെ ഭാഗമായി അച്ഛൻ പി ചന്ദ്രശേഖരപിള്ള അന്ന് അവിടെയുണ്ടായിരുന്നു. ആദ്യ ഗുരുനാഥനും അദ്ദേഹം തന്നെ.
ആ വർഷം അവസാനം ഷൂട്ടിംഗ് ആരംഭിച്ച ‘ദിക്കു തെരിയാത കാട്ടിൽ’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമ എന്ന മാസ്മര ലോകത്തേക്കു കയറ്റി വിട്ടു. അന്നു മുതൽ ഇന്നുവരെ സിനിമ തന്നെയാണ് ജീവശ്വാസം. എളിയ നിലയിൽ നിന്നു തുടങ്ങി ക്രമേണ ഉയരങ്ങളിലേക്കു നടന്നു കയറുകയായിരുന്നു.
മൾട്ടിപ്ലക്സ് തിയേറ്റർ (സഫയർ കോംപ്ലക്സ്) ൽ ടിക്കറ്റ് ബുക്കിഗ് ക്ലർക്കായി തുടങ്ങി അസിസ്റ്റന്റ് പ്രൊഡക്ഷൻ മാനേജർ, പ്രൊഡക്ഷൻ മാനേജർ, എക്സിക്യൂട്ടീവ്, കൺട്രോളർ, പ്രോജക്റ്റ് ഡിസൈനർ എന്നീ നിലകളിൽ നൂറിലേറെ ചിത്രങ്ങളുടെ ചാലക ശക്തിയായി പ്രവർത്തിച്ചു.
ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പിന്നീട് പത്തോളം ചലച്ചിത്രങ്ങളുടെ നിർമ്മാതാവായി. നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, കിലുകിൽ പമ്പരം, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, മലയാളി മാമന് വണക്കം തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്. കൂടാതെ ചെറുതെങ്കിലും ചില വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. സിനിമാ സംഘടനകളുടെ ശക്തനായ പ്രർത്തകൻ, മികച്ച സംഘാടകൻ എന്നീ നിലകളിലും കല്ലിയൂർ ശശിയുടെ സേവനങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.
സിനിമയുടെ ബ്ലാക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽ മാറി മാറി വന്ന സാങ്കേതിക വളർച്ചയ്ക്കൊപ്പം പ്രവർത്തിച്ചതിന്റെ ചാരിതാർത്ഥ്യം വളരെ വലുതാണ്. പ്രേംനസീർ, മധു, കൊട്ടാരക്കര, തിക്കുറിശ്ശി, ഷീല, ശാരദ, ജയഭാരതി തുടങ്ങിയ നടീനടന്മാരുടെ പ്രതാപകാലമായിരുന്നു അത്. അതിപ്രഗത്ഭരായ വിൻസന്റ് മാസ്റ്റർ അടക്കമുള്ള സംവിധായകർ, സാങ്കേതിക വിദഗ്ദ്ധർ, ഒരു സ്‌കൂളിന്റെ അച്ചടക്കത്തോടെ പ്രവർത്തിച്ചിരുന്ന നിർമ്മാണക്കമ്പനികൾ, നിർമ്മാതാക്കൾ എന്നിവരോടൊപ്പമുള്ള അനുഭവങ്ങൾ വിലപ്പെട്ട നിധിയാണെന്ന് ശ്രീ കല്ലിയൂർ പറയുന്നു.
പ്രതിഭാധനന്മാരായി കത്തിനിന്ന് ജ്വലിച്ചവരുടെ അരങ്ങൊഴിയലിനും, പുതുതായി വന്നവർ ക്രമേണ പ്രശസ്തിയുടെ കൊടുമുടിയിലേക്കുയരുന്നതിനും, പ്രതീക്ഷകളോടെ വന്ന് ഒന്നുമാകാതെ പോയവരുടെ ദുരന്തങ്ങൾക്കും ഒക്കെ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. മറക്കാനാവാത്ത ഓർമ്മകളുടെ ഭണ്ഡാരം തന്നെയുണ്ട് മനസ്സിൽ. തനിക്കഭയം നൽകി കൈ പിടിച്ചുയർത്തിയവർ, നെഞ്ചോടു ചേർത്തു സ്നേഹിച്ചവർ, ജീവിതാവസാനം വരെ ഓർമ്മിക്കുന്ന യശശ്ശരീരരായ കുറച്ചു പുണ്യാത്മാക്കൾ, ഇതെല്ലാം ചേർന്നതാണ് ഇദ്ദേഹത്തിെന്റ സിനിമാ അനുഭവങ്ങൾ. ദുരനുഭവങ്ങളും ധാരാളമുണ്ട്. അതൊന്നും മനസ്സിൽ സൂക്ഷിക്കാറില്ല എന്നു മാത്രം!
വാസു അണ്ണൻ എന്ന വാസുദേവൻ നായർ (ശോഭനാ പരമേശ്വരൻ നായരുടെ സഹോദരൻ), ശിവാജി ഗണേശന്റെ ഉടമസ്ഥതയിലുള്ള ശിവാജി ഫിലിംസ് ജനറൽ മനേജർ പി എൻ പിള്ള, നിർമ്മാണ നിർവ്വഹണ രംഗത്തെ എന്റെ ഗുരുനാഥൻ മണി അന്തിക്കാട്, നിർമ്മാതാക്കളായ എസ് പാവമണി (ഷീബാ ഫിലിംസ്), സി വി ഹരിഹരൻ (സുഗുണാ സ്ക്രീൻ), അങ്ങനെയുള്ള നിരവധി മഹാന്മാരുമായുള്ള ബന്ധങ്ങളും കടപ്പാടുകളും ഇന്നും മനസ്സിൽ പച്ചപിടിച്ചു നില്ക്കുന്നു. തുടക്കം മുതൽ ഇപ്പോഴുമുള്ള പ്രിയ സ്നേഹിതൻ ജി മുരളി (എഡിറ്റർ), കൂടാതെ മറ്റെല്ലാത്തിലുമുപരി തുടക്കം മുതൽ അന്നും എന്നും ഇന്നും പരസ്പരം ചേർത്ത് പിടിക്കുന്ന എന്റെ ആത്മസുഹൃത്ത് ചന്ദ്രൻ പനങ്ങോട്, അങ്ങനെ നിരവധി പേരുണ്ട്.
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത രണ്ട് അനുഭവങ്ങൾ ഇന്നും കണ്ണു നിറയ്ക്കുന്നു എന്ന് കല്ലിയൂർ ശശി പറയുന്നു. ഒന്ന് – പ്രേംനസീറിന്റെ വേർപാട്. രണ്ട് – കരുത്തിന്റെ പ്രതീകമായി, യുവത്വത്തിന്റെ ഹരമായിരുന്ന ശ്രീ ജയന്റെ ദാരുണമായ അന്ത്യം തന്റെ കൈകളിൽ കിടന്നായിരുന്നു എന്നതും.
സംഭവ ബഹുലമായ സിനിമാ ജീവിതം 50 കൊല്ലം പിന്നിട്ട് ഇന്നും സജീവമായി മുന്നോട്ടു കൊണ്ടു പോകുന്നു. സിനിമയിൽ നിന്ന് അന്യമായി ഒരു ജീവിതമില്ല. പുതിയ തലമുറയിലെ നിർമ്മാതാക്കൾക്ക് തന്റെ വിപുലമായ അനുഭവങ്ങളിൽ നിന്ന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ടും നവ മാദ്ധ്യമങ്ങളുടെ മാറുന്ന സാഹചര്യങ്ങൾക്കു തോൾ ചേർന്നും ഇനിയും മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുകയാണ് വിവിധ മേഖലകളിലുമുള്ള കല്ലിയൂർ ശശിയുടെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും.
Leave a Comment