കോവിഡ് പ്രതിസന്ധികൾക്കിടയിലും ജനുവരി 21 നു തന്നെ എല്ലാ ആശങ്കകളും മാറ്റി പ്രണവ് മോഹൻലാൽ – വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ ‘ഹൃദയം’ തിയറ്ററിലെത്തുകയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഹൃദയത്തെ വിനീത് സ്വപ്നം കണ്ടതുപോലെ ജീവസ്സുറ്റതാക്കി മാറ്റിയത് വിനീതിന്റെ പ്രിയപ്പെട്ട എഡിറ്റർ രഞ്ജൻ എബ്രഹാം ആണ്. ഒരു മറവത്തൂർ കനവ് മുതൽ നൂറിലധികം ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച രഞ്ജൻ എബ്രഹാം സിഐഡി മൂസ എന്ന ഹിറ്റ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചതിന് സംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. വിനീത് വിശ്വസിച്ചേൽപ്പിച്ച ‘ഹൃദയ’ത്തെ തനിമ നഷ്ടപ്പെടുത്താതെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിച്ച വിശേഷങ്ങളുമായി എത്തുകയാണ് രഞ്ജൻ എബ്രഹാം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ.
രഞ്ജൻ എബ്രഹാമിന്റെ വാക്കുകൾ :
‘ഹൃദയം’ എനിക്കു വളരെ പ്രധാനപ്പെട്ട ഒരു പടമായിരുന്നു. ശരിക്കും ഹൃദയത്തോടു ചേർത്തു നിർത്തി തന്നെയാണ് അതിന്റെ ഓരോ വർക്കും ചെയ്തിട്ടുണ്ടായിരുന്നത്. ഹൃദയത്തിൽ കത്രിക വയ്ക്കാൻ ചെറിയ ബുദ്ധിമുട്ടൊക്കെ ഉണ്ടായിരുന്നു. ശരിക്കും ലോക്‌ഡൗൺ കാലം ബോറടിച്ചില്ലെന്നു മാത്രമല്ല, ഹൃദയത്തിന്റെ എഡിറ്റുമായി തിരക്കിൽ തന്നെ ആയിരുന്നു. ഈ രണ്ടു വർഷവും ശരിക്കും ആസ്വദിച്ച് ചെയ്ത വർക്ക് തന്നെയായിരുന്നു ഹൃദയം. വിനീതിന്റെ കൂടെ വർക്ക് ചെയ്യുമ്പോഴുള്ള എനർജി അതു വലുതു തന്നെയാണ്. വിനീതിന്റെ ഏതു വർക്ക് ചെയ്യുമ്പോഴും ‘ചേട്ടൻ ചെയ്തിട്ട് സാറ്റിസ്ഫൈഡ് ആയിട്ട് എന്നെ വിളിച്ചാൽ മതി’ എന്ന് എപ്പോഴും പറയാറുണ്ട്.
പടം തുടങ്ങുന്നതിനു മുൻപേ വിനീത് എന്നോടു പറഞ്ഞിരുന്നത് ഈ പടം ഒരു മൂന്നു മണിക്കൂറിൽ നിർത്തുക എന്നതാണ്. ഞാൻ അന്നേരം പറഞ്ഞു, ‘മൂന്നു മണിക്കൂറുള്ള പടമൊന്നും ഇന്നത്തെക്കാലത്ത് റിലീസ് ചെയ്യാൻ പറ്റില്ല, രണ്ടര മണിക്കൂറിൽ നമുക്ക് നിർത്തണം’. പക്ഷേ വിനീത് എടുത്തു വച്ച മനോഹരമായ സീനുകൾ എഡിറ്റ് ചെയ്തു കളയാൻ വിഷമമായിരുന്നു. ഇഷ്ടപ്പെട്ട സീനുകൾ ഒന്നും കളഞ്ഞിട്ടില്ല, അല്ലാതെയുള്ള ട്രിമ്മിങ്ങാണ് നടത്തിയത്. ഓരോ സീനും ഓരോ ഷോട്ടും ഈ കഥ പറയാൻ എത്ര മാത്രം നമുക്ക് ആവശ്യമുണ്ട് ആ രീതിയിൽ കട്ട് ചെയ്തു. പിന്നെ ഓരോ സീനിന്റെയും ഫീൽ നഷ്ടപ്പെടരുത് എന്നൊരു നിർബന്ധമൂണ്ടായിരുന്നു.
ഞാനൊരു സാധാരണക്കാരനാണ് അപ്പോൾ ഒരു സാധാരണക്കാരന്റെ മനസ്സാണ് എനിക്കുണ്ടാവുക. ഒരു പ്രേക്ഷകന്റെ ആംഗിളിൽ നിന്നാണ് ഞാൻ ഓരോ പടവും വർക് ചെയ്യുന്നത്. എന്തായാലും പ്രേക്ഷകൻ ഒരിക്കലും സ്ക്രീനിൽ നിന്ന് കണ്ണു മാറ്റരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ട്. ആ ഒരു രീതിയാണ് എപ്പോളും ഫോളോ ചെയ്യാറ്. പിന്നെ ഓരോ സീനിനും ഓരോ ഫീലുണ്ടാവും അത് മാക്സിമം ഉൾക്കൊള്ളാൻ സാധിക്കണം. സംഗീതവും എഫക്ടും ഇല്ലെങ്കിൽ പോലും സിനിമ ബോർ അടിക്കരുത്, പിന്നെ അതിന്റെ കൂടെ മ്യൂസികും എഫെക്ട്സും ഒക്കെ വരുമ്പോൾ കൂടുതൽ നന്നാകും എന്നെനിക്ക് ഉറപ്പുണ്ട്.’
Post Your Comments