InterviewsLatest NewsNEWS

ഈ മൂന്ന് വർഷവും വിനീതേട്ടന്റെ ‘ഹൃദയം’ ഞങ്ങളുടെയുള്ളിലിരുന്നു മിടിച്ചു കൊണ്ടിരുന്നു : ഷാഫി ചെമ്മാട്

ഈ മൂന്ന് വർഷവും വിനീതേട്ടന്റെ ‘ഹൃദയം’ തങ്ങളുടെ ഉള്ളിലിരുന്നു മിടിച്ചു കൊണ്ടിരുന്നുവെന്നും തങ്ങൾ ഇത്രനാളും സൂക്ഷിച്ച ഹൃദയം പ്രേക്ഷകർ രണ്ടുകയ്യും നീട്ടി സ്വീകരിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും വിനീത് ശ്രീനിവാസന്റെ സന്തത സഹചാരിയും സുഹൃത്തും സിനിമയുടെ പിആർഓയുമായ ഷാഫി ചെമ്മാട്. ഹൃദയം പ്രേക്ഷകർ സ്വീകരിച്ചതിന്റെ സന്തോഷത്തിൽ ഹൃദയത്തിന്റെ അണിയറപ്രവർത്തകർ ഷാഫിയുടെ വീട്ടിൽ ഒത്തുകൂടിയതിന്റെ സന്തോഷം പങ്കിടുന്ന ഷാഫി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ. ഏറെക്കാലമായി കാത്തിരുന്ന് ഹൃദയം തിയറ്ററിൽ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഷാഫി ചെമ്മാട്.

ഷാഫി ചെമ്മാടിന്റെ വാക്കുകളിലേക്ക്:

‘അത് പ്രത്യേകിച്ച് തയാറെടുപ്പൊന്നുമില്ലാതെയുള്ള ഒത്തുചേരലായിരുന്നു. എല്ലാവരും കൊച്ചിയിലുള്ളപ്പോൾ എന്റെ കലൂരുള്ള വീട്ടിൽ ആണ് കൂടാറുള്ളത്. പ്രണവ്, വിനീത് തുടങ്ങി എല്ലാവരും അന്ന് കൊച്ചിയിൽ ഉണ്ടായിരുന്നു. അവർ തിരിച്ചുപോകുന്നതിനു മുൻപ് കൊച്ചിയിൽ അന്നേദിവസം ഉള്ള എല്ലാവരും കൂടി എന്റെ വീട്ടിൽ ഒത്തുകൂടാം എന്ന് കരുതി. ഹിഷാം, വിനീതേട്ടൻ, പ്രണവ്, അശ്വത്‌ലാൽ, കലേഷ്, ജോജോ ജോസ്, വിജയകൃഷ്ണൻ, അരവിന്ദ് തുടങ്ങി അസ്സോസിയേറ്റ് അസിസ്റ്റന്റ് ഡയറക്ടർമാർ വരെ ഉണ്ടായിരുന്നു.സിനിമ വിജയിച്ചതിന്റെ സന്തോഷം പങ്കുവച്ച് ഞങ്ങൾ പിരിഞ്ഞു.

ഹൃദയം പ്രേക്ഷകർ സ്വീകരിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഇന്നലെ ഞങ്ങളെ കൊടുങ്ങല്ലൂരുള്ള ഒരു തിയറ്ററിൽ ക്ഷണിച്ചിരുന്നു. അവിടെ വളരെ നല്ല സ്വീകരണമായിരുന്നു ഞങ്ങൾക്ക് ലഭിച്ചത്. ഷോ ഹൗസ് ഫുൾ ആയിരുന്നു. നമ്മുടെ പിള്ളേരെ ആളുകൾ വിടുന്നില്ല. ഹൃദയം തിയറ്ററിൽ ഇറങ്ങണം എന്നുളളത് ഞങ്ങളുടെ ആഗ്രഹമായിരുന്നു.

കോവിഡ് വ്യാപനം കാരണം എല്ലാവരും പേടിച്ചിരിക്കുന്ന അവസ്ഥയിലാണ് ഞങ്ങൾ സിനിമ റിലീസ് ചെയ്തത്. കുടുംബ പ്രേക്ഷകർ തിയറ്ററിൽ എത്തുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ കുട്ടികളെയും കൊണ്ട് കുടുംബം സിനിമ കാണാൻഎത്തുന്നുണ്ട്. സിനിമ നന്നായി ഓടുന്നുണ്ട്. സംവിധായകനും നിർമ്മതാവും ഹാപ്പി ആണ്. നമുക്ക് അത് മതി.

വിനീതേട്ടന്റെ മലർവാടി മുതൽ ഞാൻ കൂടെയുണ്ട്. തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, വടക്കൻ സെൽഫി, ആനന്ദം തുടങ്ങി എല്ലാ സിനിമകൾക്കും ഒപ്പം ഞാനുണ്ട്. ഹൃദയം ഞങ്ങൾ അടിച്ചു പൊളിച്ച് കൂൾ ആയി ഷൂട്ട് ചെയ്ത സിനിമയാണ്. ചിത്രം തിയറ്ററിൽ ആളുകളോടൊപ്പം ഇരുന്നു കണ്ടപ്പോൾ, ഇത്രയും വലിയ ഒരു പടമാണോ ഞങ്ങൾ ഇത്ര കൂളായി ഷൂട്ട് ചെയ്തത് എന്ന് തോന്നിപ്പോയി. വിനീതേട്ടൻ പഠിച്ച ചെന്നൈയിലെ കോളജിൽ ആയിരുന്നു 35 ദിവസം ഷൂട്ട്.

സിനിമയ്ക്ക് വേണ്ടി 12 കല്യാണം ഷൂട്ട് ചെയ്തിട്ടുണ്ട്. സിനിമയിൽ കുറച്ചേ കാണിക്കുന്നുള്ളൂ എങ്കിലും യഥാർഥ കല്യാണം പോലെ എല്ലാ ആർട്ട് വർക്കും ചെയ്താണ് ചിത്രീകരിച്ചത്. ക്രിസ്ത്യൻ ഹിന്ദു വിവാഹങ്ങൾ, തമിഴ് വിവാഹം ഇതൊക്കെ ഉണ്ടായിരുന്നു. ആദ്യത്തെ ലോക്ഡൗൺ കഴിഞ്ഞു തുറന്നപ്പോഴാണ് കൊച്ചിയിൽ ഈ കല്യാണങ്ങൾ ഷൂട്ട് ചെയ്തത്. എല്ലാ കല്യാണത്തിനും വ്യത്യസ്തമായ ആളുകൾ ബന്ധുക്കളായി വേണം, ഒരേ ജൂനിയർ ആർട്ടിസ്റ്റുകൾ പോര. അതിനു വേണ്ടി സ്പെഷൽ ആയി ഞങ്ങളുടെ സുഹൃത്തുക്കളുടെ കുടുംബാംഗങ്ങളെ ക്ഷണിച്ചു കൊണ്ടു വന്നാണ് പങ്കെടുപ്പിച്ചത്.

മൂന്നുവർഷമായി വിനീതേട്ടൻ നെഞ്ചേറ്റി നടന്ന ഹൃദയമാണ്. സാധാരണ വിനീതേട്ടൻ തിരക്കഥ അയച്ചു തരികയാണ് ചെയ്യുക. പക്ഷേ ഹൃദയത്തിന്റെ തിരക്കഥ ആയപ്പോൾ ഇത് അയച്ചു തന്നാൽ ശരിയാകില്ല നിങ്ങൾ ചെന്നൈയിലേക്ക് വരൂ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാനും ആർട്ട് ഡയറക്ടറും അസ്സോസിയേറ്റ് ഡയറക്ടറും കൂടി ചെന്നൈയിൽ പോയി. ഒരു ദിവസം മുഴുവൻ എടുത്ത് വളരെ വിശദമായി അദ്ദേഹം തിരക്കഥ വായിച്ചു കേൾപ്പിച്ചു.

അതിനു ശേഷം വിനീതേട്ടൻ ഞങ്ങളെ സിനിമയുടെ ലൊക്കേഷനായ കോളജിൽ കൊണ്ടുപോയി. സിനിമയിൽ കാണിക്കുന്ന ക്യാംപസും ഹോസ്റ്റലും കന്റീനും എല്ലാം ഞങ്ങളുടെ ഉള്ളിലേക്ക് നിറച്ചുതന്നു. തിരക്കഥ വായിച്ചു കേട്ടപ്പോൾ തന്നെ സിനിമയുടെ ഒരു ഫീൽ ഞങ്ങൾക്ക് കിട്ടി. ഈ മൂന്ന് വർഷവും വിനീതേട്ടന്റെ ഹൃദയം ഞങ്ങളുടെയുള്ളിലിരുന്നു മിടിച്ചുകൊണ്ടിരുന്നു. ഞങ്ങൾ ഇത്രനാളും സൂക്ഷിച്ച ഹൃദയം പ്രേക്ഷകർ രണ്ടുകയ്യും നീട്ടി സ്വീകരിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.’

shortlink

Related Articles

Post Your Comments


Back to top button