പുതിയൊരു അഭിനയ ശൈലി മലയാളക്കരയ്ക്ക് പരിചയപ്പെടുത്തിയ നടനായിരുന്നു സുകുമാരന്‍. എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത നിര്‍മ്മാല്യം ചിത്രത്തിലെ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷം അവതരിപ്പിച്ച് സിനിമാലോകത്തേക്ക് കടന്നു വന്ന താരം ശംഖുപുഷ്പം എന്ന ചിത്രത്തില്‍ അവതരിപ്പിച്ച വേഷത്തോടെ മലയാള സിനിമാലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ചു. പിന്നീട് നായകനായും, വില്ലനായും, സഹനടനായുമെല്ലാം ഒരുപാടുകാലം മലയാള സിനിമയില്‍ തിളങ്ങി നിന്ന അദ്ദേഹം 19997 ജൂണ്‍ 16ന് നെഞ്ചുവേദനയെ തുടര്‍ന്ന് ഇഹലോകവാസം വെടിഞ്ഞു.
ഇപ്പോൾ സുകുമാരനൊപ്പം ഒരുമിച്ച് ചിലവഴിച്ച സിനിമാ ഓര്‍മ്മകളും വയനാട്ടിൽ ഷൂട്ടിങ്ങിന് പോയപ്പോൾ ഉണ്ടായ രസകരമായ ഓർമ്മകളും ഒരു യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് മുന്‍ എംഎല്‍എ കൂടിയായ പുരുഷന്‍ കടലുണ്ടി. ഒരോ മിനുറ്റിനും ജീവിതത്തില്‍ അത്രയധികം പ്രധാന്യം നല്‍കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് സുകുമാരനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുരുഷന്‍ കടലുണ്ടിയുടെ വാക്കുകൾ :
ഡയലോഗ് ഡെലിവറിയും മനോഹരമായ അന്നത്തെ ശരീര പ്രകൃതം, പെരുമാറ്റം, പിന്നെ നിഷേധിയുമായിരുന്നു. അദ്ദേഹത്തിന്റെ നിഷേധി അന്നെനിക്ക് താല്‍പര്യമായിരുന്നു. ഞാനാണ് പ്രധാനപ്പെട്ട വ്യക്തി എന്നൊരു തോന്നല്‍ ഉണ്ട്. അത് കിട്ടാനുള്ള പ്രവൃത്തികളും ചെയ്യുമായിരുന്നു. അന്ന് സുകുമാരന്റെ അടുത്ത് ആരും അടുക്കില്ല. പക്ഷേ ലൊക്കേഷനില്‍ വന്നാല്‍ നല്ല സൗഹൃദമാണ്. വയനാട്ടില്‍ വെച്ച് നടക്കുന്ന ഷൂട്ടിങ്ങിനിടയിലാണ് ആദ്യമായി സുകുമാരനും ഞാനും കാണുന്നത്.
വാരിക്കുഴി എന്ന സിനിമയുടെ ഷൂട്ടിങ്ങാണ് അവിടെ നടന്നത്. അതില്‍ ആനയെ വാരിക്കുഴിയില്‍ കയറ്റുന്നതും മറ്റുമായിരുന്നു സിനിമയുടെ ഇതിവൃത്തം. സിനിമയില്‍ ഒരു കോഴിയെ വേണമെന്ന് പറഞ്ഞിരുന്നു. അത് നല്‍കിയെങ്കിലും ഷൂട്ടിങ്ങിന് ആവശ്യമായി വന്നില്ല. നമ്മള്‍ ഓരോ വര്‍ക്ക് ചെയ്യുമ്പോഴും ചിലത് നഷ്ടപ്പെടുന്നത് അല്ല നോക്കേണ്ടത്. ആ നഷ്ടപ്പെട്ടതൊക്കെ ചിലപ്പോള്‍ നല്ലതായി മാറിയോ എന്നാണ് നോക്കേണ്ടതെന്ന കാഴ്ചപാട് എനിക്ക് ഉണ്ടാക്കി തന്നത് സുകുമാരനാണ്. ഒരോ ദിവസും പുതിയ സിനിമയുടെ അഡ്വാന്‍സ് തുക കൈയ്യില്‍ കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന് ഭയങ്കര വെപ്രാളമായിരിക്കും. അതൊക്കെ നേരിട്ട് അനുഭവിച്ച ആളാണ് ഞാന്‍. അന്ന് ഏതെങ്കിലും ഒരു പാര്‍ട്ടി വന്ന് ചുരുങ്ങിയത് ഒരു പതിനായിരം രൂപ അഡ്വാന്‍സ് കൊടുത്താല്‍ മതി. അന്ന് അത്രയും മാര്‍ക്കറ്റ് ഉള്ള നടനായിരുന്നു സുകുമാരന്‍.
ക്യാരക്ടര്‍ ഇങ്ങനെ ആയിരുന്നെങ്കിലും സുകുമാരനടക്കമുള്ള സിനിമാ താരങ്ങള്‍ മാനുഷികമായിട്ടാണ് പെരുമാറാറുള്ളത്. ആ അടുപ്പം നമ്മളുമായിട്ടും ഉണ്ടാവും. പലപ്പോഴും ഷൂട്ടിങ്ങ് സെറ്റുകളില്‍ ഉറക്കമൊഴിച്ച് കണ്ണ് വീങ്ങി വരും. എന്നാലും ഷൂട്ടിങ്ങ് തുടങ്ങുമ്പോള്‍ പ്രസന്നന്‍ ആവും. കണ്ണ് തുറക്കാന്‍ പോലും പറ്റാത്ത അത്രയും ഉറക്ക ക്ഷീണത്തില്‍ ഇരിക്കുക ആണെങ്കിലും സ്റ്റാര്‍ട്ട് ആക്ഷന്‍ പറഞ്ഞാല്‍ പിന്നെ കഥാപാത്രമായി മാറിയിരിക്കും. പിന്നെ അദ്ദേഹം ദേഷ്യപ്പെടുന്നതിനും കാരണമുണ്ട്. സെറ്റില്‍ ആവശ്യത്തിനുള്ള സാധാനങ്ങള്‍ വേണ്ട സമയത്ത് കൊടുത്തില്ലെങ്കില്‍ ദേഷ്യപ്പെടും. ഓരോ മിനുറ്റും ഉപയോഗപ്പെടുത്തണം എന്ന് വിചാരിക്കുന്ന മനുഷ്യനാണ് സുകുമാരൻ’.
Post Your Comments