പ്രണയത്തിന്റെയും വിരഹത്തിന്റെയും സൗഹൃദത്തിന്റെയും കാഴ്ചയിലേക്ക് നയിക്കുന്ന ഹൃദയത്തിന്റെ വസ്ത്രാലങ്കാരം നിർവഹിച്ചത് ദിവ്യ ജോർജ് ആണ്. ഇത്ര വലിയ സിനിമ തനിക്ക് ചെയ്യാനാകുമോ എന്നു സംശയിച്ചു നിന്നപ്പോൾ കരുത്തായത് വിനീതിന്റെ വാക്കുകളാണെന്നാണ് ദിവ്യ പറയുന്നത് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ.
ദിവ്യയുടെ വാക്കുകൾ:
10 വർഷമായി ഞാൻ വസ്ത്രാലങ്കാര മേഖലയിലുണ്ട്. ഒരു ബ്രേക്കിനു ശേഷമാണ് കുഞ്ഞെൽദോ എന്ന മൂവി ചെയ്തത്. ആ സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടർ വിനീത് ആയിരുന്നു. കുഞ്ഞെൽദോയുടെ സംവിധായകനായ മാത്തുക്കുട്ടി ഒരു ദിവസം വീട്ടിലേക്ക് വന്നു. ‘ചേച്ചി കല്യാണം ചെയ്യുമോ’ എന്നു ചോദിച്ചു. വിവാഹവസ്ത്രങ്ങൾ കസ്റ്റമൈസ് ചെയ്യാനായിരിക്കും എന്നാണു ഞാൻ കരുതിയത്. ചെയ്യും എന്ന് മറുപടി നല്‍കി. മൂന്ന് കല്യാണം ഉണ്ടെന്നും ചെന്നൈയിലായിരിക്കുമെന്നും അവിടേക്ക് പോകേണ്ടി വരുമെന്നും മാത്തു പറഞ്ഞു. കുഴപ്പമില്ല ചെയ്യാം എന്നു പറഞ്ഞു. സമ്മതം അറിയിച്ചപ്പോഴാണ് വിനീതിന്റെ പുതിയ സിനിമയിലേക്കാണ് എന്നു പറഞ്ഞത്. പിന്നാലെ വിനീത് വിളിച്ചു. കാര്യങ്ങൾ പറഞ്ഞു. അങ്ങനെയാണ് ഹൃദയത്തിന്റെ ഭാഗമാകുന്നത്. സിനിമയിൽ 12 വിവാഹങ്ങൾ ഉണ്ടായിരുന്നു. അതും പല മതത്തിൽപ്പെട്ട, സംസ്കാരത്തിൽപ്പെട്ട വിവാഹങ്ങള്‍. ഇനി വേണമെങ്കിൽ എനിക്കും സിനിമയുടെ ആർട്ട് ഡയറക്ടർ അശ്വിനിക്കും ഏതു വെഡ്ഡിങ് വേണമെങ്കിലും ഏറ്റെടുക്കാം. അത്ര എക്സ്പീരിയൻസ് ആയി.
ഇത്ര വലിയ സിനിമ ചെയ്യാൻ എനിക്ക് സാധിക്കുമോ എന്നു സംശയിച്ചിരുന്നു. അത് വിനീതുമായി പങ്കുവയ്ക്കുകയും ചെയ്തു. ‘നമുക്ക് ഒന്നിച്ച് ചെയ്യാം ദിവ്യ. എന്നായിരുന്നു വിനീതിന്റെ മറുപടി. വാക്കുകളിലെ ആ പിന്തുണ സിനിമയുടെ എല്ലാ ഘട്ടങ്ങളിലും ഉണ്ടായിരുന്നു. ആർട്ടിസ്റ്റുകൾ കംഫർട്ടബിള്‍ ആയിരിക്കണം എന്നതായിരുന്നു വിനീതിന്റെ പ്രധാന നിർദേശം. ഏതൊരു വർക്കിലും ഞാൻ പ്രഥമ പരിഗണന നൽകുന്ന കാര്യവും അതുതന്നെയാണ്. കാരണം കോസ്റ്റ്യൂം കംഫർട്ടബിൾ അല്ലെങ്കിൽ അത് അഭിനേതാക്കളുടെ പ്രകടനത്തിൽ നിഴലിക്കും. രണ്ടു കാലഘട്ടത്തിൽ നടക്കുന്ന സംഭവങ്ങൾ ആയതുകൊണ്ട് അതിനു യോജിച്ച രീതിയിൽ വേണമായിരുന്നു ഡ്രസ്സിന്റെ പാറ്റേണുകൾ തിരഞ്ഞെടുക്കാൻ.
ബ്രാൻഡുമായി ബന്ധപ്പെട്ട് യാതൊരു നിബന്ധനകളോ ആവശ്യങ്ങളോ ഉള്ള വ്യക്തിയല്ല പ്രണവ്. സിനിമയ്ക്ക് വേണ്ടത് എന്താണോ അതു ധരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. ഹൃദയത്തിന്റെ ഭാഗമായ എല്ലാ ആർട്ടിസ്റ്റുകളും അങ്ങനെയായിരുന്നു. ഓരോരുത്തർക്കും എന്തു ലുക്ക് ആണ് വേണ്ടതെന്നു മുൻപേ നിശ്ചയിച്ചിരുന്നു. അതിന് അനുസരിച്ച് നിറവും ഡ്രസ്സുമൊക്കെ നമ്മൾ തിരഞ്ഞെടുക്കും. ട്രയലിൽ എന്തെങ്കിലും അളവ് വ്യത്യാസം ഉണ്ടെങ്കിൽ മാത്രം മാറ്റം വരുത്തും. അങ്ങനെ കല്യാണിയും ദർശനയും ഉൾപ്പടെ എല്ലാവരും മികച്ച സഹകരണവും പിന്തുണയുമാണ് നൽകിയത്.
ആദ്യ പകുതിയിൽ നിരവധി പയ്യന്മാർ ഉണ്ട്. ഒരു മലയാളി ഗ്യാങ്, തമിഴ് ഗ്യാങ് അങ്ങനെ. ഇവരെ എല്ലാവരെയും മനസ്സിലാകണം. എല്ലാവരും സുന്ദരന്മാരായിരിക്കണം. പ്രണവിനെ മാത്രം വേറിട്ടു നിർത്തരുത് എന്നായിരുന്നു വിനീത് എന്നോടു പറഞ്ഞത്. അതായത് ആരെയും വസ്ത്രം കൊണ്ട് കൂടുതൽ നന്നാക്കുകയോ മോശമാക്കുകയോ വേണ്ട. വ്യക്തിപരമായി എനിക്കും അതാണു താൽപര്യം. ഉദാഹരണത്തിന്. അശ്വത് ലാൽ ആണ് പ്രണവിന്റെ സുഹൃത്തിനെ അവതരിപ്പിക്കുന്നത്. പ്രണവിനൊപ്പം അയാൾ എപ്പോഴുമുണ്ട്. എന്നാൽ കോമഡിയാണ് ചെയ്യുന്നത് എന്നതു കൊണ്ട് അവന് അത്ര നല്ല വസ്ത്രം നൽകാതിരിക്കുക എന്നത് ശരിയായ രീതിയല്ല. സിനിമയിലെ എല്ലാവരും കാഴ്ചയിൽ നന്നായി ഇരിക്കണം എന്നതായിരുന്നു വിനീതിന്റെ ആവശ്യം. അതു നടപ്പിലാക്കാന്‍ ശ്രമിച്ചു. അതു സാധിച്ചു എന്നു തന്നെയാണ് എന്റെ വിശ്വാസം’.
Post Your Comments