കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പ്രണവ് മോഹൻലാൽ – വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടൻ ശ്രീകാന്ത് മുരളി. ആത്മാംശങ്ങൾ നിറയെയുള്ള, സ്വയം കണ്ടെത്താൻ പറ്റുന്ന കഥാപാത്രങ്ങളേയും, കഥാസന്ദർഭങ്ങളേയും കൊണ്ട് മാല കോർത്തെടുത്ത ഹൃദയം എന്നാണ് ആദ്ദേഹം ചിത്രത്തെ കുറിച്ച് പറയുന്നത് . ചിത്രം കണ്ടു കഴിയുമ്പോൾ ഒരു നെടുവീർപ്പ് അനുഭവപ്പെടുമെന്നും, അതാണ് സിനിമയുടെ വിജയമെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ശ്രീകാന്ത് മുരളിയുടെ വാക്കുകൾ:
ഞാനൊരു ബി ടെക് കാരനല്ല… ഡിഗ്രി വരെ പഠിച്ചത് കുറവിലങ്ങാട്ടെ ദേവമാതായിലാണ്.. ഒരു ബി ടെക് കാരന്/കാരിയ്ക്ക് കിട്ടുമ്പോലെ എനിയ്ക്കോ, എന്നെപ്പോലുള്ളവർക്കോ കിട്ടാൻ പാടാണെങ്കിലും, ‘തെറിച്ചു’ നിന്ന എന്റെയും, എന്നേപ്പോലുള്ളവരുടെയും ആക്കാലം ഓർമ്മയിൽ നിറഞ്ഞു. അരുണിന്റത്ര ധൈര്യമില്ലാതെ പോയതു കൊണ്ടുണ്ടായ നഷ്ടങ്ങൾ ചെറുതല്ല!! കണ്ടുതീരുമ്പോൾ അതൊരു ‘നെടുവീർപ്പാ യി മാറുന്നതാണ് ‘ഹൃദയം’ എന്ന, എനിയ്ക്കേറ്റവും പ്രിയങ്കരനായ വിനീതിന്റെ സിനിമയുടെ വിജയം.. ആ കണക്ട് ആണ് പ്രധാനം… അപ്പുവിന്റെ ഏറ്റവും നല്ല, പ്രതീക്ഷകൾ ഉണർത്തുന്ന/ പാത്രപാകതയുള്ള അഭിനയം, അമ്മുവിന്റെയും ദർശനയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചത്.
കേരളത്തിനു പുറത്തേയ്ക്ക് പഠിയ്ക്കാൻ പോയ, തീവണ്ടി യാത്ര മുതലുള്ള ആ നല്ലകാല ഓർമ്മകൾ അയവിറക്കാനും, വിതുമ്പിപ്പോകാനും, ആർമാദിയ്ക്കാനും, വകയുള്ള ഒരു ഇൻ ആൻഡ് ഔട്ട് എന്റർടെയ്നർവീണ്ടും ഒരിയ്ക്കൽക്കൂടി, വീരേതിഹാസങ്ങളുടെ ഓർമ്മകളുറങ്ങുന്ന, കോളേജ് കവാടത്തിലേയ്ക്കു നോക്കി സ്വല്പം നിൽക്കാനും, നീണ്ട വരാന്തയിലൂടെ മെല്ലെ, അലസമായി, നടക്കാനും, ക്ലാസ് റൂമിലെ പായൽമണമുള്ള ബെഞ്ചിൽ, കമിഴ്ന്നു കിടക്കാനുമൊക്ക തോന്നും , ഉള്ളുരുക്കും, ഈ ഹൃദയം. ആത്മാംശങ്ങൾ നിറയെയുള്ള, സ്വയം കണ്ടെത്താൻ പറ്റുന്ന കഥാപാത്രങ്ങളേയും, കഥാസന്ദർഭങ്ങളേയുംകൊണ്ട് മാല കോർത്തെടുത്ത ഹൃദയം.
Post Your Comments