Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
InterviewsLatest NewsNEWS

‘ശരിക്കും എന്റെ മനസ്സിൽ അഭിനയത്തിന്റെ വിത്തിട്ടത് വിനീതേട്ടനാണ്’: ഹൃദയത്തിലെ സെല്‍വയായ കലേഷ്

ഹൃദയം എന്ന ചിത്രം കണ്ടവരാരും സെല്‍വയെ ഒരിക്കലും മറക്കില്ല. ചെറിയൊരു നൊമ്പരത്തോടെ പ്രേക്ഷകർ മനസിലേറ്റിയ തമിഴകത്തിന്റെ നന്മയും ഊർജവും പ്രേക്ഷകരിലേക്കു പ്രസരിപ്പിച്ച സെല്‍വയായെത്തിയത് ഒരു മലയാളി നടനാണ്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ആലപ്പുഴ സ്വദേശി കലേഷ് രാമാനന്ദ് ആണ് ഹൃദയത്തിലെ സെല്‍വ. തിയേറ്റര്‍ കലാകാരനും ഡബ്ബിങ് കലാകാരനുമായ തന്നെ വിനീത് ശ്രീനിവാസന്‍ കണ്ടെത്തിയതെങ്ങനെയെന്ന് പറയുകയാണ് മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ കലേഷ്.

കലേഷിന്റെ വാക്കുകൾ:

‘ഞാനൊരു മലയാളിയാണെന്ന് പലർക്കും അറിയില്ല. സിനിമ കണ്ടവരെല്ലാം വിചാരിച്ചിരിക്കുന്നത് ഞാനൊരു തമിഴനാണെന്നാണ്. സത്യത്തിൽ ഞാനൊരു ആലപ്പുഴക്കാരനാണ്. തിയറ്റർ ആർടിസ്റ്റാണ്. സിനിമകളിൽ ഡബ് ചെയ്യാറുണ്ട്. എട്ടു വർഷമായി ചെന്നൈയിലാണ് താമസം. തമിഴ്, തെലുങ്കു സിനിമകൾക്കു വേണ്ടിയാണ് ഡബ് ചെയ്തിട്ടുള്ളത്. തമിഴ്താരം സിമ്പുവിനു വേണ്ടി ഈശ്വരൻ എന്ന ചിത്രത്തിന്റെ മലയാളം വേർഷനിൽ ശബ്ദം നൽകിയിട്ടുണ്ട്.

എന്റെ ആദ്യ സിനിമ ‘ഹൃദയ’മല്ല. എട്ടു വർഷം മുമ്പ് പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. അതിൽ സുകു എന്നൊരു കഥാപാത്രമുണ്ട്. കുഞ്ഞനന്തന്റെ കടയുടെ എതിർവശത്ത് ഒരു കിണറുണ്ട്. ആ കിണറിന് അടുത്തിരുന്ന് പുള്ളുവൻ വീണ വായിക്കുന്ന കുട്ടിയാണ് സുകു. ആരോടും അധികം സംസാരിക്കാത്ത സുകുവാണ് അവിടെയുള്ള കടകളിലേക്ക് കുടങ്ങളിൽ വെള്ളം എത്തിക്കുന്നത്. ആ സ്ഥലം ഹൈവേയ്ക്കായി ഏറ്റെടുക്കപ്പെടുമ്പോൾ ആ കിണറിന്റെ കയറിൽത്തന്നെ തൂങ്ങിമരിക്കുകയാണ് സുകു. ആ കഥാപാത്രമാണ് ഞാനാദ്യം സിനിമയിൽ ചെയ്തത്. സംവിധായകൻ സലിം അഹമ്മദ് ഇക്കയുമായുള്ള പരിചയമാണ് എന്നെ ആ സിനിമയിലെത്തിച്ചത്. അതിനുശേഷം തനി ഒരുവൻ എന്ന തമിഴ് സിനിമയിൽ നല്ലൊരു കഥാപാത്രം ചെയ്തു. എങ്കിലും അതിലൂടെയൊന്നും ഞാൻ തിരിച്ചറിയപ്പെട്ടില്ല. ഒടുവിൽ ഹൃദയത്തിലൂടെയാണ് പ്രേക്ഷകർ എന്നെ തിരിച്ചറിഞ്ഞതും അംഗീകരിക്കുന്നതും. എന്റെ പേരിലല്ല, സെൽവയല്ലേ എന്നു ചോദിച്ചാണ് പ്രേക്ഷകർ എന്നെ തിരിച്ചറിയുന്നത്.

ശരിക്കും എന്റെ മനസ്സിൽ അഭിനയത്തിന്റെ വിത്തിട്ടത് വിനീതേട്ടനാണ്. വിനീതേട്ടനെ എനിക്ക് കോളജ് കാലം മുതൽ അറിയാം. ഞാൻ രാജഗിരിയിലാണ് എൻജിനീയറിങ് ചെയ്തത്. ഞാൻ അവിടെ ഒന്നാം വർഷ വിദ്യാർഥി ആയിരിക്കുന്ന സമയത്താണ് വിനീതേട്ടൻ കോഫി അറ്റ് എംജി റോഡ് എന്ന ആൽബം ചെയ്യുന്നത്. മിന്നലഴകേ എന്ന പാട്ട് ഷൂട്ട് ചെയ്തത് എന്റെ കോളജിലായിരുന്നു. ആ പാട്ടിൽ റോമയുടെ ഒപ്പം കാണിക്കുന്ന കുട്ടികളിൽ ഞാനുമുണ്ട്. കോളജിലെ കൾച്ചറൽസ് കണ്ടിട്ട് അതിൽ ‌നിന്നായിരുന്നു വിനീതേട്ടൻ ഞങ്ങളെ തിരഞ്ഞെടുത്തത്. അങ്ങനെ വിനീതേട്ടനാണ് എന്നെ അഭിനയരംഗത്തേക്ക് എത്തിക്കുന്നതും ഇപ്പോൾ എനിക്ക് വലിയൊരു ബ്രേക്ക് നല്‍കിയതും.’

 

shortlink

Related Articles

Post Your Comments


Back to top button