GeneralLatest NewsNEWS

പകര്‍പ്പവകാശ ലംഘനം: ബോളിവുഡ് സംവിധായകന്റെ പരാതിയില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈക്കെതിരെ കേസ്

മുംബൈ: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയ്ക്കും മറ്റ് അഞ്ചുപേര്‍ക്കുമെതിരെ പകര്‍പ്പവകാശ ലംഘനത്തിന് കേസെടുത്ത് മുംബൈ പൊലീസ്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ സുനീല്‍ ദര്‍ശന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ‘ഏക് ഹസീന തി ഏക് ദീവാന താ’ എന്ന തന്റെ സിനിമ അനധികൃതമായി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്ന് കാണിച്ചാണ് സുനീല്‍ ദര്‍ശന്‍ പരാതി നല്‍കിയത്. 1957ലെ പകര്‍പ്പവകാശ ലംഘന നിയമത്തിലെ 51, 63, 69 വകുപ്പുകള്‍ പ്രകാരമാണ് സുന്ദര്‍ പിച്ചൈയ്‌ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2017 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബില്‍ കോടിക്കണക്കിന് ആളുകളാണ് കണ്ടത്. ഗൂഗിളിന് ഇ-മെയില്‍ അയച്ചിരുന്നെന്നും അവരില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്നും സുനീല്‍ വ്യക്തമാക്കുന്നു.

‘അവരുടെ സാങ്കേതിക വിദ്യയോട് എനിക്ക് ബഹുമാനമുണ്ട്. പക്ഷേ എന്റെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു. ഇത് അവരുടെ ശ്രദ്ധയില്‍ പെടുത്താനുള്ള എന്റെ ആദ്യപടിയാണ് ഈ പരാതി. ഞാന്‍ പരാതിയിലൂടെ പ്രശസ്തി നേടിയെടുക്കാനല്ല ശ്രമിക്കുന്നത്. ശരിയായ വസ്തുത നിയമവ്യവസ്ഥയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് എന്റെ ശ്രമം. അതില്‍ കൂടുതലൊന്നും എനിക്ക് വേണ്ട. ഒരു ചലച്ചിത്ര നിര്‍മ്മാതാവെന്ന നിലയിലും പകര്‍പ്പവകാശ ഉടമയെന്ന നിലയിലും എനിക്ക് ചില അവകാശങ്ങളുണ്ട്, നിങ്ങള്‍ അവ നിഷ്കരുണം ലംഘിക്കുമ്പോൾ, ഞാന്‍ എന്തുചെയ്യണം? ഞാന്‍ നിസ്സഹായനായ ഒരു വ്യക്തിയാണ്’ – സുനീല്‍ ദര്‍ശന്‍‌ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments


Back to top button