GeneralLatest NewsNEWS

ആസിഫ് അലി – മംമ്താ മോഹൻദാസ് ചിത്രം ‘മഹേഷും മാരുതിയും’ ഫെബ്രുവരി അഞ്ചിന് ചിത്രീകരണം ആരംഭിക്കുന്നു

നീണ്ട ഇടവേളക്കു ശേഷം ആസിഫ് അലിയും മംമ്താ മോഹൻദാസും നായികാ – നായകന്മാരാകുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രം പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി എസ് എൽ ഫിലിംഹൗസിൻ്റ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി അഞ്ചിന് മാളയിൽ ആരംഭിക്കുന്നു. മമ്മൂട്ടി നായകനായി അഭിനയിച്ച ‘ഒരു കുട്ടനാടൻ ബ്ലോഗ്‌’ എന്ന ചിത്രത്തിന്നു ശേഷം സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയും മംമ്താ മോഹൻദാസും ജോഡികളാകുന്നത് വലിയൊരു ഇടവേളയ്ക്ക് ശേഷമാണ്. ഒരു ത്രികോണ പ്രണയമാണ് ഈ ചിത്രം പറയുന്നത്. മഹേഷ് എന്ന തികച്ചും സാധാരണക്കാരനായ ഒരു യുവാവിന് രണ്ടു പ്രണയമാണുണ്ടാകുന്നത് ഒരു മാരുതി കാറിനോടും ഗൗരി എന്ന പെൺകുട്ടിയോടുമാണ്.

ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്നിൽ ദില്ലിയിൽ ജോലി ചെയ്തിരുന്ന മഹേഷിൻ്റെ അച്ഛൻ പന്മനാഭൻ ഒട്ടും ഗതാഗത യോഗ്യമല്ലാത്ത ചെറുതോണിത്തുരുത്ത് എന്ന തൻ്റെ നാട്ടിൽ സുന്ദരിയെന്ന് വിശേഷിപ്പിക്കാവുന്ന ഒരു മാരുതിക്കാറുമായി എത്തുന്നു.
അച്ഛൻ കൊണ്ടുവന്ന മാരുതിക്കാറുമായി മഹേഷിൻ്റ പ്രണയമാണ് ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്നത്. ഇതിനോടൊപ്പം ഗൗരി എന്ന ഒരു പെൺകുട്ടിയും അവൻ്റെ ജീവിതത്തിന് നിറപ്പകിട്ടേകി. അങ്ങനെ മഹേഷിന് രണ്ടു പ്രണയം. ഒന്ന് മാരുതിക്കാർ, മറ്റൊന്ന് ഗൗരി – ഒരു ട്രയാംഗിൾ പ്രണയം. ഈ പ്രണയമാണ് നർമ്മമുഹൂർത്തങ്ങളിലൂടെയും കുടുംബപശ്ചാത്തലത്തിലൂടെയും അവതരിപ്പിക്കുന്നത്.

ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്നിൽ ഇന്ദിരാഗാന്ധി അവതരിപ്പിച്ച മാരുതി കാർ ഷോറൂമിൽ നിന്ന് ഇറക്കിയ അതേ കണ്ടീഷനിലും രൂപത്തിലുമൊക്കെ ഒരു മാറ്റവുമില്ലാതെ തന്നെയാണ് ഈ ചിത്രത്തിനു വേണ്ടി ഉപയോഗിക്കുന്നത്. അതിനായി മാരുതിക്കമ്പനി അതു പുതുക്കിപ്പണിയുവാൻ ഏറെ സഹായിച്ചുവെന്ന് സേതു വ്യക്തമാക്കി. മാരുതിയുടെ പശ്ചാത്തലവും, മാരുതിയുടെ വളർച്ച കേരളത്തിൽ വരുത്തിയ സാംസ്കാരികമായ പരിവർത്തനവും ഇതിലൂടെ സൂചിപ്പിക്കുന്നു.

ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രമായ മഹേഷിൻ്റെ അച്ഛൻ പന്മനാഭൻ എന്ന കഥാപാത്രത്തെ മണിയൻ പിള്ള രാജു അവതരിപ്പിക്കുന്നു. വിജയ് ബാബു, പ്രേംകുമാർ, സൂപ്പർ ശരണ്യയിലൂടെ ശ്രദ്ധേയനായ വിജയ് നെല്ലീസ് എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ഹരി നാരായണൻ്റെ വരികൾക്ക് കേദാർ ഈണം പകർന്നിരിക്കുന്നു. കലാസംവിധാനം – ത്യാഗു തവനൂർ, മേക്കപ്പ് – പ്രദീപ് രംഗൻ, കോസ്റ്റ്യും,ഡിസൈൻ – സ്റ്റെഫി സേവ്യർ,
നിർമ്മാണ നിർവ്വഹണം – അലക്സ് ഈ കുര്യൻ.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button