മോഹന്‍ലാല്‍ എനിക്ക് മോനെപ്പോലെ തന്നെയാണ്, ഞാന്‍ പ്രസവിച്ചില്ലെങ്കിലും എന്റെ മകന്‍ തന്നെയാണ് ലാല്‍: കവിയൂര്‍ പൊന്നമ്മ

മികച്ച അഭിനയ ചാതുര്യം കൊണ്ട് മലയാളി മനസ്സിനെ കീഴ്പ്പെടുത്തിയ അമ്മമുഖമാണ് കവിയൂര്‍ പൊന്നമ്മ. പഴയ തലമുറയിലെ സത്യൻ മുതൽ ഇളം തലമുറയിലെ നിരവധി താരങ്ങളുടെ അമ്മയായി വരെ വെള്ളിത്തിരയിൽ എത്തിയ കവിയൂർ പൊന്നമ്മ സമാനതകളില്ലാത്ത അഭിനയത്തികവിൽ മലയാള സിനിമാലോകത്തെ വാത്സല്യനിധിയായ അമ്മയുടെ പദവിയിലേക്ക് ഉയരുകയായിരുന്നു.

കൂടെ അഭിനയിച്ചവരില്‍ ആരെയാണ് ഏറെയിഷ്ടം എന്ന ചോദ്യത്തിന് എല്ലാവരെയും ഇഷ്ടമാണെന്നും എന്നാല്‍ മോഹന്‍ലാലിനോട് ഇത്തിരി ഇഷ്ടം കൂടുതലുണ്ടെന്നും പറയുകയാണ് കവിയൂര്‍ പൊന്നമ്മ ബിഹൈന്‍വുഡ്‌സിന് വേണ്ടി മണിയന്‍ പിള്ള രാജു നടത്തിയ അഭിമുഖത്തിൽ.

കവിയൂര്‍ പൊന്നമ്മയുടെ വാക്കുകൾ :

‘ഏറ്റവും കൂടുതല്‍ മോഹന്‍ലാലിന്റെ അമ്മയായിട്ടാണ് അഭിനയിച്ചിട്ടുള്ളത്. സിനിമ കണ്ടിട്ട് പലരും മോഹന്‍ലാല്‍ എന്റെ മകനാണ് എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. ചില അമ്മമാരൊക്കെ വന്ന് മോനെ കൊണ്ടുവന്നില്ലേ…? മോന് സുഖമാണോ എന്നൊക്കെ ചോദിക്കും. അപ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട് എനിക്ക് മോനല്ലല്ലോ മോളാണല്ലോ…. എന്ന് അപ്പോഴേക്കും അവര്‍ മോഹന്‍ലാലിന്റെ പേര് പറയും.

ഇതുപോലെ തന്നെ മോഹന്‍ലാലിനോടും നിരവധി പേര്‍ അമ്മയെ കൊണ്ട് വന്നില്ലേ എന്ന് ചോദിക്കാറുണ്ട്. മോഹന്‍ലാല്‍ എനിക്ക് മോനെപ്പോലെ തന്നെയാണ്. ഞാന്‍ പ്രസവിച്ചില്ലെങ്കിലും എന്റെ മകന്‍ തന്നെയാണ് ലാല്‍. ഇപ്പോള്‍ കുറേ നാളായി ലാല്‍ വിളിച്ചിട്ട്. ഞാന്‍ ഇടയ്ക്ക് ലാലിന്റെ അമ്മയെ കാണാന്‍ പോകാറുണ്ട്. നടക്കാന്‍ വയ്യ പാവത്തിന്. കാണുമ്പോള്‍ തന്നെ ഭയങ്കര സ്‌നേഹമാണ്.’ കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

 

Share
Leave a Comment