InterviewsLatest NewsNEWS

പടം സൂപ്പർ, നീയും സൂപ്പർ എന്ന കോംപ്ലിമെന്റാണ് ത്യാഗരാജൻ സാർ തന്നത്, അത് അവാർഡിന് തുല്യമായിരുന്നു : ഗുരു സോമസുന്ദരം

ഡിസംബര്‍ 24ന് മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്ത് തുടങ്ങിയത് മുതൽ നായകനെക്കാള്‍ ആരാധകര്‍ മിന്നല്‍ മുരളിയിലെ വില്ലനായ ഷിബുവിന് ഉണ്ടായി എന്നതാണ് സത്യം. ഷിബുവിന്‌ ജീവൻ പകർന്ന ഗുരു സോമസുന്ദരം എന്ന നടനെ മലയാളി പ്രേക്ഷകരും നെഞ്ചിലേറ്റിക്കഴിഞ്ഞു. ജയ് ഭീം അടക്കം നിരവധി സിനിമകളുടെ ഭാ​ഗമായി തമിഴകത്തെ മികച്ച ക്യാരക്ടര്‍ ആക്ടേഴ്സില്‍ ഒരാളായി ഇന്ന് ​ഗുരു സോമസുന്ദരം മാറി കഴിഞ്ഞു. ഇപ്പോൾ മിന്നൽ മുരളിയിലേക്ക് വരാനിടയായ സാഹചര്യവും നടത്തിയ തയ്യാറെടുപ്പുകളും വിവരിക്കുകയാണ് ഗുരു സോമസുന്ദരം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ .

ഗുരു സോമസുന്ദരത്തിന്റെ വാക്കുകൾ:

‘ശശികുമാര്‍ സാറിന്റെ പരമഗുരുവില്‍ അഭിനയിക്കാനായി ഞാന്‍ മൂന്നാറിലെ ലൊക്കേഷനിലുണ്ടായിരുന്ന സമയത്താണ് ബേസില്‍ ജോസഫ് ആദ്യമായി വിളിക്കുന്നത്. മൂന്നാറിലുണ്ട് എന്ന് കേട്ടപ്പോള്‍ അദ്ദേഹം അവിടേക്ക് വന്നു. ബേസിലിനെ ആദ്യം കണ്ട സീന്‍ മറക്കാന്‍ പറ്റില്ല. ഫോണിലും സ്പീക്കറിലും ബാക്ഗ്രൗണ്ട് മ്യൂസിക് പ്ലേ ചെയ്താണ് കഥ പറയുന്നത്. ആ ഒന്നര മണിക്കൂര്‍ റേഡിയോ നാടകം കണ്‍മുന്നില്‍ കാണുന്നതുപോലെ ഞാനിരുന്നു. മുഴുവന്‍ കേട്ടുകഴിഞ്ഞപ്പോള്‍ ആദ്യം ചെറിയ പേടി തോന്നി. മലയാളം അറിയില്ലല്ലോ. ആറുമാസം കൂടിയുണ്ടായിരുന്നു ഷൂട്ടിങ് തുടങ്ങാന്‍. ആ സമയം കൊണ്ട് ഭാഷ പഠിക്കാമെന്നുറപ്പിച്ച്‌ സിനിമ ചെയ്യാമെന്നേറ്റു. കോവിഡ് കാരണം ഷൂട്ടിങ് രണ്ട് വര്‍ഷത്തോളം വീണ്ടും നീണ്ടു.’

കഥ കേട്ടപ്പോഴെ തീരുമാനിച്ചു മലയാളം പഠിക്കുമെന്ന്. 30 ദിവസം കൊണ്ട് മലയാളം പഠിക്കാം എന്ന ബുക്ക് വാങ്ങി. യുട്യൂബായിരുന്നു ആശാന്‍. ഹൗ ടു ലേണ്‍ മലയാളം എന്ന് ടൈപ് ചെയ്ത് അക്ഷരം മുതല്‍ പഠിക്കാന്‍ തുടങ്ങി. അമ്മ എന്ന വാക്കാണ് ആദ്യം വായിക്കാനും എഴുതാനും പഠിച്ചത്. ഞാന്‍ മലയാളം വായിക്കാന്‍ പഠിച്ചു എന്നറിഞ്ഞപ്പോള്‍ ലൊക്കേഷനില്‍ എല്ലാവരും എന്നെക്കൊണ്ട് പോസ്റ്ററുകളും മറ്റും വായിപ്പിക്കുന്നത് ശീലമായി. ഒരു ദിവസം പ്രൊഡ്യൂസര്‍ സോഫിയ പോള്‍ ഒരു ബോര്‍ഡ് വായിക്കാന്‍ പറഞ്ഞു. തപ്പിത്തടഞ്ഞ് ഞാന്‍ ദാക്ഷായണി ബിസ്ക്കറ്റ് എന്ന് വായിച്ചു. തിരക്കഥാകൃത്ത് ജസ്റ്റിനാണ് ഓരോ അക്ഷരവും ഉച്ചരിക്കുമ്പോഴും നാക്കിന്റെ പൊസിഷന്‍ പറഞ്ഞ് തന്നത്. ഈ സിനിമയ്ക്കു വേണ്ടിയാണ് കുട്ടവഞ്ചി തുഴയാന്‍ പഠിച്ചതും. ബൈരക്കുപ്പയിലെ കുട്ടവഞ്ചി തുഴച്ചില്‍കാരനായ സാമിയേട്ടനും ഞാനും രണ്ടു ദിവസം ഒന്നിച്ച്‌ വഞ്ചി തുഴഞ്ഞു.

ഞാൻ ഗോഡ്മദർ പോലെ കരുതുന്ന ഒരാളുണ്ട് ഗുരു അമ്മാൾ. ആ പേരിൽ നിന്നെടുത്തതാണ് എന്റെ പേരിന് മുന്നിലെ ഗുരു. സംവിധായകൻ ത്യാഗരാജൻ സാറിനെ വിളിച്ചപ്പോൾ അദ്ദേഹം സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പടം സൂപ്പർ, നീയും സൂപ്പർ എന്ന കോംപ്ലിമെന്റാണ് എനിക്ക് കിട്ടിയത്. അത് അവാർഡിന് തുല്യമായിരുന്നു. സുഹൃത്തു കൂടിയായ സംവിധായകൻ സിമ്പുദേവൻ വിളിച്ചു ചോദിച്ചത് ഇങ്ങനെയൊക്കെ അഭിനയിക്കാൻ സാധിക്കുമോ എന്നാണ്. മലയാളത്തിൽ നിന്ന് നടൻ ജയസൂര്യയടക്കം പലരും വിളിച്ചു’.

 

shortlink

Related Articles

Post Your Comments


Back to top button