വെറുമൊരു ഹൊറർ സിനിമയല്ല കാഴ്ചക്കാരനെ പതുക്കെ അവരുടെ ഭൂതകാലത്തിന്റെ ഉള്ളിലേക്ക് വലിച്ച് കൊണ്ട് പോയി ചിന്തിപ്പിക്കുന്ന ഒന്നാണ് ‘ഭൂതകാലം’എന്ന് ഷെയ്ൻ നിഗം. ലോക്ക് ഡൗൺ, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെയ്യാൻ പറ്റുന്ന സിനിമയായിരുന്നതിനാലാണ് ഈ ചിത്രം ചെയ്യാൻ ഒരു പ്രധാന കാരണം എന്നാണ് ഷെയ്ൻ പറയുന്നത്. കടന്നുപോകുന്ന അവസ്ഥ മിഥ്യയോ യാഥാർത്ഥ്യമോ എന്ന് അവസാനം വരെ മനസിലാക്കാനാവാത്ത വിധം മുൾമുനയിൽ നിർത്തുന്ന അഭിനയമാണ് ഷെയ്നും രേവതിയും ഈ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തെ കുറിച്ചും ഡിപ്രെഷൻ വരുമ്പോൾ വീട്ടിൽ തന്നെയിരിക്കാനാണ് ശ്രമിക്കുന്നതെന്നും പറയുകയാണ് ഷെയ്ൻ റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ
ഷെയ്ന്റെ വാക്കുകൾ :
‘കഥ കേട്ടപ്പോൾ എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റിയിരുന്നു. അതു കൊണ്ടാണ് ഭൂതകാലം ചെയ്തത്. പിന്നെ ലോക്ക് ഡൗൺ, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെയ്യാൻ പറ്റുന്ന സിനിമയായിരുന്നു. സംഗീത സംവിധാനമൊന്നും വിചാരിച്ചിരുന്നതല്ല. വീട്ടിൽ തന്നെയായിരുന്ന കാലത്ത് വെറുതെ ചെയ്തതാണ്. അത് സിനിമയുടെ അണിയറപ്രവർത്തകർക്ക് അയച്ച് കൊടുത്തപ്പോൾ അവരാണ് അത് സിനിമയിലേക്ക് ഉപയോഗിക്കാമെന്ന് പറഞ്ഞത്.
അമൃത ടിവിയിലെ റിയാലിറ്റി ഷോയിൽ മത്സരാർഥിയാകണം സെലക്ഷൻ കിട്ടണം എന്ന് കരുതി പോയതല്ല. അയൽപക്കകാരൻ പോയപ്പോൾ ഞാനും ഒപ്പം പോയി. ആറാം ക്ലാസിലായിരുന്നു അന്ന് ഞാൻ. എന്തെങ്കിലും പാടാൻ വേണ്ടി ആ പാട്ട് പാടി. ഞാൻ ആരോടും പറഞ്ഞിട്ടൊന്നുമില്ലായിരുന്നു. വീഡിയോ വൈറലായ ശേഷമാണ് നിരവധി പേർ അറിഞ്ഞതും അതേ കുറിച്ച് ചോദിക്കാൻ തുടങ്ങിയതും.
ഡിപ്രഷൻസ് വരുമ്പോൾ ദൈവത്തോട് അടുത്തിരിക്കാനാണ് ശ്രമിക്കാറുള്ളത്. പരമാവധി വീട്ടിൽ തന്നെ ഇരിക്കും. ഉമ്മച്ചിയും പെങ്ങമ്മാരുമാണ് അടുത്ത സുഹൃത്തുക്കൾ. അവരോടാണ് സിനിമയെ കുറിച്ച് പോലും ആദ്യം സംസാരിക്കുന്നത്.
Post Your Comments