’ഭീമന്റെ വഴിയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മേഘ തോമസ്. എട്ടുവര്‍ഷം മുമ്പ് ഡല്‍ഹി ’അഭിനയ ഭാരതി’ യുടെ നാടകത്തിന്റെ അരങ്ങില്‍ അപ്രതീക്ഷിതമായി കയറിയ മേഘ അഭിനയമാണ് തന്റെ വഴി എന്ന് അരങ്ങില്‍ നിൽക്കുമ്പോൾ തിരിച്ചറിഞ്ഞു. ’ഭീമന്റെ വഴി’ എന്ന സിനിമയില്‍ ഭീമന്റെ ജീവിതത്തിലേക്ക് കര്‍ണാടക സ്വദേശിനിയായ റെയില്‍വേ എന്‍ജിനിയര്‍ കിന്നരി കടന്നു വന്നതു പോലെ രസകരമാണ് നടി മേഘ തോമസിന്റെ അഭിനയ യാത്രയും. കിന്നരിയെ സ്വാഭാവികതയോടെ അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ കൈനീട്ടി സ്വീകരിച്ചതിന്റെ ആഹ്ളാദത്തില്‍ മേഘ തോമസ് സംസാരിച്ചു തുടങ്ങി.
മേഘയുടെ വാക്കുകൾ:
‘പത്തിലധികം സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു. കണ്ണുചിമ്മിയാല്‍ കഥാപാത്രത്തെ സ്ക്രീനില്‍ കാണാന്‍ കഴിയില്ല. എങ്കിലും ആ സഞ്ചാരം ആസ്വദിച്ച് പതിയേ മുമ്പോട്ട് പോയി. എന്നെങ്കിലും സിനിമയില്‍ നല്ല റോള്‍ ലഭിക്കുമെന്ന ആത്മവിശ്വാസമായിരുന്നു കൈയില്‍.
ചെറിയ വേഷത്തില്‍നിന്ന് വലിയ കഥാപാത്രത്തിലേക്ക് നാളെ വരുമെന്ന് ഉറപ്പിച്ചായിരുന്നു യാത്ര. ആ സഞ്ചാരം എനിക്ക് ഇഷ്ടപ്പെട്ടു. സിനിമയില്‍ എനിക്ക് ഗോഡ് ഫാദറില്ല. എങ്ങനെ പോവണമെന്ന് ഈ ചെറിയ യാത്രയില്‍ പഠിക്കാന്‍ കഴിഞ്ഞു. എല്ലാ കഥാപാത്രങ്ങളും ഒരേപോലെ സംതൃപ്തി തന്നതില്‍ ഏറെ സന്തോഷം
ഓഡിഷനിലൂടെയാണ് ശ്യാമപ്രസാദ് സാറിന്റെ ’ഒരു ഞായറാഴ്ച’ യില്‍ എത്തുന്നത്. ഒരാഴ്ചത്തെ അഭിനയ കളരി സംഘടിപ്പിച്ചിരുന്നു. മാറുന്ന കാലത്ത് സമൂഹത്തിലെ ഒരു പ്രധാന വിഷയമാണ് ’ഒരു ഞായറാഴ്ച’ ചര്‍ച്ച ചെയ്യുന്നത്. ’ഒരു ഞായറാഴ്ച’ കഴിഞ്ഞ് അഭിനയിച്ച സിനിമയാണ് ’ആഹാ’. പിന്നീട് ’മേനക’ എന്ന വെബ്സീരിസിന്റെയും ഭാഗമാവാന്‍ കഴിഞ്ഞു
ഒരു ഞായറാഴ്ചയ്ക്കുശേഷം ’ഭീമന്റെ വഴി’യിലാണ് മുഴുനീള വേഷം ചെയ്യുന്നത്. കിന്നരിയെ പോലെ ഞാനും കര്ണാടകക്കാരിയാണെന്ന് കരുതുന്നവരുണ്ട്. കുര്‍ത്തയും തൊപ്പിയും തോളില്‍ ബാഗും ധരിച്ച കിന്നരി. മുടിക്ക് നിറം കൊടുക്കണമെന്ന് പറഞ്ഞു. കിന്നരിക്ക് പൊട്ടും കുറിയും മുക്കുത്തിയും കൊടുത്താലോ എന്ന് ചോദിച്ചപ്പോള്‍ ആഡംബരം വേണോ എന്ന് ചെമ്പേട്ടൻ (ചെമ്പൻ വിനോദ് ജോസ്) ചോദിച്ചു. ഇഷ്ടപ്പെട്ടില്ലെങ്കില്‍ മാറ്റാമെന്ന് ഞാന്‍. പൊട്ടും കുറിയും മുക്കുത്തിയും വച്ചപ്പോള്‍ ഇതാണ് കിന്നരി എന്ന് സംവിധായകന് അഷ്റഫ് ഇക്ക പറഞ്ഞു.
ചെമ്പേട്ടനാണ് കിന്നരിയെ സ്കെച്ച് ചെയ്തത്. അഷ്റഫ് ഇക്ക അതിനെ ഭംഗിയായി സ്ക്രീനില്‍ എത്തിക്കുന്നതിന് സഹായിച്ചു. കഥാപാത്രം നന്നായതിന്റെ എല്ലാ അവകാശങ്ങളും അവര്‍ക്കാണ്. അവര്‍ പറഞ്ഞതിനെ ഉള്‍ക്കൊണ്ട് എന്റെ രീതിയില്‍ കൊണ്ടുപോയി. ഞാന്‍ തന്നെയാണ് ഡബ് ചെയ്തത്. ഡല്‍ഹിയില്‍ പഠിച്ചു വളര്‍ന്നതിനാല്‍ എന്റെ മലയാളം പകുതിയേ മനസിലാകുവെന്ന് പറയുന്നവരുണ്ട്. എന്റെ ആ പരിമിതി കഥാപാത്രത്തിന് ഗുണം ചെയ്തുവെന്ന് വിശ്വസിക്കുന്നു.’
Post Your Comments