നിരവധി വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വാരിയന്‍കുന്നന്‍ പ്രധാന കഥാപാത്രമായി വരുന്ന അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ’ വരെ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍. അലി അക്ബര്‍ തന്നെ സംവിധാനം ചെയ്ത ബാംബു ബോയ്‌സിലാണ് ആദ്യമായി അഭിനയിക്കുന്നതെന്നും, ഈ ചിത്രത്തിലും മികച്ചൊരു വേഷം ചെയ്യാന്‍ സാധിച്ചുവെന്നും രാമകൃഷ്ണന്‍ പറയുന്നു.
ആര്‍എല്‍വി രാമകൃഷ്ണന്റെ വാക്കുകള്‍:
‘നിരവധി വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വാരിയന്‍കുന്നന്‍ പ്രധാന കഥാപാത്രമായി വരുന്ന അലി അക്ബര്‍ സംവിധാനം ചെയ്യുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ചാത്തന്‍ പുലയന്‍ എന്ന ഒരു മുഴുനീള കഥാപാത്രത്തെ ഞാന്‍ ഈ ചിത്രത്തില്‍അവതരിപ്പിക്കുന്നു എന്ന സന്തോഷം ഞാന്‍ നേരത്തെ നിങ്ങളുമായി പങ്കുവച്ചിരുന്നല്ലോ.
ഞാന്‍ ആദ്യമായി മണി ചേട്ടനോടൊപ്പം ഒരു സിനിമാ ലൊക്കേഷനിലേക്ക് പോകുന്നത് പെരുമ്പാവൂരില്‍ ചിത്രീകരണം നടന്ന അലി അക്ബര്‍ സംവിധാനം ചെയ്ത മണി ചേട്ടന്‍ പ്രധാന വേഷം ചെയ്ത ബാംബൂ ബോയ്‌സിന്റെ ലൊക്കേഷനിലേക്കാണ്. അവിടെ ചെന്നപ്പോള്‍ യാദൃശ്ചികമായി എന്നെ കൊണ്ട് ഒരു കഥാപാത്രം ആ ചിത്രത്തില്‍ ചെയ്യിപ്പിച്ചത് അലി അക്ബര്‍ സാറായിരുന്നു. ജെ വില്യംസ് ക്യാമറ ചലിപ്പിച്ച ആ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ എന്ന അതുല്യ നടനോടൊപ്പം ആയിരുന്നു ആദ്യ ഷോട്ട്. ഷൂട്ടിങ്ങ് എന്താണെന്ന് കണ്ടിട്ടില്ലാത്ത ഞാന്‍ വളരെ പരിഭ്രാന്തനായ നിമിഷം. ഒപ്പം കുറേ സിനിമാ നടന്‍മാരെ നേരില്‍ കണ്ട സന്തോഷവും.
നാളുകള്‍ക്കിപ്പുറം മണി ചേട്ടന്റെ വിയോഗശേഷം ആ സംവിധായകന്‍ എന്നെ മറന്നില്ല. ഈ ചിത്രത്തില്‍ ചാത്തന്‍ പുലയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്ത് എന്നെയായിരുന്നു. ഞങ്ങളുടെ പരിചയത്തില്‍ ധാരാളം സിനിമാ സംവിധായകര്‍ ഉണ്ടെങ്കിലും ഇങ്ങനെയൊരു ചേര്‍ത്തു നിര്‍ത്തലും സമാശ്വാസവും ഉണ്ടായത് അലി സാറില്‍ നിന്നാണ് എന്ന് തുറന്നു പറയുന്നതില്‍ യാതൊരു മടിയും ഇല്ല.
ഒരു സംവിധായകരുടെയും മുന്‍പില്‍ ചാന്‍സ് ചോദിച്ച് പോയിട്ടില്ലാത്ത എന്നെ വിളിച്ച് ഒരു അവസരം തന്ന ഈ സിനിമയെ ഉപേക്ഷിക്കാന്‍ തോന്നിയില്ല. കാരണം ഈ ചിത്രത്തിലെ ചാത്തന്‍ പുലയനെ പറ്റി പറഞ്ഞപ്പോള്‍ അത്രയേറെ ഇഷ്ടമായി. ഒപ്പം ഒരു അടിപ്പൊളി ഗാനരംഗം എനിക്ക് വേണ്ടിയുള്ളതാണെന്ന് പറഞ്ഞ ആ ഗാനം കേട്ടപ്പോള്‍ ഒട്ടും തന്നെ സംശയം തോന്നിയില്ല. ഈ കഥാപാത്രത്തെ ഞാന്‍ അവതരിപ്പിക്കാം എന്ന് സമ്മതിച്ചതിന്റെ പിറ്റേ ദിവസം അലി അക്ബറും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിജില്‍ ദിവാകരനും മറ്റും ചേര്‍ന്ന് ഞാന്‍ ജോലി ചെയ്യുന്ന കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ വന്ന് അഡ്വാന്‍സ് തന്ന് ഉറപ്പിച്ചു. എന്റെ സഹോദരനോടുണ്ടായിരുന്ന എല്ലാ ബഹുമാനവും സ്‌നേഹവും ആ ലൊക്കേഷനില്‍ എനിക്ക് ലഭിച്ചത് ഞാന്‍ മറക്കില്ല. കല കാണാനും ആസ്വദിക്കാനും മാത്രമാണ്. സിനിമയായാലും സംഗീതമായാലും നൃത്തമായാലും എല്ലാം ഒരു പോലെ തന്നെ’.
Post Your Comments