പുരുഷന്മാര്‍ക്ക് മാത്രമാണ് ഇവിടെ തിയേറ്റര്‍ മാര്‍ക്കറ്റ് ഉള്ളത്, ഈ അവസ്ഥയില്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ അത് പലരെയും ബാധിക്കുമെന്ന് നടിയും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം തുറന്നു പറഞ്ഞത്.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ:
‘ഹേമ കമ്മീഷന്‍ എന്നെയും ഒരുദിവസം വിളിച്ച്, രണ്ടു- മൂന്നു മണിക്കൂറുകളോളം സംസാരിച്ചിരുന്നു. എനിക്ക് ഒട്ടും താല്‍പര്യം ഇല്ലായിരുന്നു പോകാന്‍. ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് എന്റെ മനസ്സില്‍ തോന്നിയിരുന്നു. എന്നാല്‍ ഒരുപാട് പേരുടെ തൊഴിലിന്റെ പ്രശ്‌നമാണ്, അവര്‍ അനുഭവിക്കുന്ന പല തരത്തിലുള്ള മാനസിക പീഡനങ്ങള്‍ക്ക് എന്തെങ്കിലും നിവര്‍ത്തി ഉണ്ടാക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു കമ്മീഷന്‍ രൂപീകരിച്ചത്. അതിനോടൊപ്പം സഹകരിക്കുക എന്നത് എന്റെ കടമയാണ് തോന്നിയതിനാല്‍ ഞാന്‍ പോയി.
മലയാള സിനിമയിലെ സ്ത്രീ നിര്‍മ്മാതാക്കളുടെ എണ്ണം നോക്കിയാല്‍ അഞ്ചില്‍ കുറവാണ്. എക്‌സിബിറ്റേഴ്‌സില്‍ വനിതകള്‍ ഉണ്ടോ എന്ന് എനിക്ക് അറിയില്ല. ഇത് ഒരു പുരുഷാധിപത്യമുള്ള മേഖലയാണ്. ഇവിടെ സ്ത്രീയുടെ ശബ്ദം ആരും മുഖവിലയ്ക്ക് എടുക്കില്ല’- ഭാഗ്യലക്ഷ്മി പറഞ്ഞു.
Post Your Comments