മലയാളികളുടെ സ്വന്തം വാനമ്പാടിയാണ് കെ എസ് ചിത്ര. വർഷം കൂടുന്തോറും പാട്ടിന് മാധുര്യം കൂടുന്നതല്ലാതെ മറ്റൊരു മാറ്റവും ആ ശബ്ദത്തിനും ചിത്രയെന്ന വ്യക്തിക്കും സംഭവിച്ചിട്ടില്ല. പ്രായഭേദമെന്യേ മലയാളികളുടെ സ്വകാര്യ അഭിമാനമായ ചിത്രയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. പാടിത്തുടങ്ങിയ കാലത്ത് സിനിമയുടെ ടൈറ്റിലില്‍ പേരെഴുതി കാണിക്കുന്നത് കാണാന്‍ വലിയ ആകാംക്ഷയും സന്തോഷവുമായിരുന്നു എന്നാണ് ചിത്ര പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര തന്റെ പഴയ കാല സ്മരണകൾ പറഞ്ഞത്.
ചിത്രയുടെ വാക്കുകൾ :
‘പാടിത്തുടങ്ങിയ കാലത്ത് സിനിമയുടെ ടൈറ്റിലില്‍ പേരെഴുതി കാണിക്കുന്നത് കാണാന്‍ വലിയ ആകാംക്ഷയും സന്തോഷവുമായിരുന്നു. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രം റിലീസ് ചെയ്ത കാലം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അന്ന് മൂന്ന് നിലയുള്ള ഒരു തിയറ്റര്‍ ഉണ്ടായിരുന്നു തിരുവനന്തപുരത്ത്. അതിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം. അന്ന് സിനിമ കാണാന്‍ പോകാന്‍ വേണ്ടി എല്ലാവരും വീട്ടില്‍ നിന്ന് ഇറങ്ങി വണ്ടിയില്‍ കയറി. അപ്പോഴേയ്ക്കും നേരം വൈകിയിരുന്നു.
സിനിമ തുടങ്ങും മുമ്പ് എത്തില്ല എന്നോര്‍ത്ത് ഞാൻ ആകെ പരിഭ്രമിച്ചു. എന്റെ പേര് സ്‌ക്രീനില്‍ എഴുതി കാണിക്കുന്നത് കാണണം എന്ന ചിന്ത മാത്രമായിരുന്നു മനസില്‍. ധൃതി പിടിച്ച് അവിടെ എത്തിയപ്പോഴേയ്ക്കും സിനിമ തുടങ്ങാറായി. അന്ന് മുകളിലെ നില വരെ ഓടിക്കയറി.
അന്ന് അച്ഛന് ചെറിയൊരു ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നു. ഒരുപാട് സമ്മര്‍ദ്ദമുണ്ടായാല്‍ നെഞ്ചു വേദന വരും. പക്ഷേ ആ ബുദ്ധിമുട്ട് ഒന്നും ആലോചിക്കാതെ ആകാംക്ഷ കൊണ്ട് അച്ഛനും കൂടെ ഓടി. അങ്ങനെ അകത്തു കയറി എന്റെ പേരെഴുതി കാണിച്ചതൊക്കെ കണ്ടു. സിനിമ പകുതി ആയപ്പോഴേയ്ക്കും അച്ഛന് ചെറിയ അസ്വസ്ഥത തോന്നിത്തുടങ്ങി. എല്ലാവര്‍ക്കും ടെന്‍ഷന്‍ ആയി. പിന്നെ സിനിമ കാണാനോ ആസ്വദിക്കാനോ ഒന്നും സാധിച്ചില്ല. അന്ന് ഭാഗ്യം കൊണ്ട് അച്ഛന് വേറെ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ഈ സംഭവം ഒരിക്കലും മറക്കാന്‍ പറ്റില്ല’.
Post Your Comments