InterviewsLatest NewsNEWS

അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹത്തെ കാണുന്നത് ഗുരുനാഥനായിട്ടാണ്: ഉണ്ണി മുകുന്ദന്‍

ലോഹിതദാസിന്റെ ചിതയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ ഉണ്ണിയെ തനിക്ക് ഇപ്പോഴും ഓർമ്മയുണ്ടെന്നും, ലോഹി സാറിന്റെ അനുഗ്രഹം അവനോടൊപ്പം ഉണ്ടെന്നും ഉണ്ണി മുകുന്ദനെ കുറിച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പങ്കുവെച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ലോഹിതദാസുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നു പറയുകയാണ് ഉണ്ണി മുകുന്ദന്‍ .

ഉണ്ണി മുകുന്ദന്റെ വാക്കുകൾ:

പ്ലസ് ടു കഴിഞ്ഞ് കുറച്ച് മാസം കോളജില്‍ പോയിരുന്നു. പിന്നെ ടീച്ചറുമായി ചെറിയ പ്രശ്‌നമൊക്കെ ആയ ശേഷം കോളജില്‍ പോകുന്നത് നിര്‍ത്തി. കോളജ് നിര്‍ത്തിയ പിറ്റേദിവസം മുതല്‍ ഞാൻ ചെറിയ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. പ്ലസ് ടു വിദ്യാഭ്യാസം വെച്ച് മോശമില്ലാത്ത ജോലികള്‍ ചെയ്തിട്ടുണ്ട്.

പിന്നീട് അച്ഛനോട് പറഞ്ഞപ്പോള്‍ അച്ഛനാണ് എവിടെ നിന്നോ സംവിധായകന്‍ ലോഹിതദാസിന്റെ അഡ്രസ് സംഘടിപ്പിച്ച് തന്നത്. അങ്ങനെയൊരിക്കല്‍ അദ്ദേഹത്തിന് താന്‍ കത്തെഴുതി. എന്തുകൊണ്ടോ കത്ത് വായിച്ച് അദ്ദേഹം തന്റെ വീട്ടിലേക്ക് വിളിച്ചു. ഒരു ദിവസം കാണാന്‍ ചെല്ലാന്‍ പറഞ്ഞു.

അങ്ങനെയാണ് അദ്ദേഹത്തെ കാണാന്‍ വീട്ടിലേക്ക് പോകുന്നത്. അവിടെ ചെന്ന് അദ്ദേഹവുമായി നന്നായി സംസാരിച്ചു. വളരെ സാധാരണക്കാരനായ ഒരു മനുഷ്യനായിരുന്നു. അന്ന് മുതല്‍ അദ്ദേഹവുമായി നല്ലൊരു ബന്ധമുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്ന് വന്ന് നിരവധി ആരാധകര്‍ അദ്ദേഹത്തെ കാണാന്‍ വീട്ടിന്റെ മുമ്പില്‍ വന്ന് ക്യൂ നില്‍ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

അപ്പോഴും ക്യൂവില്‍ നില്‍ക്കാതെ അദ്ദേഹത്തെ കാണാന്‍ വീടിനുള്ളിലേക്ക് നേരിട്ട് കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം എനിക്ക് അദ്ദേഹം തന്നിരുന്നു. അദ്ദേഹം മരിച്ചുവെന്ന് അച്ഛന്‍ വഴിയാണ് ഞാൻ അറിഞ്ഞത്. അദ്ദേഹത്തെ അവസാനമായി കാണാന്‍ വന്നപ്പോഴാണ് ആദ്യമായി വിമാനത്തില്‍ കയറിയത്.

അതുകൊണ്ട് ആ ഫ്‌ളൈറ്റ് യാത്ര പോലും ഇന്നും വിഷമത്തോടെയാണ് ഓര്‍ക്കുന്നത്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും എന്നും എന്റെ ഗുരുനാഥനായിട്ടാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്’- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button