InterviewsLatest NewsNEWS

‘ദളിതര്‍ ആയതു കൊണ്ട് അവര്‍ക്കെതിരെ കേസ് വന്നില്ല, ഞാൻ നിരന്തരം കോടതി കയറി ഇറങ്ങാന്‍ തുടങ്ങി’: സലിം കുമാര്‍

ഒരു സുഹൃത്തിനെ സഹായിക്കാനായി ചെയ്ത പരിപാടിയെ തുടർന്ന് ജാതിപ്പേരു വിളിച്ചുവെന്ന കേസിൽ പെട്ടുപോയ വിവരം പങ്കുവച്ച് സലിം കുമാര്‍. ചാരിറ്റിയുടെ പേരില്‍ ചെയ്ത കാസറ്റില്‍ കൃഷ്ണന്‍കുട്ടി നായര്‍ നായര്‍ ഉള്ളാടന്‍ ജാതിയില്‍ പെട്ടതാണെന്ന് പറഞ്ഞതാണ് വിനയായതെന്ന് താരം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

സലിം കുമാറിന്റെ വാക്കുകൾ :

‘വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവന്‍ ജയന്‍ എന്ന സുഹൃത്ത് വന്നു അവന്റെ ഒരു ദളിത് സുഹൃത്തിന് വീടില്ല എന്നു പറഞ്ഞു. അയാളെ സഹായിക്കാന്‍ വേണ്ടി ഒരു കാസറ്റ് ഇറക്കാന്‍ തീരുമാനിച്ചു. മണിയുണ്ട്, ഞാനുണ്ട്, ജയന്‍, സജീവ് അങ്ങനെ ഞങ്ങളുടെ ഒരു ഗാങ് ആണ് മുന്നിട്ടിറങ്ങിയത്.

ഒരു ചാരിറ്റി എന്ന രീതിയിലാണ് ഈ കാസറ്റ് ചെയ്തത്. ഈ കാസറ്റിന്റെ സ്‌ക്രിപ്റ്റില്‍ കൃഷ്ണന്‍കുട്ടി നായര്‍ ഏത് ജാതിയില്‍ പെട്ട ആളാണ് എന്നൊരു കാര്യം ഉണ്ടായിരുന്നു. എല്ലാവരും എല്ലാ ജാതിയും പറഞ്ഞു. സ്‌ക്രിപ്റ്റിന് അനുസരിച്ചു ഞാൻ ഉള്ളാടന്‍ എന്നാണ് പറയേണ്ടത്. പരിപാടി കഴിഞ്ഞു കാസറ്റ് കച്ചവടം ചെയ്തു. അമ്പതിനായിരം രൂപയോളം അന്ന് കിട്ടി.

വര്‍ഷങ്ങള്‍ക്ക് ശേഷം, ഞാൻ സിനിമാ നടന്‍ ആയതിനു ശേഷം എന്റെ വീടിന് മുന്നില്‍ പൊലീസുകാര്‍ നില്‍ക്കുകയാണ്. അറസ്റ്റ് വാറണ്ട് ഉണ്ട് എന്നാണ് പൊലീസുകാര്‍ പറയുന്നത്. ഞാൻ പേടിച്ചു പോയി. ഉള്ളാട മഹാസഭ കേസ് കൊടുത്തിരിക്കുകയാണ്.

പണ്ട് ആ കാസറ്റില്‍ കൃഷ്ണന്‍കുട്ടി നായരുടെ ജാതി ഉള്ളാടന്‍ എന്നു പറഞ്ഞതിനാണ് കേസ്. മണിയും സജീവും ഉള്ളാടന്‍ എന്നു പറഞ്ഞിരുന്നു. മണിയും സജീവും ദളിതര്‍ ആയതു കൊണ്ട് അവര്‍ക്കെതിരെ കേസ് വന്നില്ല. പക്ഷേ എനിക്കെതിരെ കേസ് വന്നു. അവര്‍ പറയുന്നത് ദളിതര്‍ക്ക് ദളിതരുടെ ജാതി പറയാം, ഞാൻ ഈഴവനായതു കൊണ്ട് പറയാന്‍ പാടില്ല എന്നാണ്.

അങ്ങനെ ഞാൻ നിരന്തരം കോടതി കയറി ഇറങ്ങാന്‍ തുടങ്ങി. ഇവരുടെ അസോസിയേഷനുമായി ബന്ധപ്പെടാന്‍ ശ്രമം നടത്തി. ഒരു രക്ഷയുമില്ല. എന്നെ അറസ്റ്റ് ചെയ്ത് എറണാകുളം ഹൈക്കോടതിയിലാണ് ഹാജരാക്കിയത്. ഹരിശ്രീ വേണു എന്ന സുഹൃത്തിന്റെ ജാമ്യത്തില്‍ എന്നെ വിട്ടു. പിന്നെ സ്ഥിരം കോടതി കയറി ഇറങ്ങലായി.

ഒരു ദിവസം ഞാൻ സെഷന്‍ കോടതിയില്‍ നില്‍ക്കുകയാണ്. അപ്പോള്‍ ജഗതി ചേട്ടന്റെ വിതുര കേസ് നടന്നു കൊണ്ടിരിക്കുകയാണ്. അന്ന് കേസ് കഴിഞ്ഞു ജഗതി ചേട്ടന്‍ കോട്ടയത്തേക്ക് മടങ്ങുന്നു. ഞാൻ കോടതിയില്‍ ഒപ്പിടാന്‍ ചെന്നപ്പോള്‍ അവിടെ ഉള്ളവര്‍ ഭയങ്കര ചിരിയാണ്. ‘ഒരു കൊമേഡിയന്‍ പോയപ്പോള്‍ മറ്റൊരു കൊമേഡിയന്‍ വന്നു’ എന്നു പറഞ്ഞാണ് ചിരിക്കുന്നത്. അന്ന് വണ്ടിയില്‍ നിന്ന് എന്റെ വക്കീല്‍ പറയുകയാണ് ‘ജഗതി ചേട്ടന്‍ ചെയ്തതിലും വലിയ തെറ്റാണ് നിങ്ങള്‍ ചെയ്തത്’ എന്ന്. പിന്നീട് ആ കേസ് തള്ളിപ്പോയി.’

shortlink

Related Articles

Post Your Comments


Back to top button