തിരുവനന്തപുരം: ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’യില്‍ അശ്ലീലമില്ലെന്നും, ചിത്രത്തിലെ സംഭാഷണങ്ങള്‍ കഥയോടും കഥാപാത്രങ്ങളോടും ചേര്‍ത്തുവച്ചു വേണം കാണാനെന്നും പൊലീസ് സമിതിയുടെ വിലയിരുത്തല്‍. ഹൈക്കോടതി നിര്‍ദേശപ്രകാരം ചിത്രം കണ്ട പൊലീസ് സംഘം ഇത്തരമൊരു നിഗമനത്തില്‍ എത്തിയതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ഹൈക്കോടതി നിര്‍ദേശപ്രകാരം ചുരുളിയില്‍ നിയമ ലംഘനമുണ്ടോയെന്നു പരിശോധിക്കാന്‍ എഡിജിപി കെ പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ പൊലീസ് മേധാവി ചുമതലപ്പെടുത്തിയിരുന്നു. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ദിവ്യ ഗോപിനാഥ്, സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ എ നാസിം എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
‘ചിത്രത്തിലെ സംഭാഷണങ്ങളെ കഥയുമായി ചേര്‍ത്തുവച്ചു വേണം കാണാനെന്ന് സമിതി അഭിപ്രായപ്പെട്ടു. കഥ ആവശ്യപ്പെടുന്ന ഭാഷയാണ് സംഭാഷണങ്ങളിലുണ്ടാവുക. എങ്കിലും നിയമവശങ്ങളില്‍ കുറച്ചുകൂടി വ്യക്തത വേണ്ടതുണ്ട്’- പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ചുരുളിയിലെ സംഭാഷണങ്ങള്‍ അസഭ്യമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിനിമ സ്ട്രീം ചെയ്യുന്നതില്‍ ക്രിമിനല്‍ കുറ്റമോ, നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ ലംഘനമോ ഉണ്ടോയെന്നു പരിശോധിക്കാൻ ഹൈക്കോടതിയുടെ നിര്‍ദേശം. ഇങ്ങനെയൊക്കെ പരാതി ഉയര്‍ന്നാല്‍ ഒരാള്‍ക്കും സിനിമയ്ക്കു തിരക്കഥ എഴുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
‘വാസവദത്ത എഴുതിയതിന്റെ പേരില്‍ രചയിതാവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യം ഉയരാം. പ്രസിദ്ധരായ പല എഴുത്തുകാര്‍ക്കും കവികള്‍ക്കും എതിരെ സമാനമായ പരാതി ഉന്നയിക്കാം. സിനിമ ചലച്ചിത്രകാരന്റെ സൃഷ്ടിയാണ്. കലാകാരന്റെ സ്വാതന്ത്ര്യമെന്നാല്‍ സങ്കല്‍പ്പിക്കാനും സൃഷ്ടിക്കാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. ചുരുളി ഒടിടി പ്ലാറ്റ്‌ഫോമിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് പണം കൊടുത്തു കാണാം. ഒരാളും അതു കാണാന്‍ നിര്‍ബന്ധിക്കുന്നില്ല. നിര്‍ബന്ധപൂര്‍വം ഒരാളെ കാണിയാക്കി മാറ്റുന്ന ഒന്നല്ല ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കോടതി പറഞ്ഞു.
സിനിമയില്‍ വള്ളുവനാടന്‍ ഭാഷ മാത്രമേ പറ്റൂ എന്നൊന്നും നിര്‍ദേശിക്കാന്‍ കോടതിക്കാവില്ല. കണ്ണൂര്‍ ഭാഷ വേണം, തിരുവനന്തപുരം ഭാഷ വേണം എന്നൊന്നും പറയാനാവില്ല. സിനിമയുടെ പ്രദര്‍ശനം നിലവിലുള്ള ഏതെങ്കിലും നിയമത്തെ ലംഘിക്കുന്നുണ്ടോയെന്നേ കോടതിക്കു പരിശോധിക്കാനാവൂ. അതു പരിശോധിക്കുമ്ബോള്‍ തന്നെ കലാകാരന്റെ സ്വാതന്ത്ര്യവും പരിഗണിക്കേണ്ടതുണ്ട്’- ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments