InterviewsLatest NewsNEWS

‘എല്ലാവരും കുറ്റപ്പെടുത്തി, പക്ഷേ സുരേഷ് ഗോപിയെ നല്ലൊരു നടനാക്കിയത് പൊന്നുച്ചാമിയാണ്’: അലി അക്ബർ

മുഖചിത്രം എന്ന ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകനായി സിനിമാലോകത്തേക്ക് വന്നയാളാണ് അലി അക്ബർ. തുടർന്ന് മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. അതിനുശേഷം മുഖമുദ്ര, പൊന്നുച്ചാമി, പൈ ബ്രദേഴ്‌സ്, ജൂനിയര്‍ മാന്‍ഡ്രേക്ക്, കുടുംബ വാര്‍ത്തകള്‍, സീനിയര്‍ മാന്‍ഡ്രേക്ക് തുടങ്ങി നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ സംവിധാനം ചെയ്തു.

ഇപ്പോൾ അദ്ദേഹം ഇസ്ലാം ഉപേക്ഷിച്ച് അലി അക്ബർ എന്ന പേര് മാറ്റി രാമസിംഹൻ എന്ന പേര് സ്വീകരിച്ചതുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇതോടെ അദ്ദേഹത്തിന്റെ പഴയ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സുരേഷ് ഗോപിയുടെ കരിയർ മാറ്റി മറിച്ച പൊന്നുച്ചാമി എന്ന സിനിമയെ കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അലി അക്ബറിന്റെ വാക്കുകൾ :

‘സുരേഷ് ഗോപിയെ നല്ലൊരു നടനാക്കി മാറ്റുന്നത് പൊന്നുച്ചാമിയാണ്. എല്ലാവരും പറഞ്ഞത് ആ പടം പൊളിഞ്ഞ് പോകും. ഇതെന്തൊരു കാസ്റ്റിംഗ് ആണ് എന്നൊക്കെ ആയിരുന്നു. സുരേഷ് ഗോപി നായകനാവുന്ന ആദ്യത്തെ സിനിമയാണ്. അതിന് ശേഷമാണ് അദ്ദേഹത്തിന് സീരിയസ് റോളുകൾ ലഭിക്കുന്നത്.

റോംഗ് കാസ്റ്റിംഗ് ആണെന്ന് പറഞ്ഞ് അന്ന് എന്നെ എല്ലാവരും കുറ്റപ്പെടുത്തിയിരുന്നു. പക്ഷേ സുരേഷ് ഗോപി എന്ന നടൻ അതിലൂടെ തെളിഞ്ഞ് വരികയായിരുന്നു. അദ്ദേഹം സ്ഥിരം പോലീസ് ഓഫീസറായി തോക്കും കൊണ്ട് നടക്കുന്ന കഥാപാത്രങ്ങളാണ് കൂടുതലും ചെയ്തത്. സ്ഥിരമായി അങ്ങനെ ചെയ്യാൻ തുടങ്ങിയതോടെ മറ്റ് സിനിമകൽ അഭിനയിക്കുമ്പോൾ ഷോൾഡർ ലൂസ് ചെയ്യാൻ പറയണമായിരുന്നു. ബോഡി ലാംഗ്വേജ് മാറ്റി എടുക്കേണ്ടി വന്നിരുന്നു.

ശരിക്കും നടൻ മുരളി ചെയ്യേണ്ട വേഷമാണത്. അഡ്വാൻസ് വാങ്ങിയതിന് ശേഷം മനേജ് കെ ജയനും മുരളിയും ഒരാഴ്ചയ്ക്ക് മുമ്പ് ആ സിനിമയിൽ നിന്നും മാറി. അഡ്വാൻസ് തുക താൻ തിരിച്ച് വാങ്ങി. ആ ചതിയിലേക്ക് ഒന്നും ഇനി പോവേണ്ട. പിന്നെ ഈ കഥാപാത്രം മുരളി ചെയ്താലേ നന്നാവുകയുള്ളു എന്നാണ് സുരേഷ് ഗോപിയും പറഞ്ഞത്. കാരണം അത്രയും നല്ല വേഷമായിരുന്നു.

ആ കഥാപാത്രം ചെയ്യാൻ ഒരു പേടി സുരേഷ് ഗോപിയ്ക്ക് ഉണ്ടായിരുന്നു. ‘അയ്യോ അത് ശരിയാവില്ല അലി’ എന്നൊക്കെ അദ്ദേഹം പറഞ്ഞു. പിന്നെ ഞാനത് പറഞ്ഞ് റെഡിയാക്കുകയാണ് ചെയ്തത്. സുരേഷ് ഗോപിയുടെ വേറിട്ട സിനിമയാണത്. വെറും പതിമൂന്ന് ദിവസം കൊണ്ടാണ് ആ പടം ചെയ്തത്. വലിയ റിസ്‌ക് ഒന്നും എടുത്തില്ല. സാമ്പത്തികമായി വിജയിക്കുകയും ചെയ്തു’.

shortlink

Related Articles

Post Your Comments


Back to top button