GeneralLatest NewsNEWS

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മൂന്നംഗസമിതി

തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ നൽകിയ റിപ്പോർട്ട് പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഈ റിപ്പോർട്ട് രണ്ടുവർഷത്തോളം അടച്ചുപൂട്ടിവെച്ച സർക്കാർ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സമിതിയെ നിയമിച്ചത്. ചലച്ചിത്ര അക്കാദമി സെക്രട്ടറി, സാംസ്കാരിക വകുപ്പ് അണ്ടർ സെക്രട്ടറി, നിയമവകുപ്പ് അണ്ടർ സെക്രട്ടറി എന്നിവരാണ് സമിതിയംഗങ്ങൾ. കമ്മീഷൻ റിപ്പോർട്ട് ഏത് തരത്തിൽ പ്രാവർത്തികമാക്കാമെന്ന ആലോചനയുടെ ഭാഗമായാണ് സമിതി.

സിനിമാ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച കമ്മിഷന്റെ ശുപാർശ ചലചിത്ര അക്കാദമി സെക്രട്ടറിയും സാംസ്കാരിക വകുപ്പും പരിശോധിക്കും. നിയമപരമായ പ്രശ്നങ്ങൾ നിയമവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തും. നിയമനിർമ്മാണ സാധ്യതകളാണ് നിയമവകുപ്പ് പ്രധാനമായും പരിശോധിക്കുന്നത്. ട്രിബ്യൂണൽ രൂപീകരിക്കുമ്പോൾ ഇപ്പോഴുള്ള കമ്മിഷനുകളുമായോ നിയമവേദികളുമായോ സാമ്യമുണ്ടാകാതിരിക്കാനാണ് നിയമവകുപ്പിന്റെ പരിശോധന. മൂന്ന് അംഗങ്ങളുടെയും അഭിപ്രായം അറിഞ്ഞശേഷം സർക്കാർ തീരുമാനമെടുക്കും. റിപ്പോർട്ട് സമർപിക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സാംസ്കാരിക വകുപ്പ് അധികൃതർ പറഞ്ഞു. ഹേമ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പ്രവർത്തനം വേഗത്തിലാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

2019 ഡിസംബർ 31ന് ആണ് ഹേമ കമ്മിഷൻ 300 പേജുള്ള റിപ്പോർട്ട് സർക്കാരിനു സമർപിച്ചത്. റിപ്പോർട്ടിന്റെ പൂർണരൂപം ഇതുവരെ സർക്കാർ പുറത്തു വിട്ടിട്ടില്ല. സിനിമയിൽ അവസരം ലഭിക്കാൻ കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നതായും മറ്റു രീതിയിൽ ചൂഷണം ചെയ്യുന്നതായും നിരവധിപേർ കമ്മിഷനെ അറിയിച്ചു. ഇതിനു പിൻബലം നൽകുന്ന ഓഡിയോ ക്ലിപ്പുകളും മെസേജുകളും ഹാജരാക്കി. ഷൂട്ടിങ് സ്ഥലത്ത് ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ലെന്നും ഇതു ചോദിച്ചാൽ മോശമായി പ്രതികരിക്കാറുണ്ടെന്നും ചിലർ പരാതിപ്പെട്ടു. തുടർന്ന്, ചലചിത്ര രംഗത്ത് വനിതകൾ ലിംഗപരവും തൊഴിൽപരവുമായ വിവേചനവും ചൂഷണവും നേരിടുന്നുണ്ടെന്നും നിയമനടപടി മാത്രമാണ് ഈ അനീതിക്കു പരിഹാരവുമെന്ന നിലപാടിലേക്ക് കമ്മിഷൻ എത്തുകയായിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വൽസലകുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.

 

shortlink

Related Articles

Post Your Comments


Back to top button