വണ്ണം കൂടിയതിന്റെ പേരിൽ പലപ്പോഴും താൻ ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി രശ്മി സോമൻ. ആളുകളുടെ ഇത്തരം നെഗറ്റീവ് അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞ് ധൈര്യസമേതം ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകണമെന്നും നമ്മൾ നമ്മളെ തന്നെ സ്നേഹിക്കണമെന്നും പറഞ്ഞ താരം തന്റെ സുഹൃത്തില്‍ നിന്നും നേരിട്ട ദുരനുഭവം യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചു. മനുഷ്യരായാല്‍ തടി കൂടുകയും മുടി കൊഴിയുകയും കുരു വരികയും എല്ലാം ചെയ്യും. ഇത് കേള്‍ക്കുമ്പോള്‍ ആത്മവിശ്വാസം തകരും. അതില്‍ നിന്നും രക്ഷപ്പെടാന്‍ നമ്മള്‍ സ്വയം സ്‌നേഹിക്കണം എന്നാണ് രശ്മി സോമന്‍ പറയുന്നത്.
രശ്മി സോമന്റെ വാക്കുകള്‍:
‘എന്നോട് പലരും പറയാറുള്ളത് തടി കൂടി എന്നാണ്. ഒരിക്കലൊക്കെ അങ്ങനെ പറഞ്ഞു പോകുന്നത് ഞാന്‍ കാര്യമാക്കാറില്ല. പക്ഷേ, ചിലരുണ്ട്. പിറകെ നടന്ന് പറഞ്ഞു കൊണ്ടിരിക്കും. മുടി പോയി, കുരു വന്നു, കണ്ണിനു താഴെ കറുപ്പു നിറം വന്നു. മനുഷ്യരായാല്‍ ഇങ്ങനെ മുടി കൊഴിയുകയും കുരു വരികയും എല്ലാം ചെയ്യും. നമ്മളില്‍ വരുന്ന മാറ്റങ്ങള്‍ നമുക്ക് അറിയാവുന്നതാണ്.
എന്നാല്‍ ഇങ്ങനെ പറയുന്നതിലൂടെ കേള്‍ക്കുന്നത് ഒരു സാധാരണ വ്യക്തിയാണെങ്കില്‍ അവരുടെ ആത്മവിശ്വാസം തകര്‍ന്നു പോകും എന്നുറപ്പാണ്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ നമ്മള്‍ നമ്മളെ തന്നെ സ്‌നേഹിക്കുകയാണ് വേണ്ടത്. കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു ദുരനുഭവം നിങ്ങളോട് പങ്കുവയ്ക്കുകയാണ്. എന്റെ സുഹൃത്തായിരുന്ന ഒരാള്‍ പല സമയത്ത് ഇങ്ങനെ തടിയെ കുറിച്ചും മറ്റും പറഞ്ഞിരുന്നു. എന്നാല്‍ സുഹൃത്ത് എന്ന നിലയിലായതിനാല്‍ ഞാന്‍ മറുപടി പറഞ്ഞിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം ചുറ്റിലും ധാരാളം പേരുണ്ടായിരുന്ന സമയത്ത് എന്റെ സുഹൃത്തായിരുന്ന ഈ വ്യക്തി എന്റെ തടിയെ കുറിച്ചും ശരീരത്തെ കുറിച്ചും വളരെ മോശമായി സംസാരിച്ചു. പക്ഷേ, എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. അദ്ദേഹം അത് ആസ്വദിച്ചു പറയുകയാണ്. എന്നാല്‍ കേട്ടു നിന്നവര്‍ മാന്യന്മാരായിരുന്നു. ചിലരുടെ മുഖത്ത് ഒരു ഞെട്ടല്‍ കണ്ടു. ഇങ്ങനെ പറഞ്ഞിട്ടും ഈ സ്ത്രീ എന്താണ് മിണ്ടാതിരിക്കുന്നത് എന്നായിരുന്നു അവരുടെ മുഖഭാവം.
ഇത്രയും ആത്മവിശ്വാസം ഉണ്ടായിരുന്ന ഞാന്‍ സത്യത്തില്‍ അയാളുടെ പെരുമാറ്റം കണ്ട് സ്തബ്ധയായി. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇങ്ങനെ ഞാന്‍ കേട്ടു കൊണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ ഇതെല്ലാം കേട്ടില്ലെന്നു ഭാവിച്ചു നടക്കുകയാണ് പതിവ്. എന്നാല്‍ നിരന്തരം ഇത്തരം നെഗറ്റീവ് കാര്യങ്ങള്‍ പറയുമ്പോള്‍ സ്വാഭാവികമായും നമ്മളില്‍ അത് ഒരു നെഗറ്റിവിറ്റിയുണ്ടാക്കും.
നമ്മുടെ ആത്മവിശ്വാസം തളര്‍ത്താനാണ് ഇത് ചെയ്യുന്നതെന്നു നമുക്കറിയാം. ഈ സംഭവത്തോടെ ഞാന്‍ ഈ സുഹൃത്തിനെ ഒഴിവാക്കി. പല പ്രായത്തിലുള്ളവര്‍ ഇത്തരം ബോഡി ഷെയ്മിംഗ് അനുഭവിക്കുന്നുണ്ടാകും. എന്നാല്‍ ഇത്തരം ബോഡിഷെയ്മിംഗ് അനുഭവിക്കുന്നവരോട് ഒറ്റക്കാര്യം മാത്രമേ എനിക്കു പറയാനുള്ളൂ. നമ്മള്‍ നമ്മളെ സ്‌നേഹിക്കുക മാത്രമാണ് ചെയ്യേണ്ടത്.
നമുക്ക് നമ്മളെ സ്‌നേഹിക്കാന്‍ കഴിയുന്നത്ര മറ്റാര്‍ക്കും നമ്മളെ സ്‌നേഹിക്കാന്‍ കഴിയില്ല. പല രീതിയിലും ബോഡിഷെയ്മിംഗ് നടത്തിക്കൊണ്ടിരിക്കും. എന്തെങ്കിലും അനുഭവം ഉണ്ടാകുകയാണെങ്കില്‍ ശക്തമായി പ്രതികരിക്കണം. സ്വയം സ്‌നേഹിക്കുന്നതിനെ സ്വാര്‍ഥത എന്നു പറയുന്നവരുണ്ട്. പക്ഷേ, അങ്ങനെ അല്ല. സ്വയം സ്‌നേഹിച്ചാല്‍ മാത്രമേ ഇത്തരം നെഗറ്റിവിറ്റിയില്‍ നിന്നും നമുക്ക് രക്ഷപ്പെടാന്‍ സാധിക്കൂ’.
Post Your Comments