
കൊച്ചി: ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന സംവിധായകനാണ് തരുൺ മൂർത്തി. തന്റെ രണ്ടാമത്തെ ചിത്രം ‘സൗദി വെള്ളക്ക’യുടെ ചിത്രീകരണം പൂർത്തിയാക്കിയതായി തരുൺ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോൾ ‘സൗദി വെള്ളക്ക’എന്ന ചിത്രത്തിൽ അഭിനയിക്കാനെന്ന പേരിൽ അവസരം വാഗ്ദാനം നൽകി ചിലർ പണം വാങ്ങിയതായി വെളിപ്പെടുത്തുകയാണ് തരുൺ.
ചിത്രീകരണം പൂർത്തിയായെന്നും അത്തരത്തിൽ വരുന്ന തട്ടിപ്പുകളെ വിശ്വസിക്കരുതെന്നും തരുൺ മൂർത്തി പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെയാണ് ഈ അറിയിപ്പുമായി എത്തിയത്.’സൗദി വെള്ളക്ക’ എന്ന നമ്മുടെ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിലേക്ക് അവസരം വാഗ്ദാനം നൽകി ചിലർ പണം വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ദയവായി വഞ്ചിതരാകാതിരിക്കുക. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ നിങ്ങളോട് പങ്കുവെക്കുന്നതായിരിക്കും. ഇതുവരെ നൽകിയ പിന്തുണയ്ക്ക് നന്ദി. തുടർന്നും കൂടെയുണ്ടാകുമെന്നു കരുതുന്നു’. തരുൺ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
Post Your Comments