തൃശൂര്‍: തിരഞ്ഞെടുപ്പില്‍, ജയിച്ചാലും, തോറ്റാലും തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് നവീകരണത്തില്‍ ഇടപെടുമെന്ന ഉറപ്പ് പാലിച്ച് സുരേഷ് ഗോപി എംപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തന്‍ മാര്‍ക്കറ്റില്‍ എത്തിയ താരത്തിന്റെ ശ്രദ്ധയില്‍ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. തുടർന്ന് മാർക്കറ്റ് നവീകരണത്തിൽ വേണ്ടത് ചെയ്യാമെന്ന ഉറപ്പ് നൽകിയ എംപി തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിനെ സന്ദര്‍ശിച്ച് ഒരു കോടി രൂപ അനുവദിച്ച വിവരം അറിയിച്ചിരുന്നു. എംപി ഫണ്ടില്‍ നിന്നോ കുടുംബ ട്രസ്റ്റില്‍ നിന്നോ ആവും തുക കൈമാറുക. പത്തു കോടി രൂപയുടെ ബൃഹത് പദ്ധതിയാണ് ശക്തന്‍ മാര്‍ക്കറ്റിനു വേണ്ടി കോര്‍പറേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.
മാര്‍ക്കറ്റില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് മനസ്സിലാക്കാന്‍ എംപി മേയര്‍ക്കൊപ്പം മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. മാര്‍ക്കറ്റിലെ കുടിവെള്ള സ്ത്രോതസ്സായ കുളം നവീകരിക്കാനും കുടിവെള്ള ടാങ്ക് പുതുക്കിപ്പണിയാനും വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും, മാര്‍ക്കറ്റ് നവീകരണത്തിന് ഇപ്പോള്‍ അനുവദിച്ച ഒരു കോടി കൂടാതെ കൂടുതല്‍ തുക അനുവദിക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു. കൂടാതെ മാര്‍ക്കറ്റ് വികസനത്തെക്കുറിച്ച് മേയറുടെ ചേംബറില്‍ അടുത്ത ദിവസം എംപിയും മേയറും ചേര്‍ന്ന് ചര്‍ച്ച നടത്താനും തീരുമാനിച്ചു.
മാര്‍ക്കറ്റില്‍ നിന്നും ആറരക്കിലോയോളം തൂക്കം വരുന്ന നെയ്മീന്‍ വാങ്ങിയ എംപി മീന്‍ വിലയോക്കാള്‍ കൂടുതല്‍ തുകയും കൊടുത്ത് ബാക്കി പണത്തിന് എല്ലാവര്‍ക്കും ചായയും വടയും വാങ്ങി നല്‍കാനും പറഞ്ഞു. വ്യാപാരികള്‍ ഏറെ സന്തോഷത്തോടെയാണ് സുരേഷ് ഗോപിയെ യാത്രയാക്കിയത്.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍, സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, കോര്‍പറേഷന്‍ എന്‍ജിനീയര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം മാര്‍ക്കറ്റ് സന്ദര്‍ശിച്ചു.
Post Your Comments