തന്നെ തേടി എത്തുന്ന കഥാപാത്രങ്ങള്‍ നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് താന്‍ നോക്കാറില്ലെന്ന് രമ ദേവി. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെയാണ് അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ പറ്റുന്നത് കഥാപാത്രത്തിൽ എന്തുണ്ട് അതാണ് ഞാന്‍ നോക്കാറുള്ളത് എന്ന് രമ ദേവി പറയുന്നത്. ഗ്ലാമറസ് വേഷം ധരിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ ആണെങ്കില്‍ അതിനോട് താന്‍ നോ എന്നേ പറയുകയുള്ളു എന്നും, എന്തുകൊണ്ടാണ് അങ്ങനൊരു തീരുമാനം എടുത്തതെന്നും രമ വ്യക്തമാക്കുന്നുണ്ട്.
രമ ദേവിയുടെ വാക്കുകൾ :
‘എന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രം പോസിറ്റീവ് ആണോന്നോ നെഗറ്റീവ് ആണോന്നോ നോക്കാറില്ല. അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ പറ്റുന്നത് എന്തുണ്ട് അതാണ് ഞാന്‍ നോക്കാറുള്ളത്. നടന്മാരില് ഏറ്റവും കൂടുതല്‍ വില്ലത്തരം ചെയ്തിട്ടുള്ള നടനാണ് ജോസ് പ്രകാശ്. ആ ജോസ് പ്രകാശിന്റെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മിഖായേലിന്റെ സന്ധികള്‍ എന്ന സിനിമയിലെ മേരിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ചെയ്തത്. അതേ മേരിക്കുട്ടി പുത്രന് എന്ന സിനിമയില്‍ ആയപ്പോഴും അഭിനയിച്ചു.
ഈ ജോസ് പ്രകാശിനെ ലോകം മുഴുവന്‍ അംഗീകരിക്കുന്നുണ്ട് . നെഗറ്റീവ് ക്യാരക്ടര്‍ ചെയ്തു എന്നത് കൊണ്ട് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിട്ടില്ല. ഒരു ആര്ട്ടിസ്റ്റിനുള്ളില് എന്തൊക്കെ പ്രതിഭകള്‍ ഉണ്ടെന്ന് തിരിച്ചറിയാന്‍ ഒരു സംവിധായകന് സാധിക്കും. ആര്‍ട്ടിസ്റ്റിനും അതേ കുറിച്ച് ബോധം ഉണ്ടാവും. അങ്ങനെയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. നമ്മള് പോസിറ്റീവ് ക്യാരക്ടര്‍ മാത്രമേ ചെയ്യുകയുള്ളു എന്ന് വിചാരിക്കാന്‍ പാടില്ല. ചില കാര്യങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല.
എന്നോട് ഗ്ലാമറസ് റോള്‍ ചെയ്യണം എന്ന് പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല. ചില പടങ്ങളില്‍ അത്തരം വേഷങ്ങള്‍ എന്നെ തേടി വന്നിരുന്നു. ചെയ്യാന്‍ പറഞ്ഞാല്‍ പറ്റില്ലെന്ന് തന്നെ ഞാന്‍ പറയും. ഗ്ലാമറസ് റോളുകള്‍ ചെയ്താല്‍ എന്ത് സംഭവിക്കും എന്ന് ചോദിച്ചാല്‍ ഒന്നുമില്ല. പക്ഷേ ഞാനത് ചെയ്യില്ല എന്നത് എന്റെ ഒരു കാഴ്ചപാടാണ്. പിന്നെ എന്റെ ശരീരപ്രകൃതം അങ്ങനൊരു ഗ്ലാമറസ് റോള്‍ ചെയ്യാന്‍ പറ്റുന്നത് അല്ല. ഞാനൊരു ആവറേജ് ആണ്. ഷക്കീല ചെയ്യുന്നൊരു വേഷം എനിക്ക് ചെയ്യാന്‍ പറ്റില്ല. എന്റെ ഒരു ശരീരപ്രകൃതത്തിന് പറ്റുന്ന റോളുകള്‍ ചെയ്യാനാണ് എനിക്കിഷ്ടം. അങ്ങനെയേ ഞാന്‍ ചെയ്യുകയുള്ളു. മുലക്കച്ച കെട്ടി അഭിനയിക്കുന്നതിന് വരെ എനിക്ക് ഇഷ്ടമല്ല. അങ്ങനൊരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുമുണ്ട്’- രമ ദേവി പറഞ്ഞു.
Post Your Comments