തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന് രഞ്ജിത്ത് ചുമതലയേറ്റു. കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലുള്ള ചലച്ചിത്ര അക്കാദമി ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്.
കഴിഞ്ഞ ആഴ്ച്ച ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്തിനെ പരിഗണിക്കാന്‍ തീരുമാനമായത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. സംവിധായകന് കമലിന്റെ കാലാവധി പൂര്‍ത്തിയായ ഒഴിവിലേക്കാണ് നിയമനം.
‘ഏറ്റെടുത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. മുന്നോട്ടു പോകാന്‍ പൊതുസമൂഹത്തിന്റെ പിന്തുണ വേണം. എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകും. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്തും’- രഞ്ജിത്ത് പറഞ്ഞു.
സ്ഥാനം ഏറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ഒമൈക്രോണ്‍ പശ്ചാത്തലത്തില്‍ ഫിലിം ഫെസ്റ്റിവല്‍ സംബന്ധിച്ച കാര്യത്തില്‍ പുനരാലോചനയ്ക്ക് സാദ്ധ്യതയുണ്ട് എന്നും എന്നാല്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചില്ലെങ്കില്‍ നിശ്ചയിച്ച പ്രകാരം തന്നെ ചലച്ചിത്ര മേള നടക്കുമെന്നും രഞ്ജിത്ത് അറിയിച്ചു.
നിലവില്‍ ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് ഐഎഫ്എഫ്കെ നടക്കുക. തിരുവനന്തപുരം തന്നെയാകും വേദി. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2022 ഫെബ്രുവരി നാലിന് വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
Post Your Comments