മിമിക്രി വേദിയിലൂടെ തുടങ്ങി വളരെ ചുരുങ്ങിയ കാലം കൊണ്ട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച താരമാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ. നാൽപതോളം സിനിമകൾ വിഷ്ണുവിന്റെ സിനിമാ ജീവിതത്തിൽ സംഭവിച്ച് കഴിഞ്ഞു.
വിഷ്ണുവിന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ എന്ന സിനിമയിൽ നായിക സാനിയ ഇയ്യപ്പനായിരുന്നു. ചിത്രീകരണ സമയത്ത് സാനിയയ്ക്ക് സംഭവിച്ച അപകടത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണനിപ്പോൾ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ.
വിഷ്ണുവിന്റെ വാക്കുകൾ :
‘ഒരുപാട് സ്റ്റണ്ടും കാര്യങ്ങളും സിനിമയിൽ ഉണ്ടായിരുന്നു. സാനിയയാണ് ഏറെ കഷ്ടപ്പെട്ടത്. അവൾ കിണറ്റിൽ ചാടുന്ന രംഗത്തിലൊന്നും ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല. ഞാൻ അവളോട് ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നു. ധൈര്യമുണ്ടെന്നും ചെയ്യാൻ താൽപര്യമുണ്ടെന്നും പറഞ്ഞാണ് ഡ്യൂപ്പില്ലാതെ കിണറ്റിൽ ചാടിയത്. അത് ഒറിജിനൽ കിണർ ആയിരുന്നു. റീടേക്ക് എടുക്കേണ്ടി വന്നിരുന്നു.
അങ്ങനെ കിണറ്റിൽ ചാടുന്നതിനിടെ കൈയ്യിൽ ഭിത്തിയിൽ ഇടിച്ചു. കൈയ്ക്ക് നന്നായി പരിക്കേറ്റിരുന്നു. പിന്നീട് കരച്ചിലും നിലവിളിയുമായിരുന്നു. എല്ലാവരും കരുതി കൈയ്യൊടിഞ്ഞെന്ന്. പക്ഷെ അങ്ങനൊന്നും സംഭവിച്ചില്ല. പരിക്കുകൾ ഉണ്ടായിരുന്നു. പക്ഷെ അവള് തളർന്നൊന്നുമില്ല. വീണ്ടും ഉഷാറായി ഷൂട്ടിങിന് എത്തി. അത് അവളുടെ ധൈര്യത്തിന് വലിയ ഉദാഹരണമാണ്’.
Post Your Comments