Latest NewsNEWSSocial Media

‘മരണക്കിടക്കയില്‍ പശ്ചാത്തപിക്കുന്ന ജീവിതത്തിന് എന്താണ് അര്‍ഥം, ചെയ്യുന്ന കര്‍മത്തിന്റെ ഫലമാണ് ശിഷ്ടകാലം’: യമുന

അന്‍പതിലധികം സീരിയലുകളും നാല്പത്തിയഞ്ചോളം സിനിമകളിലും അഭിനയിച്ച് മലയാള മിനിസ്‌ക്രീന്‍ – ബിഗ് സ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് യമുന. സിനിമാ സംവിധായകനായ എസ്.പി. മഹേഷിനെയാണ് ആദ്യം വിവാഹം കഴിക്കുന്നത്. മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാന്‍ സാധിക്കില്ല എന്ന് മനസ്സിലായതോടെ ഇരുവരും വേർപിരിയുകയായിരുന്നു. അടുത്തിടെയാണ് നടി വീണ്ടും വിവാഹിതയായത്. മക്കളുടെ സമ്മതത്തോടെയായിരുന്നു യുമുന ദേവനുമായുള്ള രണ്ടാം വിവാഹത്തിന് തയ്യാറായത്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് താരം. സോഷ്യല്‍ മീഡിയകളില്‍ സജീവമായ നടി പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോള്‍ അര്‍ത്ഥവത്തായ വരികളുമായി എത്തിയിരിക്കുകയാണ് നടി.

കുറിപ്പിന്റെ പൂര്‍ണരൂപം :

‘ലോകത്തെ വീണ്ടും വൈറസ് കീഴടക്കാന്‍ തുടങ്ങുന്നു. ജീവിതം ശൂന്യമായി നിന്നിടത്തുനിന്നു നമ്മള്‍ പ്രതീക്ഷയോടെ കെട്ടിപ്പടുക്കാന്‍ ഒരുങ്ങുമ്പോഴേക്ക് മഹാമാരി വീണ്ടും നമ്മെ വിഴുങ്ങുവാന്‍ ഒരുങ്ങുന്നു. കരുതലും ജാഗ്രതയും വേണം നമ്മള്‍ ഓരോരുത്തര്‍ക്കും. നാളെ എന്നത് ഒരു പ്രതീക്ഷയാണ്, കഴിഞ്ഞത് ഒരു സ്വപ്നവും. യാഥാര്‍ഥ്യം ഈ കടന്നു പോകുന്ന നിമിഷങ്ങള്‍ മാത്രമാണ്. നമക്ക് കിട്ടുന്ന ഓരോദിനവും ഈശ്വരന്‍ തരുന്ന ബോണസാണ്.

കിട്ടുന്ന ഈ നിമിഷങ്ങള്‍ നല്ലതു ചിന്തിച്ചും നല്ല വാക്ക് ഉപയോഗിച്ചും നല്ല പ്രവര്‍ത്തികള്‍ ചെയ്തും ആരോടും വിദ്വേഷവും പകയും വയ്ക്കാതെ കടന്നു പോയാല്‍ ഓരോ നിമിഷവും സന്തോഷപ്രദവും സമാധാന പൂര്‍ണവുമായിരിക്കും. ഒരാളെയും വെറുക്കരുത്, ഒരാളെയും വെറുപ്പിക്കരുത്. ബൈബിള്‍ പറയുന്നു, മരണം നിഴല്‍ പോലെ കൂടെയുണ്ട്, കള്ളനെപ്പോലെ എപ്പോള്‍ വേണമെങ്കിലും കടന്നു വരാം. ചുറ്റുമൊന്നു നോക്കൂ. വെട്ടിപ്പിടിച്ചവരെല്ലാം വെട്ടിപ്പിടിച്ചത് എന്തെങ്കിലും കൂടെ കൊണ്ടുപോകുന്നുണ്ടോ.

മരണക്കിടക്കയില്‍ കിടന്ന് ചെയ്ത തെറ്റുകള്‍ ഓര്‍ത്തു പശ്ചാത്തപിക്കുന്ന ജീവിതത്തിന് എന്താണ് അര്‍ഥം. സ്‌നേഹിക്കുവാനും കൊടുക്കുവാനും പ്രയത്‌നം ആവശ്യമെങ്കില്‍ വെറുക്കാന്‍ ആത്മാവിനെ തന്നെ പണയം വെക്കേണ്ടി വരുന്നു. വാശി തീര്‍ക്കാന്‍ വെട്ടിപ്പിടിച്ചു ജീവിതം നയിക്കുന്നവര്‍ ഹോമിക്കുന്നതു സ്വന്തം ആത്മാവിനെയാണ്. നിങ്ങളോട് ആര് എന്ത് ചെയ്യരുത് എന്ന് ആഗ്രഹിക്കുന്നത് നിങ്ങളും മറ്റുള്ളവരോട് ചെയ്യാതിരിക്കുക. ചെയ്യുന്ന കര്‍മത്തിന്റെ ഫലമാണ് ശിഷ്ടകാലം. അതനുഭവിക്കാന്‍ വേറൊരു ലോകത്തേക്കും പോകേണ്ടി വരില്ല. ഇനിയുള്ള ഓരോ നിമിഷവും നന്മകള്‍ മാത്രം ചിന്തിക്കുക പ്രവര്‍ത്തിക്കുക. ആത്മാവിനെ വിദ്വേഷത്തില്‍ നിന്നും മോചിപ്പിക്കുക. നന്മകള്‍ മാത്രം നേര്‍ന്നുകൊണ്ട് നിങ്ങളുടെ, യമുനാ ദേവന്‍’.

shortlink

Related Articles

Post Your Comments


Back to top button