2007-ൽ ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘പൊല്ലാതവൻ’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് എത്തിയയാളാണ് വെട്രിമാരൻ. തുടർന്ന് 2011-ൽ പുറത്തിറങ്ങിയ തന്റെ രണ്ടാമത്തെ ചിത്രമായ ആടുകളത്തിന് ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. സംവിധാനത്തിന് പുറമെ ഗ്രാസ് റൂട്ട് ഫിലിം കമ്പനി എന്ന ചലച്ചിത്ര നിർമ്മാണ കമ്പനിയ്ക്കു കീഴിൽ ചില ചലച്ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട് വെട്രിമാരൻ.
ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധാലുവായ വെട്രിമാരൻ നല്ല ഭക്ഷണ ശീലം പിന്തുടരുന്നയാളാണ്. എന്നാല്‍ തന്റെ പഴയകാലത്ത് ഇങ്ങനെയായിരുന്നില്ലെന്നും ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലത്തിലൂടെയും പുകവലിയിലൂടെയും തന്റെ ശരീരം അപകടകരമായ അവസ്ഥയിലെത്തിച്ചേര്‍ന്നിരുന്നെന്നും, അതിനു ശേഷം പുകവലിയും ഭക്ഷണശീലങ്ങളും മാറ്റിയതെങ്ങനെയെന്നും പറയുകയാണ് ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിൽ.
വെട്രിമാരന്റെ വാക്കുകൾ :
‘രാത്രി സിനിമ കാണുമ്പോള്‍ മധുരം കഴിക്കുന്ന ശീലമുണ്ടായിരുന്നു. ഒരു പാട് മധുരം കഴിക്കുന്നത് കൊണ്ട് എന്റെ വീട്ടിലുള്ളവര്‍ ഞാന്‍ കാണാതെ മധുര പലഹാരങ്ങള്‍ ഒളിച്ചുവെക്കുമായിരുന്നു. ഇതിനു പുറമേ ഞാനൊരു ചെയ്ന്‍ സ്‌മോക്കറായിരുന്നു. 13 വയസു മുതല്‍ പുകവലിക്കുമായിരുന്നു. അസാധാരണമായ ഭക്ഷണശീലം കൊണ്ടും അമിതമായ പുകവലി കൊണ്ടും എന്റെ ആരോഗ്യത്തിനെന്തോ പ്രശ്‌നമുണ്ടെന്ന് എനിക്ക് തന്നെ മനസിലായിയി.
2008 ല്‍ ആശുപത്രിയില്‍ പോയി കുറച്ച് ടെസ്റ്റുകള്‍ക്ക് ശേഷം ഹൃദയസംബന്ധമായ അസുഖത്തിന്റെ ആരംഭമാണ് എന്റെ ശരീരത്തിലെന്ന് തെളിഞ്ഞു. ആ നിമിഷം എന്റെ ജീവിതത്തില്‍ ആരോഗ്യകരമായ തീരുമാനങ്ങളെടുക്കുമെന്ന് നിശ്ചയിച്ചു.
2008 ലെ ഒരു രാത്രിയില്‍ ഞാന്‍ ‘വാരണം ആയിരം’ നൈറ്റ് ഷോ കാണാന്‍ പോയി. തിയേറ്ററിന് പുറത്ത് വന്നിട്ട് ഞാനൊരു സിഗരറ്റ് വലിച്ചു. അതിനു ശേഷം ഞാന്‍ സിഗരറ്റ് വലിച്ചിട്ടേയില്ല’- വെട്രിമാരന്‍ പറഞ്ഞു.
തന്റെ ഭക്ഷണക്രമവും കീറ്റോ ഡയറ്റിലൂടെയുള്ള യാത്രയും ജൈവകൃഷിയും എത്രത്തോളം തന്നെ മാറ്റിമറിച്ചുവെന്ന് അഭിമുഖത്തില്‍ വിശദീകരിച്ച വെട്രിമാരന്‍ പ്രൊഫഷണലുകളുടെ മാര്‍ഗനിര്‍ദേശമില്ലാതെ ആരും ഇത് പരിശീലിക്കാന്‍ പാടില്ലെന്നും കൂട്ടിച്ചേർത്തു.
Post Your Comments