80 ലക്ഷം മുതൽ മുടക്കി നിർമിച്ച മിന്നൽ മുരളിയുടെ ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് ഒരു സംഘം ആളുകൾ ചേർന്ന് തകർത്തത് വലിയ വാർത്തയായിരുന്നു. സിനിമ ചർച്ചയാകുന്ന പോലെ സിനിമ കണ്ടവരെല്ലാം ഇപ്പോൾ സംശയത്തോടെ മുന്നോട്ട് വെക്കുന്ന ഒരു കാര്യമാണ് മിന്നൽ മുരളിയുടെ ഷൂട്ടിങിന് വേണ്ടി കാലടിയിൽ പണിത സെറ്റ് എന്തിനാണ് ഒരു സംഘം ആളുകൾ ചേർന്ന് തകർത്തത് എന്ന്.
കാലടി മഹാദേവ ക്ഷേത്രത്തിനടുത്തായിരുന്നു വിദേശത്ത് കാണുന്ന മാതൃകയിലുള്ള പള്ളിയുടെ സെറ്റ് ഉയർന്ന് പൊങ്ങിയത്. ഷൂട്ടിംഗ് പുരോഗമിക്കവെയാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വന്ന് തുടർ ചിത്രീകരണം മുടങ്ങി. 2020 മെയ് മാസത്തിൽ ആയിരുന്നു അപ്രീതക്ഷിതമായി ഒരു സംഘം ആളുകൾ സെറ്റ് തകർത്തത്. സമയവും അധ്വാനവും സാമ്പത്തികവും ചിലഴിച്ച് പടുത്തുയർത്തിയ സെറ്റിന് സംഭവിച്ച ദുരന്തത്തിൽ അന്ന് അണിയറപ്രവർത്തകർ അടക്കം ഞെട്ടലിലായിരുന്നു. പിന്നീട് അതിലും മനോഹരമായ സെറ്റ് കഠിനാധ്വാനത്തിലൂടെ കൂട്ടായ്മയിലൂടെ പണിതുയർത്തി ബേസിലും സംഘവും മിന്നൽ മുരളി പൂർത്തിയാക്കി പ്രേക്ഷകരിലേക്ക് എത്തിച്ചു.
മിന്നൽ മുരളിക്ക് വേണ്ടി കലാസംവിധാനം നിർവഹിച്ചത് മനു ജഗത്താണ്. സെറ്റ് പൊളിച്ചപ്പോൾ ഉണ്ടായ പ്രതിസന്ധികളെ കുറിച്ചും അത് തരണം ചെയ്തതിനെ കുറിച്ചുമെല്ലാം പറയുകയാണ് മനു ജഗത് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ.
മനുവിന്റെ വാക്കുകൾ :
‘ആലുവ മണപ്പുറത്ത് നിർമ്മിച്ച സെറ്റ് നശിപ്പിച്ചവർ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകും. സിനിമ എന്നൊരു കലാരൂപം മാത്രമാണ് ഞങ്ങൾ ചെയ്യാൻ ഉദേശിച്ചത്. അതിൽ മതസ്പർദ്ധ വളർത്തുകയോ ജാതിപരമായ എന്തെങ്കിലും ഉദ്ദേശമോ ഉണ്ടായിരുന്നില്ല. എല്ലാവർക്കും ആസ്വദിക്കാനുള്ള കലയാണ് സിനിമ അതിന് വേണ്ടി ഒരു സെറ്റ് നിർമ്മിച്ചത് മതവികാരം വ്രണപ്പെടുത്തി എന്നൊക്കെ പറയുന്നത് എന്ത് കഷ്ടമാണ്.
ആ സെറ്റ് പൊളിച്ചത് സാമ്പത്തികമായി ഒരുപാട് ബാധ്യതയുണ്ടാക്കി. എത്രയോപേരുടെ കഷ്ടപ്പാടാണ് അവർ ഇല്ലാതാക്കിയത് അതോടൊപ്പം ആ സെറ്റ് കെട്ടിപ്പൊക്കാൻ ചെലവായ തുക. പൊളിക്കുന്നവർക്ക് ഇതൊന്നും ഓർക്കേണ്ട കാര്യമില്ല. ഒരു നിമിഷം കൊണ്ട് എല്ലാം തകർത്തുകളയാൻ പറ്റും. അത് പൊളിച്ചിട്ട് ആരും ഒന്നും നേടിയില്ല. അത് ആ സിനിമയുടെ ക്‌ളൈമാക്‌സിനു വേണ്ടി ചെയ്ത സെറ്റാണ്. അത് കൂടി ഷൂട്ട് ചെയ്താൽ സിനിമ കഴിഞ്ഞു. അയ്യായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ ആവശ്യമുള്ള ഒരു സീൻ ആയിരുന്നു അത്. കൊറോണ സമയത്ത് അവരെ അവിടെ എത്തിക്കാൻ ഒക്കെ നല്ല ബുദ്ധിമുട്ടുണ്ടായി. പക്ഷെ എല്ലാം നല്ലതിന് വേണ്ടി ആയിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത്.
മിന്നൽ മുരളി തിയേറ്ററിൽ തന്നെ കാണേണ്ട സിനിമയായിരുന്നു. അതിന് കഴിയാത്തതിൽ നിരാശയുണ്ട്. ഈ പടം ഒരു തിയേറ്റർ എക്സ്പീരിയൻസ് ആകേണ്ടതാണ്. പിന്നെ ഒരു സന്തോഷമുള്ളത് ലോകം മുഴുവൻ ഉള്ളവർക്ക് കാണാൻ കഴിഞ്ഞുവെന്നതാണ്. കൂടുതൽ ആളുകളിലേക്ക് സിനിമ വളരെ വേഗം എത്തി.’
Post Your Comments