കടിഞ്ഞൂല്‍ കല്യാണം, മേലെപ്പറമ്പില്‍ ആണ്‍വീട്, ഞങ്ങള്‍ സന്തുഷ്ടരാണ്, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ തുടങ്ങി ജയറാമിന് മലയാള സിനിമയില്‍ സ്ഥാനം ഉറപ്പിച്ച ചിത്രങ്ങളുടെ സംവിധായകനാണ് രാജസേനന്‍. പതിനാറോളം സിനിമകള്‍ ജയറാം- രാജസേനന്‍ കൂട്ടുകെട്ടില്‍ എത്തിയെങ്കിലും ഈ ഹിറ്റ് കോമ്പോ പിരിയുകയായിരുന്നു.
ഇപ്പോൾ രാജസേനനും ജയറാമും തമ്മില്‍ പിരിയാനുണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മണക്കാട് രാമചന്ദ്രന്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍.
മണക്കാട് രാമചന്ദ്രന്റെ വാക്കുകള്‍:
‘പുതിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാതെ ജയറാം ഒരുപാട് പേരെ കറക്കിയിട്ടുണ്ട്. ചെറിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാതെ പറ്റിച്ചിട്ടുണ്ട്. ലാല്‍ജോസ് കഥ പറയാന്‍ പോയപ്പോള്‍ ഡേറ്റ് കൊടുത്തില്ല. ഒരുപാട് പേരെ ചുമ്മാ നടത്തിയിട്ടുണ്ട്. ഈ ദിവസം തുടങ്ങാം എന്ന് പറയും. അയാള് വിശ്വസിച്ച് പോകും. എന്നാല്‍ അവസാനം ഈ സമയത്ത് മറ്റൊരാള്‍ക്ക് കൊടുത്തെന്ന് അറിയും.
രാജസേനന്‍ ആണ് ഒരു സമയത്ത് ജയറാമിനെ രക്ഷിച്ച് നിര്‍ത്തിയത്. എല്ലാ പടങ്ങളും ഹിറ്റ് ആയിരുന്നു. രാജസേനന്റെ അടുത്ത് നിന്നും പോയാല്‍ വേറെ പടം ചെയ്യാം എന്ന ഉദ്ദേശം ജയറാമിന് വന്നിരിക്കും. ആ പടം വേണ്ട, ഈ പടം ആണ് മറ്റേതിനേക്കാള്‍ നല്ലത് എന്ന് പറഞ്ഞ് ജയറാമിനെ തെറ്റിക്കുന്ന ഓരോ ടീമുകള്‍ ഉണ്ടല്ലോ. സ്ഥിരം രാജസേനന്റെ സിനിമകള്‍ ചെയ്തു കൊണ്ടിരുന്നാല്‍ ഇങ്ങനെ ആയിപ്പോകും എന്ന് പറഞ്ഞ് ആക്കും. ജയറാമിന് അത് കേള്‍ക്കേണ്ട ആവശ്യമില്ലായിരുന്നു.
രാജസേനനും അബദ്ധം പറ്റി. ജയറാമിനെ തന്നെ പിടിച്ച് അങ്ങനെ നിന്നു. വേറെ നടന്‍മാരെ അന്വേഷിച്ച് രാജസേനന്‍ പോയില്ല. ജയറാം ഇട്ടിട്ട് പോയപ്പോള്‍ ഇങ്ങേര്‍ക്ക് വേറെ പിടിയില്ലാതെ ആയി. വേറെ പടങ്ങള്‍ ചെയ്ത് നിന്നില്ല. നല്ല നടന്‍മാരെ പിന്നീട് കിട്ടിയില്ല. വീണ്ടും രാജസേനന്‍ ജയറാമിനെ കൊണ്ടുവന്നാല്‍ പഴയ കുപ്പിയില്‍ കഷായം ഒഴിക്കുന്നത് പോലെ ആയിരിക്കും. രാജസേനന്‍ പുതുമുഖങ്ങളെ വെച്ച് പടം ചെയ്താല്‍ ഹിറ്റ് ആകും. രാജസേനന്‍ അഭിനയിക്കാതെ, സിനിമയില്‍ തന്നെ നിന്ന് നല്ല പടങ്ങള്‍ ചെയ്യാന്‍ കഴിയും.’
Post Your Comments