ജോജു ജോര്‍ജിനെ നായകനാക്കി നവാഗത സംവിധായകന്‍ അഖില്‍ മാരാര്‍ സംവിധാനം ചെയ്ത രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയാണ് ഒരു താത്വിക അവലോകനം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും വിമര്‍ശിച്ചിട്ടുള്ള ആക്ഷേപ ഹാസ്യ സിനിമയായ താത്വിക അവലോകനം ഡിസംബര്‍ 21 നാണ് റിലീസ് ചെയ്തത്. ജോജു ജോര്‍ജിനെ കൂടാതെ ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്സ്, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
താൻ സിനിമ എടുക്കുന്നതിൽ നിന്ന് എന്താണ് ഉദ്ദേശിക്കുന്നതെന്നും, പല ആര്‍ട്ടിസ്റ്റുകളോടും കഥ പറഞ്ഞിട്ടും ശരിയാകാതെ സിനിമ നടക്കില്ല എന്ന ഘട്ടം വന്നപ്പോഴാണ് ജോജു ജോര്‍ജ് എത്തിയതെന്നും പറയുകയാണ് അഖില്‍ മാരാര്‍ ബിഹൈന്‍ഡ് വുഡ്‌സ് ഐസിനു നല്‍കിയ അഭിമുഖത്തിൽ.
അഖിലിന്റെ വാക്കുകൾ :
‘മറ്റൊരു സിനിമ പ്ലാന്‍ ചെയ്തു മുന്നോട്ട് പോകാം എന്ന ഘട്ടത്തിലിരിക്കുമ്പോഴാണ് രാഷ്ട്രീയ ആക്ഷേപ ഹാസ്യം എന്ന ജോണര്‍ എന്റെ മനസിലേക്ക് വരുന്നത്. ‘സന്ദേശം’ സിനിമയുടെ കട്ട് ക്ലിപ്‌സുകള്‍ക്ക് ഇന്നും വലിയ പ്രാധാന്യമുണ്ട്. ഒരു സിനിമ എടുത്ത് 50 കോടി കളക്ട് ചെയ്തു എന്നതല്ല എന്റെ ലക്ഷ്യം. എന്റെ സിനിമയിലെ ഒരു എപ്പിസോഡെങ്കിലും അഞ്ച് വര്‍ഷം കഴിഞ്ഞാലും ആള്‍ക്കാര്‍ എടുത്തു കാണണം. അത്തരമൊരു എപ്പിസോഡിക്കല്‍ ട്രീറ്റ്‌മെന്റ് നടത്തണമെങ്കില്‍ അത്തരമൊരു സിനിമ ചെയ്യണം.
രണ്ട് ഇലക്ഷന്‍ വരുന്നുണ്ട്. ഇലക്ഷന് മുന്നെ ഇറക്കണം. ജനങ്ങള്‍ രാഷ്ട്രീയം സംസാരിക്കുന്ന സമയമാണ്. ആ സമയത്ത് ഇറക്കാമെന്ന് വിചാരിച്ചു. നാല് ദിവസം കൊണ്ട് സ്‌ക്രിപ്റ്റ് ഒക്കെ എഴുതി തീര്‍ന്നു. പല ആര്‍ട്ടിസ്റ്റുകളുടെ അടുത്ത് പോയി. അവസാനം ഇത് നടക്കില്ല എന്ന ഘട്ടം വരികയാണ്.
അങ്ങനെയിരിക്കെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ വിളിച്ച് ജോജു ഒകെയാണെന്ന് പറഞ്ഞു. എന്നെ പറ്റിക്കാന്‍ നോക്കണ്ട എന്ന് ഞാന്‍ പറഞ്ഞു. ജോജു ചേട്ടന് ഈ കഥ ഒന്നും ഇഷ്ടപ്പെടില്ല. പുള്ളി സിനിമയെ വലിയ തലങ്ങളില്‍ കാണാന്‍ ആഗ്രഹിക്കുന്ന ആളാണ്. പല സബ്‌ജെക്ടുകള്‍ വന്നിട്ട് വേണ്ട എന്ന് വെച്ചിട്ടുള്ള ആളാണ്.
ഇത് എല്ലാവരും വന്നു പോകുന്ന ഒരു സിനിമയാണ്. ഒരാള്‍ക്ക് നിറഞ്ഞാടാനുള്ള സീനൊന്നും ഇതിലില്ല. പക്ഷേ എന്തോ ഞാന്‍ സംവിധായകനാകണം എന്നത് വിധിയായിരിക്കാം. കഥ പറയാന്‍ ചെന്നപ്പോള്‍ ഒരു വണ്‍ലൈന്‍ കഥ പറയാനാണ് ജോജു ചേട്ടന്‍ ആവശ്യപ്പെട്ടത്. ഞാന്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു’- അഖില്‍ പറഞ്ഞു.
Post Your Comments