Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

‘ഇന്ത്യൻ സിനിമയിലെ ഒരു സൂപ്പർ താരവും അത്തരമൊരു സീൻ ചെയ്യാനിടയില്ല’: മമ്മൂട്ടിയെ കുറിച്ച് സന്ദീപ് ദാസ്

മമ്മൂട്ടി- പാർവതി തിരുവോത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ സിനിമയാണ് ‘പുഴു’. രഥീന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ടീസറിലെ മമ്മൂട്ടിയുടെ പ്രകടനത്തെയും മമ്മൂട്ടി അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രയും കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നടൻ,വ്യക്തി എന്നീ നിലകളിൽ നിരന്തരം സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക് മാത്രമേ പുഴു പോലെയുള്ള സിനിമകളുടെ ഭാഗമാകാൻ കഴിയുകയുള്ളു എന്ന് സന്ദീപ് ദാസ് പറയുന്നു.

സന്ദീപ് ദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

‘പത്മരാജൻ്റെ കൂടെവിടെ എന്ന സിനിമ റിലീസായ കാലമാണ്. ഒരുദിവസം രാവിലെ ജിമ്മിൽ വ്യായാമം ചെയ്യുന്ന മമ്മൂട്ടിയെ ഞാൻ കണ്ടു. എനിക്ക് ചെറിയ അത്ഭുതം തോന്നി. ഷൂട്ടിങ്ങ് ലൊക്കേഷനിൽ അർദ്ധരാത്രി വരെ അഭിനയിച്ച ആളാണ് അതിരാവിലെ വിയർപ്പൊഴുക്കുന്നത്. നിങ്ങൾക്കൊന്ന് വിശ്രമിച്ചുകൂടേ എന്ന് ഞാൻ മമ്മൂട്ടിയോട് ചോദിച്ചു. മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു- ‘ഞാനെങ്ങനെ വിശ്രമിക്കും? റഹ്മാനെപ്പോലുള്ള പുതിയ പിള്ളേർ സിനിമയിൽ വന്നിട്ടുണ്ട്. അവരോട് മത്സരിച്ച് നിൽക്കണമെങ്കിൽ നമ്മൾ കഠിനാദ്ധ്വാനം ചെയ്തല്ലേ മതിയാകൂ…!’ സംവിധായകനായ സത്യൻ അന്തിക്കാട് പങ്കുവെച്ച അനുഭവമാണിത്. ‘കൂടെവിടെ’ പുറത്തിറങ്ങിയിട്ട് നിരവധി പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. മമ്മൂട്ടിയ്ക്ക് എഴുപത് വയസ്സ് പൂർത്തിയായിരിക്കുന്നു. പക്ഷേ സിനിമയോടുള്ള മമ്മൂട്ടിയുടെ ആവേശവും അഭിനിവേശവും വർദ്ധിച്ചിട്ടേയുള്ളൂ. മിതമായ ഭാഷയിൽ പറഞ്ഞാൽ അവിശ്വസനീയമാണിത്!

ഞാൻ ഈ വരികൾ എഴുതുമ്പോൾ ‘പുഴു’ എന്ന സിനിമയുടെ ടീസറിന് ഒരു മില്യണിലേറെ വ്യൂസ് വന്നിട്ടുണ്ട്. മമ്മൂട്ടി എന്ന നടനാണ് കാഴ്ച്ചക്കാരെ ആകർഷിക്കുന്നത് ; താരമല്ല. പൊളിറ്റിക്കൽ കറക്റ്റ്നെസ്സിൻ്റെ കാര്യത്തിൽ മലയാളസിനിമ വളരെയേറെ മെച്ചപ്പെട്ടുകഴിഞ്ഞു. ജാതീയത,സ്ത്രീവിരുദ്ധത ,ടോക്സിക് പാരൻ്റിങ്ങ്,പീഡോഫീലിയ തുടങ്ങിയ അപകടങ്ങളെ കൃത്യമായി അഡ്രസ് ചെയ്യുന്ന സിനിമകൾ ഇപ്പോൾ ഉണ്ടാവുന്നുണ്ട്. അതുപോലൊരു സൃഷ്ടിയാണ് ‘പുഴു’ എന്നത് ടീസറിൽനിന്ന് തന്നെ വ്യക്തമാണ്. അത്തരം പ്രോജക്റ്റുകളുടെ ഭാഗമാകാൻ മമ്മൂട്ടിയ്ക്ക് കഴിയുന്നതെങ്ങനെ? നടൻ,വ്യക്തി എന്നീ നിലകളിൽ നിരന്തരം സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക് മാത്രമേ അതിന് സാധിക്കൂ. തനിക്ക് സിനിമയോട് ആർത്തിയാണെന്ന് മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട്. നല്ലൊരു കഥ ആരുടെയെങ്കിലും കൈവശമുണ്ട് എന്ന വിവരം അറിഞ്ഞാൽ താൻ അത് തട്ടിപ്പറിച്ച് കൊണ്ടുപോകും എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സീനിയർ ഫിലിം മേക്കേഴ്സിനോടും പുതുമുഖ സംവിധായകരോടും മമ്മൂട്ടി അവസരം ചോദിക്കാറുണ്ട്.

മമ്മൂട്ടിയെക്കുറിച്ച് നടൻ മനോജ് കെ ജയൻ പറഞ്ഞത് ഇങ്ങനെ-‘സീരിയലുകളിലൂടെയായിരുന്നു എൻ്റെ തുടക്കം. മമ്മൂക്കയെ ആദ്യം കണ്ടപ്പോൾ അദ്ദേഹം എന്നെ തിരിച്ചറിയില്ല എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ മമ്മൂക്ക ഇങ്ങോട്ട് വന്ന് എന്നോട് സംസാരിച്ചു. സീരിയലിലെ പ്രകടനം നന്നായിരുന്നു എന്ന് പറഞ്ഞു…!’. ഈ നാട്ടിൽ പുറത്തിറങ്ങുന്ന ഒരുവിധം എല്ലാ സിനിമകളും സീരിയലുകളും കാണുന്ന ആളാണ് മമ്മൂട്ടി. അതിന് വ്യക്തമായ ലക്ഷ്യമുണ്ട്. പുതിയ അഭിനേതാക്കളോട് മത്സരിക്കണം. നല്ല എഴുത്തുകാരും ടെക്നീഷ്യൻമാരും ഉയർന്നുവരുന്നുണ്ടെങ്കിൽ അവരുമായി സഹകരിക്കണം. സമൂഹത്തിലും കലയിലും വരുന്ന മാറ്റങ്ങൾ തിരിച്ചറിയണം. കരിക്കിലെ അനു അനിയൻ്റെ പ്രകടനത്തെ സോഷ്യൽ മീഡിയ വാനോളം പുകഴ്ത്തിയിരുന്നു. ആ പെർഫോമൻസ് മമ്മൂട്ടി ഇതിനോടകം കണ്ടിട്ടുണ്ടാവും. യാതൊരു സംശയവും വേണ്ട!

കൃത്യമായ മത്സരബുദ്ധിയോടെ മുന്നോട്ട് പോകുമ്പോഴും പുതിയ ഒരാളെ സിനിമയിലേക്ക് കൈപിടിച്ചുകയറ്റാൻ മമ്മൂട്ടി മടിക്കാറില്ല. മമ്മൂട്ടി മുഖേന സിനിമയിലെത്തിയ ആളുകളുടെ എണ്ണമെടുത്താൽ അതിന് അവസാനമുണ്ടാവില്ല. മത്സരവും മനുഷ്യസ്നേഹവും ഒരേസമയം വെച്ചുപുലർത്തുന്ന അത്യപൂർവ്വതയുടെ പേരാണ് മമ്മൂട്ടി! അഭിനയത്തിൻ്റെ കാര്യം വരുമ്പോൾ തൻ്റെ ഇമേജ് മമ്മൂട്ടിയ്ക്കൊരു പ്രശ്നമല്ല. ലൈംഗികത്തൊഴിലാളിയായ സ്ത്രീയിൽ നിന്ന് കരണത്ത് അടി വാങ്ങുന്ന മമ്മൂട്ടി കഥാപാത്രത്തെ പേരൻപിൽ കാണാം. ഇന്ത്യൻ സിനിമയിലെ ഒരു സൂപ്പർ താരവും അത്തരമൊരു സീൻ ചെയ്യാനിടയില്ല. വിധേയനും പാലേരിമാണിക്യവും ഏറ്റെടുത്ത മമ്മൂട്ടിയുടെ യാത്ര പുഴുവിൽ എത്തിനിൽക്കുന്നു. ടീസർ ഒരു സൂചനയാണെങ്കിൽ മമ്മൂട്ടിയുടെ ഗംഭീര നെഗറ്റീവ് കഥാപാത്രമാണ് നമുക്ക് കിട്ടാൻ പോകുന്നത്. ഞാൻ തീർച്ചയായും ആവേശഭരിതനാണ്! സിനിമ റിലീസാകാൻ കാത്തിരിക്കുകയാണ്. പുരുഷ ക്രിക്കറ്റിലെ ആദ്യ ഏകദിന ഡബിൾ സെഞ്ച്വറി സച്ചിൻ തെൻഡുല്‍ക്കർ നേടിയ സമയത്ത് യുവ് രാജ് സിങ്ങ് പറഞ്ഞ ഒരു പ്രസ്താവനയുണ്ട്. അത് മമ്മൂട്ടിയ്ക്കും ബാധകമാണെന്ന് തോന്നുന്നു-‘ഒരു കൊച്ചുകുട്ടി തൻ്റെ കളിപ്പാട്ടക്കാറുമായി കളിച്ചുകൊണ്ടിരിക്കുമ്പോൾ അച്ഛൻ വന്ന് കളി നിർത്താൻ ആവശ്യപ്പെട്ടു. പക്ഷേ കുട്ടി കളി തുടർന്നു. ഈ കാറിലെ പെട്രോൾ ഒരിക്കലും തീരുന്നില്ല എന്നായിരുന്നു കുട്ടിയുടെ ന്യായം…!’ ആ കുട്ടിയുടെ മനസ്സാണ് മമ്മൂട്ടിയെ ഇഷ്ടപ്പെടുന്ന എല്ലാവർക്കുമുള്ളത്…!

shortlink

Post Your Comments


Back to top button