സാധാരണ ഫാന്റസി സിനിമകളില്‍ നിന്നും വ്യത്യസ്തമായി അധികം വി എഫ് എക്‌സ് ഉപയോഗിക്കാത്ത സിനിമയായിരുന്നു മിന്നല്‍ മുരളി. നാട്ടിന്‍പുറത്ത് നടക്കുന്ന കഥയായത് കൊണ്ട് കൂടുതൽ വി എഫ് എക്‌സ് ആവശ്യമായി വന്നതുമില്ല. ഫാന്റസി സിനിമകളില്‍ ഏറ്റവുമധികം പഴി കേള്‍ക്കാന്‍ സാധ്യതയുള്ള വി എഫ് എകസ്. ഉപയോഗിച്ചിടത്ത് കൃത്യമായി ഉപയോഗിക്കുന്നതിലും ബാക്കിയുള്ളിടത്ത് മനുഷ്യാധ്വാനം തന്നെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിലും മിന്നല്‍ മുരളി വിജയിച്ചു.
ആശുപത്രിയില്‍ വെച്ച് താഴെ പോയ ഫ്‌ളാസ്‌ക് കാല് കൊണ്ട് തിരികെ തട്ടിയിടുന്ന സീനും കറങ്ങുന്ന ഫാന്‍ പിടിച്ചു നിര്‍ത്തിയതും പുട്ടുകുറ്റിയിലേക്ക് നോക്കാതെ റിങ്ങ് എറിഞ്ഞു വീഴ്ത്തിയതുമെല്ലാം യഥാര്‍ത്ഥത്തില്‍ ചെയ്തതാണെന്നറിഞ്ഞപ്പോള്‍ പലര്‍ക്കും വിശ്വസിക്കാനായില്ല. മീഡിയ വണിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമക്ക് വേണ്ടി ചെയ്ത ട്രിക്ക്‌സിനെ പറ്റി ടൊവിനോ പറഞ്ഞത്.
‘മിന്നല്‍ മുരളിക്ക് വേണ്ടി കുറച്ച് ട്രിക്ക്‌സ് പഠിച്ചിരുന്നു. ഫാന്‍ പിടിച്ചു നിര്‍ത്തുന്ന സീന്‍ കംമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് അല്ല. അത് മനുഷ്യനെ കൊണ്ട് സാധ്യമായ കാര്യമാണ്. ഞാന്‍ തന്നെ ഫാന്‍ പിടിച്ചുനിര്‍ത്തിയതാണ്.
ചേച്ചിക്ക് എന്താ വേണ്ടത് പുട്ടുകുറ്റിയോ എന്ന ചോദിച്ച് റിങ്ങ് പുട്ടുകുറ്റിയിലേക്ക് തന്നെ നോക്കാതെയാണ് എറിയുന്നത്. ആദ്യ ടേക്കില്‍ ഒകെയായത് അല്ല. രണ്ടാമത്തെയോ മൂന്നാമത്തെയോ ടേക്കിലാണത് വീണത്. അത് കുറച്ച് ഭാഗ്യവും, കുറച്ച് ട്രെയിനിംഗുമാണ്,’ ടൊവിനോ പറഞ്ഞു.
മിന്നല്‍ മുരളിയുടെ കഥ പറയുമ്പോള്‍ തന്നെ ഇങ്ങനത്തെ കുറച്ച് ട്രിക്ക്‌സ് പഠിച്ച് വെക്കണമെന്ന് ബേസില്‍ പറഞ്ഞിരുന്നു. വെള്ളക്കുപ്പി എറിഞ്ഞ് നേരെ നിര്‍ത്തുക, അല്ലെങ്കില്‍ എന്തെങ്കിലും ഉന്നം നോക്കുക അങ്ങനെയുള്ള സ്‌കില്‍സൊക്കെ ചെയ്തിരുന്നു. ഇതൊന്നും ആന സ്‌കില്‍സല്ല. കുഞ്ഞു കുഞ്ഞു സ്‌കില്‍സിനെയൊക്കെ ഷാര്‍പ്പണ്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു’- ടൊവിനോ പറഞ്ഞു .
Post Your Comments