ജെയ്‌സന്റെ കൂടെനിന്ന് കരുത്ത് പകർന്ന് മിന്നൽ മുരളിയാക്കിയത് ജോസ്മോൻ ആണ്. ചിത്രത്തിൽ ജോസ്മോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പത്തുവയസ്സുകാരൻ വസിഷ്ഠ് ഉമേഷ് ആണ്. സ്കൂള്‍ തലങ്ങളിലൊക്കെ നാടകങ്ങളിലും മറ്റും പങ്കെടുത്തിട്ടുള്ളയാളാണ് വസിഷ്ഠ്.
ധ്യാൻ ശ്രീനിവാസന്‍റെ സംവിധാനത്തിലൊരുങ്ങിയ ‘ലൗ ആക്ഷൻ ഡ്രാമ’യിലാണ് ആദ്യമായി വസിഷ്ഠ് ഉമേഷ് അഭിനയിച്ചത്. സിനിമയിൽ അജു വർഗ്ഗീസിന്‍റെ ചെറുപ്പകാലമായിരുന്നു. സിനിമയിലെ പാട്ട് ഹിറ്റടിച്ചതോടെ വസിഷ്ഠും താരമായി. പിന്നീട് ചില പരസ്യ ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി. കുടുക്ക് പൊട്ടിയ കുപ്പായം കണ്ടാണ് ബേസിൽ വസിഷ്ഠിനെ മിന്നൽ മുരളിയിലേക്ക് വിളിക്കുന്നത്. ഇപ്പോൾ മിന്നൽ മുരളിയിലെ ലിറ്റിൽ സ്റ്റാറാണ് വസിഷ്ഠ് ഉമേഷ്.
വാണിയംകുളം ടിആർകെ സ്‌കൂൾ അധ്യാപകനായ പി ഉമേഷിന്‍റേയും അധ്യാപിക സി ജ്യോതിയുടേയും മകനാണ് വസിഷ്ഠ്. മിന്നൽ മുരളിയുടെ വലിയ വിജയത്തോടെ നാട്ടിലും വീട്ടിലും സ്കൂളിലുമൊക്കെ താരമായിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. ഇപ്പോൾ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ട്വന്റി ഫോർ ന്യൂസിന് നൽകിയ അഭിമുഖത്തിൽ.
വസിഷ്ഠിന്റെ വാക്കുകൾ :
‘സ്‌കൂൾ തലങ്ങളിലൊക്കെ നാടകങ്ങളിൽ പങ്കെടുക്കുമായിരുന്നു. അപ്പോഴാണ് എനിക്ക് അഭിനയിക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞത്. അങ്ങനെ ലവ് ആക്ഷൻ ഡ്രാമയിലെ ഓഡീഷനിൽ പങ്കെടുത്തു. അജു വർഗീസ് അഭിനയിച്ച കഥാപാത്രത്തിന്റെ ബാല്യകാലം പാട്ടിലൂടെ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. അത് കണ്ടിട്ടാണ് ബേസില്‍ മാമ മിന്നൽ മുരളിയിലേക്ക്.
മിന്നൽ മുരളിയിറങ്ങിയതിന് ശേഷം ഒരുപാട് ഇന്റർവ്യൂകൾ ചെയ്തു. വീടിനടുത്തുള്ള പരിപാടികളിൽ മുഖ്യ അതിഥിയായി ക്ഷണിച്ചു. അതിലും ഏറ്റവും വലിയ സന്തോഷം പുറത്തിറങ്ങി കഴിഞ്ഞാൽ ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി എന്നതാണ്. എന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു അത്. മിന്നൽ മുരളി ഇറങ്ങിയതിന് ശേഷമാണ് ആ ആഗ്രഹം സാധ്യമായത്.
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി എന്ന് എനിക്ക് അറിയാമായിരുന്നു. ഇങ്ങനെ ഒരു അവസരം ലഭിക്കുക എന്നത് ചില്ലറ കാര്യമല്ലല്ലോ. വളരെ അധികം സന്തോഷമായി. ഇത്രയും മിച്ചക റോൾ തന്നതിന് ബേസിൽ മാമയോട് നന്ദിയുണ്ട്. സിനിമ കണ്ടിട്ട് കൂട്ടുകാരും,ബന്ധുക്കളും, അധ്യാപകരും വിളിച്ച് നന്നായിട്ടുണ്ടെന്ന് പറഞ്ഞു. അവരുടെ നല്ല പ്രതികരണങ്ങൾ കേട്ടപ്പോൾ ഒരുപാട് സന്തോഷമായി. പണ്ട് സൂപ്പർ ഹീറോ ചിത്രങ്ങൾ കാണുമായിരുന്നു. അയൺ മാനായിരുന്നു എന്റെ ഫേവറേറ്റ്, ഇപ്പോൾ മിന്നൽ മുരളിയാണ്’ – വസിഷ്ഠ് പറഞ്ഞു.
Post Your Comments