
മലയാളത്തില്‍ ഒരു പക്ഷേ ഏറ്റവുമധികം ഹിറ്റായ ആല്‍ബങ്ങളിലൊന്നാണ് ‘ചെമ്പകമേ’. ഈ ആൽബം ഫ്രാങ്കോയുടെ ജീവിതത്തിലെ ടേണിംഗ് പോയിന്റായി. ചെമ്പകമേ ആല്‍ബത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ ഫ്രാങ്കോ പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലും നിരവധി പാട്ടുകള്‍ പാടിയിരുന്നു. ആല്‍ബത്തിലെ ‘സുന്ദരിയെ വാ’, ‘മേലേ മാനത്ത്’, ‘ചെമ്പകമേ’ എന്നീ ഗാനങ്ങള്‍ ഇപ്പോഴും പലരുടെയും ഫേവറിറ്റ് ലിസ്റ്റിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ശ്യാം ധര്മ്മനായിരുന്നു ആല്‍ബത്തിന്റെ സംഗീതസംവിധായകന്. റാം സുരേന്ദര്‍ പ്രോഗ്രാമിങ് ചെയ്ത ഗാനങ്ങള്‍ രചിച്ചത് രാജു രാഘവായിരുന്നു. പ്രതീക്ഷകള്ക്കമപ്പുറമുള്ള ജനപ്രീതിയിലേക്കാണ് ആല്‍ബം പോയത്. എന്നാല്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഈ ആല്‍ബം റിലീസ് ചെയ്യാന്‍ ആദ്യം ആരും മുന്നോട്ട് വന്നില്ലെന്ന് പറയുകയാണ് ഫ്രാങ്കോ. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് ആല്‍ബത്തിന്റെ റിലീസ് സമയത്ത് നേരിട്ട് വെല്ലുവിളികള്‍ ഫ്രാങ്കോ പറഞ്ഞത്.
ഫ്രാങ്കോയുടെ വാക്കുകൾ :
‘ജീവിതം മാറ്റിമറിച്ച ഗാനങ്ങളാണ് ‘സുന്ദരിയേ വാ’, ‘ചെമ്പകമേ’ എന്നിവ. ഈ ഗാനങ്ങളുടെ റിലീസിന് ശേഷമാണ് മ്യൂസിക് പ്രൊഫഷന് ഉപയോഗിച്ച് ഒരു കുടുംബം പുലര്‍ത്താമെന്ന അവസ്ഥ വന്നത്. ഈ പാട്ടുകള്‍ എനിക്ക് തന്നതിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഇപ്പോഴും ഇവയില്‍ ഒരു പാട്ട് പാടാതെ വേദി ഒഴിയാനും കഴിയില്ല
ആല്‍ബത്തിന്റെ കംപോസിങ് സെഷനിലും പ്രോഗ്രാമിങ് സെഷനിലും പങ്കെടുത്തിട്ടുണ്ട്. അതിനെ കുറിച്ച് ഒരുപാട് നല്ല ഓര്‍മകളുണ്ട്. ആ ആല്‍ബം റിലീസ് ചെയ്യാന്‍ ആദ്യം ആരും തയ്യാറായിരുന്നില്ല. സീനിയറായ ഗായകര്‍ പാടിയ ആല്‍ബങ്ങള്‍ക്കായിരുന്നു അന്ന് മാര്‍ക്കറ്റ് എന്നതായിരുന്നു കാരണം.
പരിചയ സമ്പത്തേറിയ ഗായകര്‍ക്ക് പകരം ഫ്രാങ്കോ എന്ന ഗായകനെ പരിഗണിച്ച ആല്‍ബത്തിന്റെ അണിയറപ്രവര്‍ത്തകരോട് എന്നും കടപ്പാടുണ്ട്. കാരണം ഫ്രാങ്കോ എന്ന ഗായകന്റെ വളര്‍ച്ചയ്ക്ക് ‘ചെമ്പകമേ’യിലെ ഗാനങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.
ആല്‍ബത്തിന്റെ വിജയത്തോടെ ഫ്രാങ്കോയ്ക്ക് കൈനിറയെ അവസരങ്ങളും കിട്ടി. തിരക്കേറിയപ്പോഴാണ് സെവന് ഡിജിറ്റല്‍ എന്ന സ്റ്റുഡിയോ ഫ്രാങ്കോ ആരംഭിച്ചത്. കുറേയേറെ പാട്ടുകള്‍ സെവന് ഡിജിറ്റലില്‍ തന്നെ റെക്കോഡ് ചെയ്യാന്‍ സാധിച്ചു.
Post Your Comments