ഒരു സിനിമ ഇറങ്ങി അതിന്‍റെ ആദ്യ കാഴ്ച തന്നെ നമ്മുടെ സ്വകാര്യതയിലേക്ക് പ്ലേസ് ചെയ്തു കൊണ്ട് നമുക്ക് തന്നെ ഒരു തിയേറ്ററായി മാറാൻ കഴിഞ്ഞ വർഷമാണ് മലയാള സിനിമയെ സംബന്ധിച്ച് 2021 എന്നത്. ‘ദൃശ്യം- 2’വും, ‘മാലികും’, ‘കുരുതിയും’, ‘ഹോമും’, ‘തിങ്കളാഴ്ച നിശ്ചയവും’, ‘സാറയുമൊക്കെ മലയാള സിനിമയുടെ ഒടിടി വിപണന സാധ്യതയെ ഉയർത്തി നിർത്തിയപ്പോൾ തിയേറ്ററിലെ ബോക്സ് ഓഫീസ് വിജയങ്ങള്‍ ചുരുങ്ങി പോയത് മലയാള സിനിമയ്ക്ക് കനത്ത തിരിച്ചടി നൽകുന്നുണ്ട്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ആന്റണി വർഗീസ് നായകനായ ‘അജഗജാന്തരം’ മലയാള സിനിമാ പ്രേക്ഷകർക്ക് ഏറ്റവും ഒടുവിലായി കിട്ടിയ വലിയ ബോക്സ് ഓഫീസ് വിജയത്തിന്റെ ക്രിസ്മസ് ഗിഫ്റ്റാണ്. മലയാള സിനിമയുടെ വിഷു റിലീസും, ഓണം റിലീസുമൊക്കെ ടെലിവിഷൻ പ്രീമിയറായും, ഒടിടി കാഴ്ചകളിലേക്കും കളം ഒരുങ്ങിയപ്പോള്‍ ആഘോഷ നാളുകളിലെ ആവേശ ചിത്രങ്ങളൊക്കെ തന്നെ തിയേറ്റർകാഴ്ച പ്രേക്ഷകർക്ക് സമ്മാനിക്കാതെ കടന്നു പോകുകയായിരുന്നു. മോഹൻലാൽ ചിത്രം ‘ദൃശ്യം’ തിയേറ്ററിലെ ആളാരവത്തിന്റെ അത്ഭുത സിനിമയായിരുന്നുവെങ്കിൽ അതിന്റെ തുടർച്ചയായ ‘ദൃശ്യം 2’ കൊണ്ടാടിയത് തിയേറ്റർ അനുഭവം ഇല്ലാത്ത മറ്റൊരു സിനിമാ മാറ്റത്തിന്റെ വേറിട്ട പ്ലാറ്റ്ഫോമിലാണ്.
പ്രജേഷ് സെൻ – ജയസൂര്യ ചിത്രം കോവിഡ് പ്രതിസന്ധിയെ മറി കടന്നു ജനുവരിയിൽ തന്നെ ധൈര്യപൂർവ്വം ബിഗ് സ്‌ക്രീൻ റിലീസാക്കി മാറ്റിയെങ്കിലും കോവിഡിന്റെ രണ്ടാം തരംഗം തിയേറ്റർ മേഖലയ്ക്ക് വീണ്ടും കനത്ത പ്രഹരം നൽകി. തിയേറ്റർ റിലീസിനായി കാത്തുനിന്ന മറ്റു സിനിമകളുടെ അണിയറ പ്രവർത്തകരൊക്കെ തന്നെയും തിയേറ്ററിനെ മറന്നു കൊണ്ട് മൊബൈൽ കാഴ്ചകളിലേക്ക് തങ്ങളുടെ സിനിമ സാധ്യതകളെ തുറന്നു വിട്ടു. ബിസിനസ്പരമായി സിനിമയ്ക്ക് വേണ്ടി പണം മുടക്കുന്ന നിർമ്മാതാക്കൾ പൂർണമായും സേഫ് ആകുമെന്ന വിശ്വാസത്തിൽ സിനിമകളുടെ സംവിധായകരും, തിരക്കഥാകൃത്തുക്കളുമൊക്കെ ഒടിടിയുടെ വരവിനെ സ്വാഗതം ചെയ്തു.
ജനുവരി റിലീസായ സിനിമകളിൽ ‘വെള്ളവും’, ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണുമാണ്’ ഏറെ ചർച്ച ചെയ്യപ്പെട്ടത്. ‘വെള്ളം’ തിയേറ്ററിൽ പ്രദർശിപ്പിച്ചപ്പോൾ ജിയോ ബേബി സംവിധാനം ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ഒടിടി റിലീസായിട്ടാണ് എത്തിയത്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമ എന്ന നിലയിൽ കൈയ്യടികള്‍ ഏറ്റുവാങ്ങിയ ചിത്രം ഏറ്റവും മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തോടെയാണ് മലയാള സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെട്ടത്. അതിശയകരമായ അഭിനയം കാഴ്ചവച്ചാണ് ജയസൂര്യ ‘വെള്ളം’ എന്ന സിനിമയിൽ നിറഞ്ഞാടിയത്!. പൂർണമായും ഒരു അഭിനേതാവിന്റെ ചിത്രമായി മാറിയ വെള്ളം ‘ക്യാപ്റ്റൻ’ എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെൻ ചെയ്ത മികച്ച സൃഷ്ടിയായി മാറി. മലയാള സിനിമയെ സംബന്ധിച്ച് ഫെബ്രുവരി മാസം എന്നത് ബോക്സ് ഓഫീസ് ഹിറ്റുകളുടെ ഭാഗ്യ മാസമാണ്. വേനൽ അവധിക്ക് മുൻപേയുള്ള ഫെബ്രുവരി – മാർച്ച് മാസം സിനിമകളുടെ റിലീസിന് അത്ര ശുഭകരമല്ലെങ്കിലും മലയാള സിനിമയുടെ ചരിത്രം ചികഞ്ഞു നോക്കിയാൽ ഫെബ്രുവരി – മാർച്ച് മാസങ്ങളിലെ ബോക്സ് ഓഫീസ് ഹിറ്റുകളുടെ പെരുമഴക്കാലം കാണാം. അതേ ചരിത്രം തന്നെയാണ് ഇക്കുറിയും ആവർത്തിച്ചത്. ബിഗ്സ്ക്രീൻ റിലീസ് അല്ലെങ്കിൽ കൂടിയും ഈ വർഷത്തെ ആദ്യ ജനപ്രിയ ഹിറ്റ് എന്ന നിലയിൽ ‘ദൃശ്യം 2’ പ്രേക്ഷക മനസ്സിൽ ഇടം നേടി!. ‘തിയേറ്ററിൽ റിലീസ് ചെയ്തിരുവെങ്കിൽ വൻ വിജയമായി മാറിയേനെ’ എന്ന പ്രേക്ഷക സംസാരം ‘ദൃശ്യം-2’ എന്ന സിനിമയ്ക്കും, മോഹൻലാൽ എന്ന താരമൂല്യമുള്ള നടനും അത് വലിയ കരുത്തായി.
ഫെബ്രുവരി മാസം മലയാള സിനിമ ഒരു കംപ്ലീറ്റ് ‘ദൃശ്യം’ ഷോയായി മാറിയപ്പോൾ മാർച്ച് മാസം മമ്മൂട്ടി – സിനിമകളുടെ ജയപരാജയമാണ് അടയാളപ്പെടുത്തിയത്. നവാഗതനായ ജോഫിൻ ചാക്കോ സംവിധാനം ചെയ്ത ‘ദി പ്രീസ്റ്റ്’ ഈ വർഷത്തെ മമ്മൂട്ടിയുടെ ആദ്യ ഹിറ്റ് ചിത്രമായി മാറിയപ്പോൾ മാർച്ച് മാസത്തിന്റെ അന്ത്യത്തിൽ റിലീസായ മമ്മൂട്ടിയുടെ മറ്റൊരു ചിത്രം ബോക്സ് ഓഫീസിൽ വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെടാതെ പോയി. ബോബി – സഞ്ജയ് എന്ന ഹിറ്റ് രചയിതാക്കളുടെ സ്ക്രീൻ പ്ലേ മികച്ച ഒരു അനുഭവമാകാതെ പോയതോടെ തിയേറ്ററിൽ വേണ്ടത്ര ചലനം സൃഷ്ടിക്കാൻ ‘വൺ’ എന്ന സിനിമയ്ക്ക് കഴിഞ്ഞില്ല.. സന്തോഷ് വിശ്വനാഥൻറെ പതിഞ്ഞ താളത്തിലുള്ള മേക്കിങ് ചിത്രത്തിന് വിനയായാപ്പോൾ ഏറെ പ്രതീക്ഷയോടെ വന്ന ഒരു മമ്മൂട്ടി ചിത്രമാണ് തിയേറ്ററിന്റെ ആളാരവങ്ങളില്ലാതെ മടങ്ങിയത്.
‘ആർക്കറിയാം’, ‘ഇരുൾ’, ‘ചതുർമുഖം’, ‘നായാട്ട്’, ‘ജോജി’, ‘കൃഷ്ണന്‍കുട്ടി പണിതുടങ്ങി’, ‘നിഴൽ’, ‘ഖോ ഖോ’, ‘അനുഗ്രഹീതൻ ആന്റണി’ തുടങ്ങിയവയായിരുന്നു ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്ത ചിത്രങ്ങൾ. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ‘ജോജി’ ആമസോൺ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. ദിലീഷ് പോത്തന്റെ മൂന്നാമത് ചിത്രം ‘ജോജി’ തിയേറ്റർ കാഴ്ചയായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ തന്നെ മുൻ സിനിമകളുടെത് പോലെ ഒരു ബോക്സ് ഓഫീസ് വിജയം ജോജിക്ക് ലഭിക്കില്ലായിരുന്നു എന്ന പ്രേക്ഷക സംസാരവും ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്. സാധാരണ സിനിമ പ്രേമികൾക്ക് നന്നായി റിലേറ്റ് ചെയ്യാൻ കഴിയുന്ന ‘മഹേഷിന്റെ പ്രതികാരവും’, ‘തൊണ്ടി മുതലും’ പോലെയായിരുന്നില്ല ജോജിയുടെ കഥാ സഞ്ചാരം. മാർട്ടിൻ പ്രക്കാട്ട് – കുഞ്ചാക്കോ ബോബൻ ടീമിന്റെ ‘നായാട്ട്’ കരുത്തുറ്റ സൃഷ്ടിയായി പ്രേക്ഷകര്‍ കണ്ടു കയ്യടിച്ചതും ഈ വർഷം എടുത്തു പറയേണ്ട കാര്യങ്ങളില്‍ ഒന്നാണ്. ഈ വർഷത്തെ വിഷു റിലീസായി എത്തിയ ‘നിഴലും’, ‘നായാട്ടും’ കുഞ്ചാക്കോ ബോബൻ എന്ന നടന്റെ കരിയറിലും വൈവിദ്ധ്യം സമ്മാനിച്ചു. മേയ് – ജൂൺ മാസങ്ങളിൽ ഓർമ്മിക്കത്തക്ക സിനിമകൾ ഒന്നും മലയാളത്തിൽ അടയാളപ്പെട്ടില്ല. ജൂൺമാസവസാനം ഇറങ്ങിയ പൃഥ്വിരാജ് ചിത്രം ‘കോൾഡ് കേസ്’ പ്രേക്ഷകർക്ക് ദഹിക്കാത്ത കണ്ടുമടുത്ത ഒരു ത്രില്ലർ സൃഷ്ടിയുടെ ഒരു പുനരവതരണം മാത്രമായി മാറി. പൂർണമായും തിയേറ്ററുകൾ അടഞ്ഞു കിടന്ന ജൂലൈ – ഓഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിൽ ഒടിടി കാഴ്ചകളായി വന്ന മാലികും, സാറയും, ഹോമും, തിങ്കളാഴ്ച നല്ല നിശ്ചയവുമൊക്കെ നമ്മളെ അത്ഭുതപ്പെടുത്തി കൊണ്ടിരുന്നു. ‘മാലിക്’ ഒരു പാന്‍ ഇന്ത്യന്‍ സിനിമ എന്ന നിലയിലേക്ക് നിലവാര മികവ് കാട്ടി.
മലയാള സിനിമയുടെ തിയേറ്റർ ആസ്വാദനത്തിന്റെ തിരിച്ചു വരവിനു കളമൊരുക്കിയ ദുൽഖർ ചിത്രം ‘കുറുപ്പ്’ നിലവാരമുള്ള ചിത്രമെന്ന നിലയിൽ കൈയ്യടി നേടി. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലെ ‘കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ ദേശീയ അവാർഡ് നിറവിൽ തെളിഞ്ഞു നിന്നെങ്കിലും തിയേറ്ററിൽ പ്രേക്ഷക ബലം ലഭിക്കാതെ വേഗത്തിൽ അരങ്ങൊഴിഞ്ഞതും 2021-ലെ അപ്രതീക്ഷിത സംഭവമായി.
2021-ലെ സിനിമകളുടെ കണക്ക് എടുക്കുമ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ എന്ന ചിത്രം പ്രത്യേകം മാറ്റി നിര്‍ത്തി സംസാരിക്കപ്പെടെണ്ട ഒന്നാണ്. മലയാള സിനിമയുടെ അഭിമാനമാണ് ചുരുളി എന്ന് ഒരു കൂട്ടരും, മലയാള സിനിമയുടെ അപമാനമാണ് ചുരുളി എന്ന് മറുകൂട്ടരും പറയുമ്പോള്‍ ആഖ്യാന തലത്തിന്റെ വേറിട്ട വശ്യത ചുരുളിയിലൂടെയും സമ്മാനിച്ച ലിജോ ജോസ് പെല്ലിശ്ശേരി എന്ന അജയ്യനായ ഫിലിം മേക്കര്‍ ചുരുളി കഴിഞ്ഞുള്ള തന്റെ അടുത്ത ചിത്രവും പൂര്‍ത്തിയാക്കി കൊണ്ട് മാറ്റത്തിന്റെ വഴിയേ നടത്തം തുടരുകയാണ്.
കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ ഇനി തിയേറ്റർ ബിസിനസുകൾ തളരില്ല എന്ന സന്ദേശം ജനിപ്പിച്ചു കൊണ്ടാണ് ക്രിസ്മസ് റിലീസായി ഒരുകൂട്ടം ചിത്രങ്ങൾ വർഷാവസാനം പ്രദർശനത്തിനെത്തിയത്. ലാൽ ജോസിന്റെ ‘മ്യാവൂ’, ടിനു പാപ്പച്ചൻ – ആന്റണി വർഗീസ് ചിത്രം ‘അജഗജാന്തരം’, ആസിഫ് അലി നായകനായ ‘കുഞ്ഞെൽദോ’, ‘ജൂൺ’ എന്ന സിനിമയ്ക്ക് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്ത ‘മധുരം’, ബേസിൽ ജോസഫ്- ടോവിനോ ടീമിന്റെ വമ്പൻ ചിത്രം ‘മിന്നൽ മുരളി’ എന്നിവ ക്രിസ്മസ് ആഘോഷങ്ങൾക്കൊപ്പം കൂടെ ചേർന്ന മലയാള സിനിമകളാണ്. മിന്നൽ മുരളി മൊബൈൽ ആസ്വാദനത്തിലേക്ക് മാത്രം ചുരുങ്ങി പോകുന്നുണ്ടെങ്കിലും പ്രേക്ഷകർ ആ ചിത്രത്തെ ആഘോഷത്തോടെ ഇപ്പോഴും താലോലിക്കുന്നുണ്ട്, ജോജു, അർജുൻ അശോക്, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന മധുരവും, 2021 – എന്ന വർഷാന്ത്യത്തിൽ പ്രേക്ഷക ഹൃദയം തലോടി കടന്നു പോകുന്നുണ്ട്. 2022 – ന്റെ കാൽവയ്പ്പിലേക്ക് ഒരു ദിനം അവശേഷിക്കേ ദിലീപ് – നാദിർഷ ടീമിന്റെ കേശു ഈ വീടിന്റെ നാഥനും ഓൺലൈൻ പ്ലാറ്റ് ഫോമിന്റെ സാധ്യത ശക്തമാക്കി കൊണ്ട് പ്രദർശന വരവറിയിച്ചിട്ടുണ്ട്.
Post Your Comments