2021 പടിയിറങ്ങുകയാണ്. രണ്ടു വർഷക്കാലം നീണ്ടു നിന്ന കോവിഡ് മഹാമാരിയുടെ വ്യാപന ഭീക്ഷണി തകർത്തത് തിയറ്റർകാലത്തെയാണ്. സിനിമാ മേഖലയെയും തിയറ്റർ ഇടങ്ങളെയും കോവിഡ് ഭീഷണി തളർത്തി. എന്നാൽ ഈ വെല്ലുവിളിയെ ഒടിടി എന്ന പുതിയ സാങ്കേതിക സംസ്കാരത്തിലൂടെ തോൽപ്പിക്കാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞതും 2021 എന്ന വർഷത്തിലാണ്. 2021ന്‍റെ അവസാന പാദത്തില്‍ തുറന്ന തീയറ്ററുകളെയും ഒടിടിയെയും ആരാധകർ ആവേശത്തോടെ സ്വീകരിച്ചപ്പോൾ ബോക്സോഫീസിലെ പണക്കിലുക്കവുമായാണ് മലയാള സിനിമ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്.
2021 എന്ന വർഷത്തെ മുഴുവനായി പരിശോധിക്കുമ്പോൾ ഒടിടി റിലീസിനെയും തീയറ്റര്‍ റിലീസിനെയും മലയാളികൾ ഒരേപോലെ സ്വീകരിച്ചു എന്നുകാണാവുന്നതാണ്. സൂപ്പര്സ്റ്റാര്‍ സിനിമകളെയും ഫീല്‍ ഗുഡ് സിനിമകളെയും ഒരേപോലെതന്നെ പ്രേക്ഷര്‍ ഏറ്റെടുത്തതിന്‍റെ പ്രധാന കാരണം ഒടിടി പ്ലാറ്റ്ഫോമുകളായിരുന്നു. അടഞ്ഞു കിടക്കുന്ന തിയറ്ററുകൾ നിർമ്മാതാക്കൾക്കും വിതരക്കാർക്കും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സൂപ്പർ താര ചിത്രങ്ങൾ ഉൾപ്പെടെ ഒടിടി പ്ലാറ്റ്ഫോമുകൾ എന്ന പുതിയ സാധ്യതയ്ക്ക് പിന്നാലെപോയി. ചെറുതും വലുതുമായ ഒരുപിടി ചിത്രങ്ങൾ ഒടിടിയിലൂടെ പ്രദര്ശനത്തിനെത്തിയതിനു പിന്നാലെ വരും കാലത്ത് മലയാള സിനിമയെ ഒടിടി ഭരിക്കുമോ എന്നതായിരുന്നു ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട വിഷയം.
2020ല്‍ സിയുസൂൺ, സൂഫിയും സുജാതയും തുടങ്ങിയ ചിത്രങ്ങളിലൂടെ ആരംഭിച്ച ഒടിടി റിലീസ് ചെറുതും വലുതും ബജറ്റിലൊരുങ്ങിയ നിരവധി ചിത്രങ്ങൾക്ക് പുതിയ വഴി തെളിയിച്ചു. മലയാള സിനിമയുടെ ഒടിടി വിപണനസാധ്യതകള്‍ ഉയര്ത്തിയ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ആമസോണ്‍ പ്രൈമിലൂടെ എത്തിയ ദൃശ്യം 2 ആയിരുന്നു. വെറും നാലാം ക്ലാസുകാരന്‍റെ ബുദ്ധിയല്ല ജോര്‍ജുകുട്ടിക്കെന്ന് ഐജി ഗീതാ പ്രഭാകര്‍ മാത്രമല്ല പ്രേക്ഷര്‍ പോലും പറയുന്ന തരത്തിൽ വിജയം നേടാൻ ദൃശ്യത്തിനും ജിത്തു ജോസഫിനും സാധിച്ചു. ഫഹദ് ഫാസില്‍- മഹേഷ് നാരായണന്‍ കൂട്ടുകെട്ടിൽ എത്തിയ മാലിക്ക് ഒടിടി റിലീസിലൂടെ ആഗോള പ്രേക്ഷകരെ സ്വന്തമാക്കി . ഈ ചിത്രങ്ങളുടെ വിജയം തീയറ്റര്‍ വിട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാന്‍ മടിച്ചിരുന്ന സംവിധായകരെയും നിര്‍മ്മാതാക്കളെയും മാറ്റിച്ചിന്തിച്ചു. പൃഥിരാജ്, കുഞ്ചാക്കോബോബന്‍, നിവിന്‍ പോളി, ടൊവിനോ തോമസ്, ജയസൂര്യ, മഞ്ജുവാര്യര്‍, നയന്‍താര, പാര്‍വതി തിരുവോത്ത് തുടങ്ങിയവരുടെ ചിത്രങ്ങൾ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്തു.
ചെറുകിട സിനിമകള്‍ക്കും, സമാന്തര സിനിമകള്‍ക്കും, ചെറിയ ബാനറുകളില്‍ നിര്‍മിക്കുന്ന സിനിമകൾക്കുമൊക്കെ, ഒടിടി പ്ലാറ്റ്‌ഫോമുകൾ പ്രേക്ഷകരെ നേടി കൊടുത്തു. സാമൂഹിക പ്രസക്തിയുള്ള നിരവധി ചിത്രങ്ങൾ ഒടിടിയിലൂടെ എത്തുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ചിത്രമായ ഗ്രേറ്റ് ഇന്ത്യണ്‍ കിച്ചൺ, ബിരിയാണി, ഹോം, തിങ്കളാഴ്ച നിശ്ചയം, ചുരുളി, മിന്നൽ മുരളി എന്നിങ്ങനെ ശ്രദ്ധിക്കപ്പെട്ടതും ചർച്ചചെയ്യപ്പെട്ടതുമായ ഒരുപിടി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു കൊണ്ടാണ് 2021 പടിയിറങ്ങുന്നത്
2021ല്‍ പ്രേക്ഷര്‍ ഏറ്റവും അധികം സംസാരിച്ച, ചര്ച്ച ചെയ്ത സിനിമകളില്‍ മുന്‍പന്തിയിലുള്ളത് ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ആണ്. പ്രമുഖ പ്ലാറ്റ്ഫോമുകള്‍ പലതും നിരസിച്ച ചിത്രം നീസ്ട്രീം എന്ന പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്തത്. ശക്തമായ രാഷ്ട്രീയം സംസാരിച്ച മറ്റൊരു ചിത്രമായിരുന്നു സജിൻ ബാബുവിന്റെ ബിരിയാണി. കിടപ്പറയിലെ പുരുഷന്റെ് ഭോഗവസ്തു മാത്രമാണ് സ്ത്രീ എന്ന വികലമായ കാഴ്ചപ്പാടിനെ പൊളിച്ചെഴുതുന്ന ചിത്രം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഒടിടി റിലീസിൽ ഏറെ ചര്‍ച്ചാ വിഷയമായ മറ്റൊരു ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയാണ്. ചിത്രത്തിലെ തെറിയായിരുന്നു സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചയായത്.
സൂപ്പർ താരങ്ങളോ ഹിറ്റ് സംവിധായകനോ ഇല്ലാതെ എത്തിയ രണ്ടു ചെറു ചിത്രങ്ങളാണ് ഹോമും തിങ്കളാഴ്ച നിശ്ചയവും. ആമസോണ്‍ പ്രൈമിലൂടെ പ്രദർശനത്തിനെത്തിയ റോജിൻ തോമസ് ഒരുക്കിയ ഹോം സ്വന്തം വീടും ജീവിത പശ്ചാത്തലങ്ങളും ഫോണിലും സോഷ്യല്‍ മീഡിയയിലും മാത്രമാകുമ്പോൾ അകറ്റി നിര്ത്ത പ്പെടുന്ന ഒരു വിഭാഗത്തിന്റെ അടയാളപ്പെടുത്തലാണ്. ഒളിവര്‍ ട്വിസ്റ്റെന്ന കഥാപാത്രമായി ഇന്ദ്രന്‍സിന്‍റെ മികച്ച അഭിനയം പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. തിങ്കളാഴ്ച നിശ്ചയം എന്ന ചെറു ചിത്രം സോണി ലൈവിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കാസര്ഗോപഡെ ഗ്രാമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഒറ്റ വരിയില്‍ പറഞ്ഞുതീര്ക്കാരവുന്ന ഒരു സംഭവത്തെ അതിസാധാരണമായി ഈ ചിത്രം പറഞ്ഞു.
തിയേറ്ററുകളില്‍ റിലീസ് ചെയ്യുമ്പോള്‍ ഉണ്ടാകുന്നതില്‍ നിന്നും വ്യത്യസ്ഥമായി രാജ്യത്തിനകത്തും പുറത്തുമുള്ള ആരാധകരെ സിനിമയിലേയ്ക്ക് അടുപ്പിക്കാൻ ഒടിടി റിലീസിന് സാധിച്ചു. ഒടിടി സിനിമകൾക്ക് സ്വീകാര്യത കൈവരിച്ചെങ്കിലും തീയറ്ററുകൾ തുറക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളും വിവാദങ്ങളും മലയാള സിനിമയിൽ നിറഞ്ഞു നിന്നു. മമ്മൂട്ടിയുടെ ചിത്രം വണ്‍, പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾ തീയറ്ററുകളിലെത്തി. എന്നാല്‍ കൊവിഡിന്റെ രണ്ടാം വരവോടെ തീയറ്റര്‍ വീണ്ടും അടച്ചിട്ടതോടെ ആരാധകർ നിരാശയിലാണ്.
കോവിഡ് നിയന്ത്രണ വിധേയമായതിനു പിന്നാലെ തുറക്കപ്പെട്ട തിയറ്ററിൽ ആദ്യം പ്രദർശനത്തിനെത്തിയത് പൃഥ്വിരാജിന്റെ സ്റ്റാര്‍ ആയിരുന്നു. പിന്നാലെ രജനീകാന്തിന്റെയും വിശാലിന്റെയും ചിത്രങ്ങൾ റിലീസിനെത്തി. എന്നാൽ തിയറ്ററിൽ ആരവം ഉയർത്താൻ ഈ ചിത്രങ്ങൾക്ക് കഴിഞ്ഞില്ല. കോവിഡ് തളർത്തിയ തിയറ്റർ സംസ്കാരത്തെ പഴയ രീതിയിൽ ആളും അനക്കവും ഉണ്ടാക്കി ചർച്ചയാക്കിയത് ദുല്ഖനര്‍ സല്‍മാന്‍റെ കുറുപ്പിന്റെ വരവോടെയാണ്. രാജകീയ സ്വീകരണമായിരുന്നു കുറുപ്പിന് തീയറ്ററുകളില്‍ ലഭിച്ചത്. അതിനു പിന്നാലെ കാവൽ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ആരാധകർ ആഘോഷമാക്കി.
തുടർന്ന് ആരാധകർ കാത്തിരുന്നത് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദേശീയ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയ മരയ്ക്കാരുടെ റിലീസിന് വേണ്ടിയായിരുന്നു. എന്നാൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തിയറ്റർഉടമകളും തമ്മിലുള്ള തർക്കം ചിത്രത്തിൻറെ ഒടിടി റിലീസിന്റെ വക്കിൽ എത്തിച്ചു. പിന്നീട് വിവാദങ്ങൾ എല്ലാം അവസാനിപ്പിച്ചു ഡിസംബർ 2നു ചിത്രം പ്രദര്ശത്തിനെത്തി. എന്നാൽ വലിയ ചിത്രങ്ങളുടെ കൂട്ടുപിടിക്കാതെ ഒരിടവേളയ്ക്ക് യുവതാരനിര ചെറു ചിത്രങ്ങളുമായി സജീവമായി. ഭീമന്റെ വഴി, സുമേഷ് ആന്‍റ് രമേശ്, കുഞ്ഞെല്ദോ തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷക പ്രശംസ നേടി. എന്നാല്‍ ബോക്സ്ഓഫീസില്‍ തകര്ത്തു വാരിയത് ജാന്‍ എ മന്‍ ആണ്.
സ്പൈഡര്‍മാന്‍, ബാറ്റ്മാന്‍, അവഞ്ചേഴ്സ്, സൂപ്പര്‍മാന്‍ തുടങ്ങി ഹോളിവുഡ് സൂപ്പർ താരങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മലയാളത്തിന് സ്വാന്തമായി ഒരു സൂപ്പർ താരമുണ്ടെന്നു തെളിയിച്ച മിന്നൽ മുരളിയാണ് ൨൦൨൧ന്റെ അവസാനം മലയാള സിനിമയെ വീണ്ടും ചർച്ചാ വിഷയമാക്കിയത്. ബേസില്‍ ജോസഫ് ഒരുക്കിയ മിന്നല്‍ മുരളി ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ടൊവിനോയ്ക്കൊപ്പം മിന്നലായ വില്ലനായെത്തിയ ഗുരു സോമസുന്ദരവും പ്രേക്ഷകപ്രീതി സ്വാന്തമാക്കി മുന്നേറുകയാണ്.
ഭീഷ്മപർവ്വം, ആറാട്ട്, ഒറ്റക്കൊമ്പൻ, കടുവ തുടങ്ങിയ ഒരുപിടി ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളുടെ റിലീസിനായി ഒരുങ്ങി നിൽക്കുകയാണ് പുതുവർഷം. 2022 നമുക്ക് കൂടുതൽ മികച്ച വിജയങ്ങൾ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.
രശ്മി അനിൽ
Post Your Comments