‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളിയെത്തിയത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസായിരുന്നു. മിസ്റ്റർ മുരളിയെന്നാണ് ഹിന്ദി പതിപ്പിൻറെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.
ഇപ്പോൾ ടൊവിനോ തോമസിനെയും മിന്നല്‍ മുരളി ചിത്രത്തെയും അഭിനന്ദിച്ച് രാജമൗലിയും, ജൂനിയർ എന്‍ടിആറും, രാം ചരണും. ആര്‍ആര്‍ആര്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു താരങ്ങൾ. ‘തെന്നിന്ത്യയിലെ എല്ലാവരുടെയും ആഗ്രഹമായിരുന്നു സ്വന്തമായൊരു സൂപ്പര്‍ ഹീറോ. ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ നമുക്കും സൂപ്പര്‍ ഹീറോ വന്നിരിക്കുകയാണ്’- സംവിധായകന്‍ എസ്.എസ് രാജമൗലി പറഞ്ഞു.
‘ടൊവി സര്‍’ എന്ന് സംബോധന ചെയ്താണ് രാം ചരണ്‍ ടൊവിനോയെ സ്വീകരിച്ചത്. ടൊവിനോ എന്നു പറയുമ്പോള്‍ കേള്‍ക്കുന്ന ആരവം തന്നെയാണ് നിങ്ങളുടെ അംഗീകാരമെന്നും രാം ചരണ്‍ പറഞ്ഞു.
‘സഹോദരനെ പോലെയാണ് ടൊവീനോ . അപാരമായ അഭിനയ വൈഭവമുള്ള താരമാണ്. മിന്നല്‍ മുരളിയുടെ വിജയത്തില്‍ എല്ലാ ഭാവുകങ്ങളും നേരുന്നു’- ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു. മിന്നല്‍ മുരളി നേരിട്ട് കാണാനായതിന്റെ സന്തോഷവും ഇവര്‍ പങ്കുവച്ചു. വേദിയില്‍ സംസാരിക്കാന്‍ കയറിയ ടൊവിനോയെ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ വരവേറ്റത്.
Post Your Comments