സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ഭംഗിയായി ചർച്ച ചെയ്യുന്ന, രാഷ്ട്രീയവും ഗംഭീര സംഭാഷണങ്ങളും കൊണ്ട് തിയ്യേറ്ററുകളെ ഇളക്കി മറിച്ച സിനിമകളിലൂടെ പ്രേക്ഷകമനസ്സിൽ ഇടം നേടിയ പ്രതിഭയാണ് രൺജി പണിക്കർ. തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംവിധായകൻ, , പത്രപ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലയിൽ തന്റേതായ സ്ഥാനമുറപ്പിച്ച രൺജി പണിക്കർ പകിട, ഓം ശാന്തി ഓശാന, മുന്നറിയിപ്പ്, കസിൻസ്, അയാൾ ഞാനല്ല, ലോഹം, പ്രേമം, പാവ, ഒപ്പം, ഗോദ, അലമാര തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. ഇനി വരാനിരിക്കുന്ന ‘കോളമ്പി’ എന്ന ചിത്രത്തിൽ വളരെ വ്യത്യസ്ഥമായ ഗെറ്റപ്പിലാണ് രൺജി പണിക്കർ എത്തുന്നത്. അതുകൊണ്ട് തന്നെയാണ് സിനിമാ പ്രേമികൾ ആകാംഷയോടെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നതും.
പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന കോളാമ്പിയിൽ രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, നിത്യാ മേനോൻ, രോഹിണി, മഞ്ജു പിള്ള, ബൈജു സന്തോഷ്, സിദ്ധാർത്ഥ് മേനോൻ, ജി സുരേഷ് കുമാർ, അരിസ്റ്റോ സുരേഷ്, സിജോയി വർഗ്ഗീസ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. കോളമ്പി സിനിമയിൽ അഭിനയിക്കാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ രൺജി പണിക്കർ.
രൺജി പണിക്കരുടെ വാക്കുകൾ :
‘കോളാമ്പി എന്ന പദം തന്നെ ശബ്ദത്തെ സൂചിപ്പിക്കുന്നതാണ്. കേരളത്തിന്റെ രാഷ്ട്രീയ കാലഘട്ടങ്ങളെ രൂപപ്പെടുത്തിയതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളവയാണ് കോളാമ്പികൾ. ചരിത്രത്താളുകളിൽ പോലും അവയ്ക്ക് കൃത്യമായ പങ്കുണ്ട്. സംസ്കാരത്തിന്റെ രൂപീകരണത്തിൽ, ജനകീയ കലാരൂപങ്ങളെ ജനങ്ങളിലേക്കെത്തിക്കുന്നതിൽ, സംഗീതത്തെ ജനങ്ങളിലേക്കെത്തിക്കുന്നതിലെല്ലാം കോളാമ്പികൾ വലിയ പങ്കുവഹിക്കുന്നുണ്ട്. അത്തരത്തിൽ സുപ്രധാനമായ കോളാമ്പി ഇന്ന് നിശബ്ദമാക്കപ്പെടുമ്പോൾ… നിശബ്ദമാകുന്ന മറ്റ് പലതുമുണ്ട്. അതിനെ ഉയർത്തിക്കാണിക്കുമ്പോൾ കോളാമ്പിക്ക് ഈ പുതിയ കാലത്തുണ്ടാകുന്ന പുതിയ മാനങ്ങളാണ്. അതൊക്കെ തന്നെയാണ് സിനിമയിലേക്ക് ആകർഷിച്ചതും.
വ്യത്യസ്ഥമായ മേക്കോവറിലാണ് സിനിമയിൽ എത്തുന്നത്. എന്റെ മേക്കോവർ കണ്ടിട്ട് റസൂൽ പൂക്കുട്ടിക്ക് പോലും മനസ്സിലായില്ല. ഒരുപാട് കഠിനാധ്വാനം ചെയ്ത് തന്നെയാണ് ഞങ്ങൾ ഇതിൽ അഭിനയിച്ചിട്ടുള്ളത്. ഏകദേശം രണ്ടും മൂന്നും മണിക്കൂറാണ് മേക്കപ്പിന് വേണ്ടി വന്നത്. ആ മേക്കപ്പുമായി ആറ് മണിക്കൂറോളം അഭിനയം തുടരും. കുട്ടികളില്ലാത്ത രണ്ട് വൃദ്ധദമ്പതികളെ അവതരിപ്പിക്കുമ്പോൾ… അവരുടെ കുസൃതിയും പാട്ടും ഇഴചേരുന്നൊരു ബന്ധം പ്രേക്ഷകർക്ക് മുമ്പിൽ എത്തും. ആ ബന്ധം റൊമാൻസ് എന്ന പദത്തേയും മറിക്കടക്കും’- രൺജി പണിക്കർ പറഞ്ഞു.
Post Your Comments