കൊച്ചി: സിനിമ – സീരിയല്‍ താരം ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വച്ച് ഏകദേശം അഞ്ചു മണിക്കൂർ ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ട് . പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് നടപടി. നേരത്തെ മോന്‍സന്റെ വീട്ടില്‍ നടന്ന പിറന്നാളാഘോഷത്തില്‍ ശ്രുതി പങ്കെടുത്തിരുന്നു. മോന്‍സന്റെ വീട്ടില്‍ നടന്ന ആഘോഷപരിപാടിയില്‍ ശ്രുതിലക്ഷ്മി നൃത്തം അവതരിപ്പിച്ചിരുന്നു. മോന്‍സനും ശ്രുതിലക്ഷ്മിയും തമ്മില്‍ അടുപ്പം പുലര്‍ത്തിയിരുന്നതായി ഇഡിക്ക് വ്യക്തമായിട്ടുണ്ട് എന്നാണ് വിവരം.
നേരത്തെയും തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി ശ്രുതി ലക്ഷ്മി രംഗത്തെത്തിയിരുന്നു. തനിക്ക് മോന്‍സനുമായി പ്രൊഫഷണല്‍ ബന്ധം മാത്രമേയുള്ളൂ എന്നാണ് വിവാദങ്ങള്‍ക്ക് പിന്നാലെ ശ്രുതി പ്രതികരിച്ചത്. എന്നാൽ മോന്സന് മാവുങ്കലുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന ആരോപണം നിഷേധിച്ച ശ്രുതി ലക്ഷ്മി ‘ഡോക്ടര്‍ എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെട്ടതെന്നും അയാള്‍ തട്ടിപ്പുകാരനാണെന്ന വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഞെട്ടി’യെന്നുമായിരുന്നു പറഞ്ഞത്.
‘മോന്‍സനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇഡി എന്നോട് ചോദിച്ചത്. കലാകാരി എന്ന നിലക്ക് പ്രോഗ്രാമിന് വിളിച്ചത് കൊണ്ടു മാത്രമാണ് മോന്‍സന്റെ വീട്ടില്‍ പോയത്. മോന്സന് മാവുങ്കല്‍ ഫ്രോഡാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവിടെ പോകില്ലായിരുന്നു. ഞാനും മോന്സന് മാവുങ്കലും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. പിറന്നാളിന് നൃത്തം അവതരിപ്പിച്ചതിന് ചെറിയ തുക മാത്രമാണ് കിട്ടിയത്. ഒരാളുടെ ജീവിതം തകര്‍ക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്’ – ചോദ്യം ചെയ്യലിന് ശേഷം ശ്രുതി പ്രതികരിച്ചു
പുരാവസ്തു വില്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സന്റെ തട്ടിപ്പ്. പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖ ചമച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്.
Post Your Comments