
ഒരു സിനിമാ പശ്ചാത്തലവും ഇല്ലാതെ സിനിമയിൽ എത്തി സ്വപ്രയത്നത്തിന്റെ ഫലമായി മലയാള സിനിമയുടെ മുൻനിരയിലേക്ക് എത്തിയ നടനാണ് ടൊവിനോ തോമസ്. തുടക്കത്തിൽ വളരെ ചെറിയ കഥാപാത്രങ്ങളെ അവതിപ്പിച്ചിരുന്ന ടോവിനോ ഇന്ന് ഏറ്റവും ഉയർന്ന താരമൂല്യമുള്ള നടനായി മാറികഴിഞ്ഞു. സഹനടനായും വില്ലനായും അഭിനയിച്ച് അവിടെ നിന്നാണ് നായകനിലേക്ക് ടൊവിനോ എത്തിയത്. അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഗ്രിസയിലിയിൽ ആണ് ടൊവിനോ ആദ്യം അഭിനയിച്ചത്.
ടൊവിനോയുടെ ഏറ്റവും പുതിയ റിലീസായ മിന്നൽ മുരളി മികച്ച പ്രതികരണവുമായി നെറ്റ്ഫ്ളിക്സിൽ സ്ട്രീമിങ് തുടരുകയാണ്. മലയാള സിനിമയുടെ മുൻനിര നായകനായി വളരുന്നതിന് മുമ്പ് നേരിട്ടിട്ടുള്ള അവഗണനകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ടൊവിനോ തോമസ്.
ടോവിനോയുടെ വാക്കുകൾ :
‘ചെറിയ വേഷങ്ങൾ ചെയ്ത് നടക്കുന്ന സമയമായിരുന്നു. മേക്കപ്പ് ചെയ്യുമ്പോഴാണ് ഞാൻ ഒരു നടനാണ് എന്ന തോന്നൽ വന്ന് കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ മേക്കപ്പ് ചെയ്യുന്നതും ഷൂട്ട് കഴിയുമ്പോൾ മേക്കപ്പ് തുടച്ച് മാറ്റുമ്പോഴുമെല്ലാം ഞാൻ ഒരു നടനാണ് എന്ന തോന്നൽ എന്നും വരാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാൻ ചെന്നപ്പോൾ മേക്കപ്പ് മാനോട് വെറ്റ് വൈപ്പ്സ് ചോദിച്ചു. അന്ന് ഞാൻ വലിയ നടനൊന്നുമല്ലായിരുന്നു. അതുകൊണ്ടായിരിക്കാം ചിലപ്പോൾ അയാൾക്ക് ഞാൻ വെറ്റ് വൈപ്പ്സ് ചോദിച്ചത് ഇഷ്ടപ്പെടാതിരുന്നത്. അയാൾ എന്നോട് മറുപടിയായി പറഞ്ഞത് പുറത്തെ പൈപ്പിൽ എങ്ങാനും പോയി കഴുകാനാണ്. അന്നത്തെ അനുഭവത്തിന് ശേഷം പിറ്റേന്ന് ഞാൻ അപ്പന്റെ കൈയ്യിൽ നിന്നും പൈസ വാങ്ങി സ്വന്തമായി ഒരു വെറ്റ് വൈപ്പ് പാക്കറ്റുമായിട്ടാണ് ലൊക്കേഷനിൽ പോയത്. എന്നിട്ട് അയാൾ കാണുന്ന തരത്തിൽ നിന്ന് വെറ്റ് വൈപ്പ് കൊണ്ട് മുഖം തുടച്ച് പ്രതികാരം വീട്ടി.
2021 ആയിട്ടും ഇപ്പോഴും പുരോഗമിക്കാത്ത ആളുകൾ ചുറ്റിലും ഉള്ള പോലെ തോന്നിയിട്ടുണ്ട്. പലപ്പോഴും അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിന്റെ പേരിൽ ടാർഗെറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. പിന്നെ, ഞാൻ കാരണമാണ് മഴയും പ്രളയും വരുന്നത് എന്നുള്ള തരത്തിലൊക്കെ കഥകൾ ആളുകൾ പടച്ചുവിടുന്നത് എന്തിനാണ് എന്ന് ഇനിക്ക് ഇതുവരേയും മനസിലായിട്ടില്ല. പ്രളയം വരുത്താനും മഴ വരുത്താനും കഴിവുണ്ടായിരുന്നെങ്കിൽ ഞാൻ ആദ്യം ഇത്തരം കഥകൾ പറഞ്ഞ് പരത്തുന്നവരെ മുക്കി കൊന്നേനെ. ഇത്തരം കഥകളിൽ സത്യമില്ലെങ്കിലും ചിലരെങ്കിലും സത്യമാണെന്ന് വിചാരിച്ചേക്കും. അതിൽ ഒരു ആപത്ത് ഞാൻ കാണുന്നുണ്ട്’- ടൊവിനോ തോമസ് പറഞ്ഞു.
Post Your Comments