ചലച്ചിത്രനടനും സംവിധായകനുമാണ് സൗബിന്‍ സാഹിര്‍. സഹ സംവിധായകനായി സിനിമയിലേക്ക് കടന്നു വന്ന സൗബിന്‍ ഫാസില്‍, സിദ്ധിഖ് എന്നിവരോടൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ക്രിസ്പ്പിന്‍ എന്ന കഥാപാത്രം സൗബിനെ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനാക്കി. ഇപ്പോഴിതാ തനിക്ക് സിനിമയില്‍ നിന്ന് ആദ്യമായി ലഭിച്ച വേതനത്തെ സംബന്ധിച്ചുണ്ടായ ഒരു രസകരമായ സംഭവം ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ് അദ്ദേഹം. സംവിധായകന്‍ ഫാസില്‍ തനിക്ക് നല്‍കിയ പ്രതിഫലം അതേ പോലെ വാപ്പയ്ക്ക് നല്‍കിയെന്നും പക്ഷേ അതില്‍ രസകരമായ മറ്റൊരു ട്വിസ്റ്റ് ഉണ്ടെന്നും സൗബിന്‍ പറയുന്നു.
സൗബിന്റെ വാക്കുകള്‍:
‘ക്രോണിക് ബാച്ചിലറിലാണ് എനിക്ക് ആദ്യമായി പ്രതിഫലം ലഭിക്കുന്നത്. ആ സിനിമയുടെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ എന്റെ വാപ്പയായിരുന്നു. ഞാന്‍ എഡിയായി ജോലി നോക്കിയ ചിത്രത്തില്‍ നിന്ന് എനിക്ക് അന്ന് ലഭിച്ചത് 2000 രൂപയാണ്. ക്രോണിക് ബാച്ചിലറിന്റെ നിര്‍മ്മാതാവായ സംവിധായകന്‍ ഫാസില്‍ സാറാണ് എനിക്ക് ആദ്യമായി പ്രതിഫലം നല്‍കിയത്.
‘ഇവന് പൈസ ഒന്നും കൊടുക്കേണ്ട’ എന്ന് വാപ്പ പറഞ്ഞെങ്കിലും, ഞാന്‍ ചെയ്ത ജോലിക്ക് ഫാസില്‍ സാര്‍ എനിക്ക് കൃത്യമായ വേതനം തന്നു. അത് ഞാന്‍ അത് പോലെ വാപ്പയുടെ കൈയില്‍ കൊടുത്തു. അത് കഴിഞ്ഞാണ് ട്വിസ്റ്റ്. 2000 രൂപ കൊടുത്തിട്ട്, വാപ്പയുടെ കൈയില്‍ നിന്ന് നാലായിരം രൂപ വാങ്ങി ഞാന്‍ ആ സിനിമ കഴിഞ്ഞപ്പോള്‍ ടൂര്‍ പോയി’.
Post Your Comments