മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ബേസില്‍ ജോസഫ് – ടൊവിനോ ചിത്രം മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നൽ മുരളി പ്രഖ്യാപിച്ച നാള് മുതല്‍ തന്നെ വലിയ ശ്രദ്ധ നേടിയ ചിത്രമാണ്. കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ചിത്രത്തിലെ അഭിനേതാക്കളും മികച്ച പ്രകടനം ആണ് നടത്തിയിരിക്കുന്നത്.
മിന്നല്‍ മുരളിയുടെ അച്ഛനായി അഭിനയിച്ചത് അന്തരിച്ച നടനും, അധ്യാപകനുമായ പി. ബാലചന്ദ്രനായിരുന്നു. ജെയ്സന്റെ അച്ഛന് വര്‍ക്കിച്ചനായി മികച്ച പ്രകടനം തന്നെയായിരുന്നു അദ്ദേഹം പുറത്തെടുത്തത്. എന്നാല്‍ തന്റെ കഥാപാത്രമായ വര്ക്കിച്ചന് ശബ്ദം നല്‍കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം മരണമടഞ്ഞു. സിനിമയില്‍ ബാലചന്ദ്രന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് നടന് ഹരീഷ് പേരടിയായിരുന്നു. ബാലചന്ദ്രന് അഭിനയത്തിനൊത്തുള്ള ഡബ്ബിംഗ് ചെയ്യാന്‍ ഹരീഷ് പേരടിക്കും സാധിച്ചു. ബാലചന്ദ്രന് അവസാനം അഭിനയിച്ച ചിത്രങ്ങളിലൊന്നാണ് മിന്നല്‍ മുരളി. ഇപ്പോഴിതാ അദ്ദേഹം ആ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് :
‘എന്റെ നാടക രാത്രികളില്‍ ബാലേട്ടനോട് ഇണങ്ങുകയും പിണങ്ങുകയും കെട്ടിപിടിച്ച് സ്നേഹം പങ്കുവെക്കുകയും ഒന്നിച്ച് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്..മിന്നല്‍ മുരളിയിലെ ബാലേട്ടന്റെ ശബ്ദമാവാന്‍ വേണ്ടി ബേസില്‍ എന്നെ വിളിച്ചപ്പോള്‍ അത് ഗുരുസ്ഥാനിയനായ ബാലേട്ടനുള്ള ഗുരുദക്ഷിണ കുടിയായി മാറി.’
ഹോളിവുഡ് സീരീസുകളെയും, മറ്റു സിനിമകളെയും മറികടന്നു കൊണ്ട് നെറ്റ്ഫ്ലിക്സ് ‘ഇന്ത്യ ടോപ്പ് 10’ ലിസ്റ്റില്‍ ഒന്നാമതാണ് ‘മിന്നല്‍ മുരളി’യുടെ സ്ഥാനം.
Post Your Comments