‘മഹേഷിന്റെ പ്രതികാര’ത്തിലൂടെ സാധാരണ സിനിമാറ്റിക് രീതിയിൽ നിന്ന് മാറി സംവിധാന രംഗത്ത് വ്യത്യസ്തത തീർത്ത സംവിധായകനാണ് ദിലീഷ് പോത്തൻ. സ്വാഭാവികമായ അഭിനയവും ദൃശ്യങ്ങളും, സംവിധാന മികവും ദിലീഷ് പോത്തൻ സിനിമകളുടെ പ്രത്യേകതയാണ്. സിനിമ സംവിധായകനായി മാത്രം സിനിമയിലേക്ക് എത്തിയ ദിലീഷ് പോത്തൻ അഭിനയ രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കള്ളന്റെ വേഷം അവതരിപ്പിക്കേണ്ടിയിരുന്നത് ഫഹദ് ഫാസിൽ അല്ലായിരുന്നുവെന്ന് പറയുകയാണ് ദിലീഷ് പോത്തൻ. സൗബിൻ ഷാഹിറിനെയായിരുന്നു ആ കഥാപാത്രമായി ആദ്യം ആലോചിച്ചതെന്ന് പറയുകയാണ് ‘ജിബൂട്ടി’ സിനിമയുമായി ബന്ധപ്പെട്ട് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ദിലീഷ് പോത്തൻ പറഞ്ഞു.
‘സൗബിനെ ഞാൻ ആദ്യം തൊണ്ടിമുതലിൽ ഫഹദിന്റെ ക്യാരക്ടറിന് വേണ്ടി ആലോചിച്ചിരുന്നു. ആ സമയത്താണ് ‘പറവ’ സിനിമയുടെ ഷൂട്ട് നടക്കുന്നത്. അതുകൊണ്ടാണ് സൗബിനെ ശരിക്കും മാറി ആലോചിക്കുന്നത്. സൗബിൻ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്’- ദിലീഷ് പോത്തൻ പറഞ്ഞു.
ഒപ്പം തന്റെ ഏറ്റവും പുതിയ ചിത്രം ജിബൂട്ടിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചും താരം തുറന്നു പറഞ്ഞു. ‘ലോക്ക്ഡൗൺ, കൊവിഡ് കാലത്തായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമയുടെ അണിയറ പ്രവർത്തകർ ആഫ്രിക്കയിൽ എത്തുമ്പോഴും കൊവിഡ് കൂടിയിരുന്നു. ഷൂട്ട് തുടങ്ങി കുറച്ചു ദിവസത്തിനുള്ളിൽ ലോക്ക് ഡൗൺ വന്നതോടെ അണിയറ പ്രവർത്തകർ പ്രതിസന്ധിയിലായി. അവിടെ എത്തുമ്പോൾ കൊവിഡ് ശക്തമായിരുന്നില്ല. കുറച്ച് ഭാഗങ്ങൾ ചിത്രീകരിച്ചു. അതിനു ശേഷമാണ് ലോക്ക് ഡൗൺ വന്നത്. പുറത്തിറങ്ങാൻ പറ്റിയില്ല. ഞങ്ങളെ തിരികെ നാട്ടിലെത്തിക്കാൻ നിർമ്മാതാവ് അടക്കം എല്ലാവരും ഒരുപാട് ശ്രമിച്ചിരുന്നു. അന്ന് കരുതിയത് ആഫ്രിക്കയിൽ തീരും ജീവിതം എന്നാണ്. ഷൂട്ടിന് ശേഷം ആഫ്രിക്ക കാണണമെന്ന ആഗ്രഹമൊക്കെ ഉണ്ടായിരുന്നു. പക്ഷെ ലോക്ക് ഡൗൺ മൂലം ഒന്നും നടന്നില്ല’ – ദിലീഷ് പോത്തൻ പറഞ്ഞു. ‘
ഇനി റിലീസിനെത്താനുള്ള ദിലീഷ് പോത്തന്റെ ‘ജിബൂട്ടി’യിൽ വിദേശ മലയാളിയുടെ വേഷമാണ് എത്തുന്നത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് 75 ശതമാനവും പൂർത്തിയാക്കിയത് ആഫ്രിക്കയിലെ ജിബൂട്ടിയിലായിരുന്നു. കേരളത്തിൽ നിന്ന് ആഫ്രിക്കയിലെ ജിബൂട്ടിയിലേക്ക് എത്തുന്ന യുവാക്കളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
Post Your Comments